22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 11, 2024
July 18, 2024
June 5, 2024
June 4, 2024
April 18, 2023
April 18, 2023
August 13, 2022
August 13, 2022
June 21, 2022

മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് അടിപതറി ; അധികാരഗര്‍വിനുള്ള തിരിച്ചടി

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2024 3:25 pm

മഹാരാഷ്ട്രയില്‍ ബിജെപിയുടെ അടിപതറുന്നു. ആകെയുള്ള 48 സീറ്റില്‍ 29 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായ ട്രെന്‍ഡാണ്. എന്‍ഡിഎ സഖ്യം 18 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ള ഇന്‍ഡ്യാ മുന്നേറ്റം ദേശീയ തലത്തിലെ മൊത്തം ട്രെന്‍ഡില്‍ നിര്‍ണ്ണായകമാവും. ഇന്‍ഡ്യ മുന്നണിയിലെ മൂന്ന് പ്രധാന കക്ഷികള്‍ സഖ്യത്തില്‍ മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് സഖ്യകക്ഷികളെ എന്‍ഡിഎ സഖ്യത്തില്‍ അണിനിരത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്‍ഡിഎയില്‍ ബിജെപി 28 സീറ്റിലാണ് മത്സരിച്ചത്. ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം 15, എന്‍സിപി അജിത് പവാര്‍ വിഭാഗം 4, രാഷ്ട്രീയ സമാജ് പക്ഷ 1 എന്നിങ്ങനെയാണ് എന്‍ഡിഎ കക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനം.

യുപിഎ സഖ്യത്തില്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 21 സീറ്റില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് 17, എന്‍സിപി ശരദ്പവാര്‍ വിഭാഗം 10 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിലുള്ള 2019–2024 നും ഇടയിലുള്ള കാലഘട്ടം മഹാരാഷ്ട്രീയങ്ങള്‍ക്കായിരുന്നു മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. അതില്‍ നിര്‍ണ്ണായകമായിരുന്നു ശിവസേനയുടെയും എന്‍സിപിയുടെയും പിളര്‍പ്പ്. താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിളര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് താക്കറെ സര്‍ക്കാരിനെ താഴെയിറക്കി. പിന്നാലെ ശരദ് പവാറിനും എന്‍സിപിക്കും കനത്ത തിരിച്ചടിയായി അജിത് പവാറും ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഈ മാറ്റങ്ങളൊന്നും താഴെക്കിടയിലുള്ള പ്രവര്‍ത്തകരുടെ വോട്ടിനെ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയില്ലെന്ന് മാത്രമല്ല. ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാനായെന്നും വിലയിരുത്താം.

അവിഭക്ത ശിവസേന ബിജെപിക്കൊപ്പം എന്‍ഡിഎ മുന്നണിയായും അവിഭക്ത എന്‍സിപി കോണ്‍ഗ്രസിനൊപ്പം യുപിഎ മുന്നണിയായുമായിട്ടായിരുന്നു 2019ല്‍ മത്സരിച്ചത്. ബിജെപി 25 സീറ്റില്‍ മത്സരിച്ചപ്പോള്‍ അവിഭക്ത ശിവസേന 23 സീറ്റിലായിരുന്നു മത്സരിച്ചത്. 23 സീറ്റുകളില്‍ വിജയിച്ച ബിജെപി 27.84 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. അവിഭക്ത ശിവസേനയ്ക്ക് ലഭിച്ചത് 18 സീറ്റുകളും 23.5 ശതമാനം വോട്ടുമായിരുന്നു.

19 സീറ്റില്‍ മത്സരിച്ച അവിഭക്ത എന്‍സിപി 4 സീറ്റുകളിലാണ് വിജയിച്ചത്. 15.66 ശതമാനം വോട്ടുകളാണ് എന്‍സിപി നേടിയത്. 25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്് ഒരു സീറ്റില്‍ മാത്രമാണ്. കോണ്‍ഗ്രസിന് 16.41 ശതമാനം വോട്ടാണ് നേടാനായത്. 47 സീറ്റില്‍ മത്സരിച്ച പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് വികാസ് ആഘാഡിക്ക് സീറ്റുകളൊന്നും നേടാനായില്ലെങ്കിലും 6.92 ശതമാനം വോട്ട് നേടാന്‍ സാധിച്ചിരുന്നു.2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അവിഭക്ത ശിവസേന സഖ്യത്തിനായിരുന്നു മഹാരാഷ്ട്രയില്‍ മേല്‍ക്കൈ. കോണ്‍ഗ്രസ് അവിഭക്ത എന്‍സിപി സഖ്യത്തിന് വലിയ തിരിച്ചടിയായിരുന്നു 2019ല്‍ നേരിട്ടത്. 24 സീറ്റില്‍ മത്സരിച്ച ബിജെപി 23 സീറ്റിലും വിജയം നേടിയിരുന്നു. 27.6 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. 20 സീറ്റില്‍ മത്സരിച്ച ശിവസേന 18 സീറ്റില്‍ വിജയിക്കുകയും 20.8 ശതമാനം വോട്ടുകള്‍ നേടാനും സാധിച്ചിരുന്നു. 21 സീറ്റില്‍ മത്സരിച്ച അവിഭക്ത എന്‍സിപി 4 സീറ്റില്‍ വിജയിക്കുകയും 16.1 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. 26 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത് 2 സീറ്റുകളില്‍ മാത്രമാണ്. കോണ്‍ഗ്രസ് 18.3 ശതമാനം വോട്ടുകളാണ് നേടിയത്. 

Eng­lish Summary:
BJP defeat­ed in Maha­rash­tra; A back­lash to the authorities

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.