23 December 2024, Monday
KSFE Galaxy Chits Banner 2

യുഎസ് കോണ്‍ഗ്രസിലേക്ക് യുദ്ധക്കുറ്റവാളിക്ക് ക്ഷണം

Janayugom Webdesk
June 4, 2024 5:00 am

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ നൽകിയ ക്ഷണം ഗാസയ്ക്കെതിരായ മനുഷ്യത്വരഹിതമായ യുദ്ധത്തെയും കൂട്ടക്കുരുതിയെയും ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതുമാണ്. യുഎസ് ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും പ്രമുഖരാണ്, അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് അറസ്റ്റിന് ഉത്തരവിട്ട നെതന്യാഹുവിന് ഔദ്യോഗിക ക്ഷണം നൽകിയിരിക്കുന്നത്. അവരിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഉൾപ്പെട്ടിട്ടുണ്ട്. യുഎസിലെയും യൂറോപ്പടക്കം ലോകത്തെമ്പാടുമുള്ള ജനാധിപത്യവാദികളെയും സമാധാനപ്രേമികളെയും അമ്പരപ്പിച്ച നടപടി വ്യാപകമായി അപലപിക്കപ്പെടുകയുമാണ്. സമീപദിവസങ്ങൾ വരെയും ഇസ്രയേലിനെ പിന്തുണച്ചുപോന്ന യൂറോപ്യൻ രാഷ്ട്രങ്ങൾ പോലും തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കാനും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും തയ്യാറാവുകയും ഗാസയിൽ കുട്ടികളും സ്ത്രീകളുമടക്കം സാധാരണ പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേലിന്റെ ക്രൂരതയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ യുഎസ് നടപടി വലിയ ആഗോള ജനകീയ പ്രതിഷേധത്തിന് കാരണമാകും. ജോ ബൈഡൻ ഭരണകൂടത്തിന്റെ ഒത്താശ കൂടാതെ പലസ്തീനികളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ നെതന്യാഹുവിനെ ഫലത്തിൽ ആദരിക്കുന്ന ഇത്തരമൊരു നടപടിക്ക് യുഎസ് ജനപ്രതിനിധികൾ മുതിരുമെന്ന് ആരും കരുതുന്നില്ല. ക്ഷണം സ്വീകരിക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുമായാൽ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ഏറ്റവും കൂടുതൽ തവണ അഭിസംബോധന ചെയ്യുന്ന ബഹുമതിയുടെ ഉടമയായി നെതന്യാഹു ചരിത്രത്തിൽ സ്ഥാനംപിടിക്കും. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റന്റ് ചർച്ചിലും നെതന്യാഹുവും മാത്രമേ നാളിതുവരെ യുഎസ് കോൺഗ്രസിനെ മൂന്നുതവണ വീതം അഭിസംബോധന ചെയ്തിട്ടുള്ളു. നാസി ജർമ്മനിക്കെതിരായ യുദ്ധത്തിൽ പിന്തുണ തേടിയാണ് ചർച്ചിൽ കോൺഗ്രസിനെ അഭിസംബോധന ചെയ്തതെങ്കിൽ ലോക മനഃസാക്ഷി ഗാസയിലെ കൊലയാളി എന്ന് മുദ്രകുത്തുന്ന ഒരാൾക്ക് മാനവരാശിക്കാകെ അ­പമാനകരമായ റെക്കോഡ് സ്ഥാപിക്കാനാണ് അവസരമൊരുക്കുന്നത്.

പലസ്തീൻ പ്രശ്നത്തിലും ഗാസയിലെ കൂട്ടക്കൊലയിലും അവലംബിക്കുന്ന ഇരട്ടത്താപ്പാണ് നെതന്യാഹുവിനുള്ള ക്ഷണത്തിലൂടെ യുഎസ് ഭരണകൂടം തുറന്നുകാട്ടുന്നത്. ഒരുവശത്ത് കിരാതയുദ്ധത്തിനും കൂട്ടക്കൊലയ്ക്കും ക്ഷാമസമാനമായ മനുഷ്യദുരന്തത്തിനും വിരാമമിടണമെന്ന് ആഹ്വാനം ചെയ്യുകയും മറുവശത്ത് സയണിസ്റ്റ് ഭരണകൂടത്തിന് നിർബാധം ആയുധവും പണവും നൽകുകയുമാണ് ബൈഡൻ ഭരണകൂടം ചെയ്തുവരുന്നത്. യുഎസ് രാഷ്ട്രീയത്തിലെയും സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലെയും പ്രമുഖർ നെതന്യാഹുവിന് നൽകപ്പെട്ട ക്ഷണത്തിനെതിരെ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. യുഎസ് രാഷ്ട്രീയത്തിലെ പുരോഗമനവാദികളുടെ ശ്രദ്ധേയശബ്ദവും സ്വയം ജൂതനുമായ മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ്, “നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അയാളെ ക്ഷണിക്കരുത്. ഞാൻ തീർച്ചയായും അതിൽ പങ്കെടുക്കില്ല” എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ഗാസയിലെ യുദ്ധത്തിന്റെ ആരംഭം മുതൽ അതിനെതിരെ യുഎസിൽ ഉടനീളം പ്രതിഷേധം സംഘടിപ്പിച്ചുവരുന്ന ‘സമാധാനത്തിനുവേണ്ടി ജൂതന്മാർ’ എന്ന സംഘടനയടക്കം പലസ്തീൻ ഐക്യദാർഢ്യ സംഘടനകൾ ഈ വരുന്ന വാരാന്ത്യത്തിൽ രാഷ്ട്രതലസ്ഥാനമായ വാഷിങ്ടനടക്കം നഗരങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. ഹമാസിനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാനെന്ന പേരിൽ യുഎസ് പിന്തുണയോടെ ഗാസയിലെ പലസ്തീൻ ജനതയ്ക്കുനേരെ ഇസ്രയേൽ നടത്തുന്ന യുദ്ധം സയണിസ്റ്റ് ഭരണകൂടത്തിന്റെ സ്വയം കൃതാനർത്ഥമാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയിലാണ് ഒരു യുദ്ധക്കുറ്റവാളിക്ക് യുഎസ് അതിന്റെ പരമോന്നത നിയമനിർമ്മാണ സഭയിലേക്ക് ചുവപ്പുപരവതാനി വിരിക്കുന്നത്. നെതന്യാഹുവും സയണിസ്റ്റ് ഭരണകൂടവുമാണ് പലസ്തീൻ രാഷ്ട്രത്തെയും പലസ്തീൻ വിമോചന സംഘടനയെയും തകർക്കാൻ ഹമാസിനെ താങ്ങിയുയർത്തിയതെന്നതിന് കൂടുതൽ തെളിവുകളാണ് ഇസ്രയേലിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആഗോള രാഷ്ട്രസമൂഹത്തിൽ അഭൂതപൂർവമായ ഒറ്റപ്പെടലിനെ നേരിടുന്ന നെതന്യാഹുവിനെ താങ്ങിനിർത്താനുള്ള ഏതുശ്രമവും വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎസ് സൈനിക വ്യാവസായിക സമുച്ചയത്തിന്റെ കൊള്ളലാഭ താല്പര്യങ്ങളുടെ സംരക്ഷണമാണ് ഭരണകൂടത്തിന്റെയും അവിടത്തെ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യം. പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ യുഎൻ മുന്നോട്ടുവയ്ക്കുന്ന ദ്വിരാഷ്ട്ര ലക്ഷ്യം കൈവരിക്കണമെന്ന ആശയത്തിന് ലോകവ്യാപകമായി പിന്തുണ വർധിക്കുന്നത് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് യാഥാസ്ഥിതിക യുഎസ് രാഷ്ട്രീയവൃത്തങ്ങൾ കരുതുന്നു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങളടക്കം കൂടുതൽക്കൂടുതൽ രാഷ്ട്രങ്ങൾ മുന്നോട്ടുവരുന്നതും ഗാസയിൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം വളർന്നുവരുന്നതും തടയുന്നതിനുള്ള അറ്റകൈ പ്രയോഗത്തിനാണ് യുഎസ് ഭരണകൂടവും യാഥാസ്ഥിതിക രാഷ്ട്രീയവും നെതന്യാഹുവിനുള്ള ക്ഷണമെന്ന കുതന്ത്രവുമായി രംഗത്തുവന്നിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.