28 September 2024, Saturday
KSFE Galaxy Chits Banner 2

ഒരു സർജിക്കൽ സ്ട്രെെക്കിന് സമയമായി

കെ രവീന്ദ്രൻ
June 4, 2024 4:26 am

മുമ്പെങ്ങുമില്ലാത്തവിധം വിധേയത്വം കാണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമഗ്രതയും സ്വാതന്ത്ര്യവും വീണ്ടെടുക്കാൻ അണ്ണാ ഹസാരെ മാതൃകയിലുള്ള ഒരു പ്രക്ഷോഭത്തിന് സമയമായിരിക്കുന്നു. കമ്മിഷന്റെ പ്രവർത്തനത്തിൽ ആരെയും ഇടപെടുത്താതിരിക്കാൻ അധികാരമുണ്ടെന്ന് തെളിയിച്ച ടി എൻ ശേഷനല്ല മുഖ്യ കമ്മിഷണർ രാജീവ് കുമാർ. തീർച്ചയായും, ശേഷൻ സ്വയം ഒരു നിയമമായിരുന്നു, കമ്മിഷന്റെ കാര്യങ്ങൾ സ്വന്തം നിലയ്ക്ക് നടത്തി. കാലക്രമേണ, വിശ്വാസ്യതയിലും സത്യസന്ധതയിലും സംശയത്തിനിട നല്‍കുന്ന വ്യക്തികൾ ഓഫിസ് കൈവശപ്പെടുത്തുന്നത് നാം കണ്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഇപ്പോഴത്തെ ക്രമീകരണം, അതിനെ പൂര്‍ണമായും രാഷ്ട്രീയാധികാരത്തിന്റെ കീഴിലാക്കിയിരിക്കുന്നു. ഇത് സ്ഥാപനത്തിന്റെ പ്രവർത്തനം എങ്ങനെയാക്കുമെന്നും നാം കണ്ടു. വരുംദിവസങ്ങളിൽ ഇത് കൂടുതൽ പ്രകടമാകാനും സാധ്യതയുണ്ട്. അതുകൊണ്ട് അണ്ണാ ഹസാരെ സമരകാലത്ത് ഉണ്ടായതുപോലെ ജനങ്ങള്‍ കൂട്ടായ ചെറുത്തുനില്പ് നടത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. 

നിലവിലെ അവസ്ഥയ്ക്ക് സമാനമായൊരു സാഹചര്യത്തിലാണ് മുൻ സൈനികനും സാമൂഹ്യ പ്രവർത്തകനുമായ അണ്ണാ ഹസാരെ നിയമലംഘനത്തിന്റെയും അക്രമരഹിത പ്രതിഷേധത്തിന്റെയും ഗാന്ധിയൻ രീതി ഉൾക്കൊണ്ട് ദേശീയ വേദിയിലേക്ക് ചുവടുവച്ചത്. അദ്ദേഹത്തിന്റെ ദൗത്യം വ്യക്തമായിരുന്നു- ജൻ ലോക്പാൽ ബില്ലിലൂടെ ശക്തമായ ഒരു അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ സ്ഥാപിക്കുക. ഹസാരെയുടെ ആഹ്വാനം, തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ വ്യാപകമായ അഴിമതിയില്‍ മടുത്ത ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കി. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തിയ നിരാഹാര സമരം വെറുമൊരു പ്രതിഷേധമായിരുന്നില്ല; അത് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ഒരു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. പ്രായം, ജാതി, മതം എന്നിവയുടെ വേർതിരിവുകളില്ലാതെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ ഹസാരെയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ ഒത്തുകൂടി. മാറ്റത്തിനായുള്ള പൊതുവായ ഇച്ഛയാല്‍ ഏകീകൃതമായ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഒരു സൂക്ഷ്മരൂപമായി പ്രതിഷേധ രംഗം മാറി.
ജനവികാരത്തിന്റെ കൊടുങ്കാറ്റിൽ അകപ്പെട്ട സർക്കാർ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതമായി. സമഗ്രമായ പരിഷ്കാരങ്ങളും അഴിമതിക്കെതിരെ കർശന നടപടികളും വാഗ്ദാനം ചെയ്യുന്ന ലോക്പാൽ ബില്ലിന്റെ പതിപ്പ് തയ്യാറാക്കിയ ഹസാരെയും സംഘവുമായി ചര്‍ച്ചചെയ്യാന്‍ അന്നത്തെ ഭരണകക്ഷി നിർബന്ധിതമായി. എന്നിട്ടും ആദർശങ്ങളെ നിയമമാക്കി മാറ്റുന്നതിന് രാഷ്ട്രീയ കുതന്ത്രങ്ങൾ സങ്കീർണതകളും വെല്ലുവിളികളും സൃഷ്ടിച്ചു. ആത്യന്തികമായി, ലോക്പാൽ ബിൽ പാസാക്കിയപ്പോൾ, അത് ഹസാരെ ഉയർത്തിയ പ്രതീക്ഷകള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതായില്ല. ആഴത്തിൽ വേരൂന്നിയ അഴിമതിയെ നേരിടാന്‍ കെല്പ് പോരാത്ത, വെള്ളം ചേര്‍ത്ത ഒത്തുതീർപ്പായി അന്തിമ പതിപ്പ് മാറി. ഭരണവിരുദ്ധ വികാരം ഉയർത്തി അധികാരത്തിലെത്തിയ ബിജെപിയാണ് അതിന്റെ മുഖ്യഗുണഭോക്താവായത് എന്നത് വിരോധാഭാസത്തിന്റെ പാരമ്യതയുമായി.

വിപരീത ഫലമാണുണ്ടായതെങ്കിലും ലോക്പാൽ പ്രസ്ഥാനം ഇന്ത്യയുടെ കൂട്ടായ ബോധത്തെക്കുറിച്ചുള്ള ഒരു മുദ്ര പതിപ്പിച്ചു. അത് അഴിമതിയെ ദേശീയ വ്യവഹാരത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നു. ഭരണത്തിലെ ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും സംവിധാനങ്ങളെക്കുറിച്ചുള്ള ആത്മപരിശോധനയ്ക്കും സംവാദത്തിനും പ്രേരിപ്പിച്ചു. കൂട്ടായ്മയുടെ ശക്തിയും നയവും പൊതുജനാഭിപ്രായവും സ്വാധീനിക്കാൻ താഴെത്തട്ടിൽ അണിനിരക്കാനുള്ള സാധ്യതയുടെ തെളിവായി ആ പ്രസ്ഥാനം പ്രവർത്തിച്ചു. സമാനമായ ഒരു പ്രവർത്തനത്തിനുള്ള സമയമാണിത്. ഇത്തവണ അഴിമതിയെക്കാൾ ഗുരുതരമാണ് വിഷയം. ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെയും ഭാവി തന്നെ ഭീഷണി നേരിടുന്നു. രാഷ്ട്രീയ പാർട്ടികൾ മാതൃകാ പെരുമാറ്റച്ചട്ടം പിന്തുടരുന്നതിന്റെ സുതാര്യതയും നിരീക്ഷണവും ശക്തമാക്കുകയും, മത്സരിക്കുന്ന പാർട്ടികൾക്ക് സമാന നീതി ഉറപ്പാക്കി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നിലനിർത്തുകയും ചെയ്യുന്നതില്‍ രാജീവ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമായും പരാജയമാണ്. ഫലപ്രദമായ നിയന്ത്രണത്തിന്റെ അഭാവം, ഭരണകക്ഷിയുടെ അനാവശ്യ സ്വാധീനം എന്നിവ ഭരണകൂടത്തിന്റെ ദുരുപയോഗത്തിനും മറ്റ് ദുരുപയോഗങ്ങൾക്കും ഇടയാക്കുന്നു. ഭരണകക്ഷിയോടുള്ള പക്ഷപാതം, രാഷ്ട്രീയ അച്ചടക്കം നടപ്പാക്കുന്നതിലെ പരാജയം, പാർട്ടിയുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കാനുള്ള വെെമുഖ്യം, ചട്ടലംഘനങ്ങൾ നിരീക്ഷിക്കുന്നതിലെ വിവേചനം, നേതാക്കളുടെ നിയമലംഘനങ്ങൾക്ക് കക്ഷികളെ ഉത്തരവാദികളാക്കൽ തുടങ്ങിയ പരാതികള്‍ കമ്മിഷനുനേരെ ഉയരുന്നത് സുതാര്യതയില്ലായ്മ തെളിയിക്കുന്നു.
അണ്ണാ ഹസാരെയുടെ പ്രസ്ഥാനം ഓര്‍മ്മയില്‍ ഉണർവ് നല്‍കുന്നുണ്ട്. നിലവിലെ ഇന്ത്യൻ സാഹചര്യം സമാനമായ ‌ആഹ്വാനത്തിന് പാകമായിരിക്കുന്നു. സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ആവശ്യപ്പെടുന്ന തരത്തിലേക്ക് കൂട്ടായ ശക്തിയെ എത്തിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ജനാധിപത്യം ഊർജസ്വലവും സുതാര്യവും പൗരന്മാരോട് ഉത്തരവാദിത്തമുള്ളതുമായി നിലനിൽക്കുമെന്ന് ഉറപ്പാക്കാൻ കഴിയൂ.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.