27 June 2024, Thursday
KSFE Galaxy Chits

Related news

June 24, 2024
June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 19, 2024
June 19, 2024
June 19, 2024
June 18, 2024
June 16, 2024

എൽഡിഎഫ്‌ തിരിച്ചുവരും: തോല്‍വി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

* തൃശൂരിലെ ബിജെപിയുടെ ജയം ഗൗരവമുള്ളത്
* യുഡിഎഫും എൽഡിഎഫും പരിശോധിക്കണം
സ്വന്തം ലേഖിക
തിരുവനന്തപുരം
June 11, 2024 10:07 pm

എൽഡിഎഫിനേറ്റ പരാജയം ആത്യന്തികമാണെന്ന്‌ കാണരുതെന്നും ഇനിയും ജനങ്ങളോടൊപ്പം നിന്ന്‌ അവരുടെ പിന്തുണയോടെ എൽഡിഎഫ്‌ തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പൊതുഭരണ ധനാഭ്യർത്ഥന ചർച്ചകൾക്കുള്ള മറുപടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ ബിജെപിയുടെ വിജയം എല്ലാവരും ഗൗരവത്തോടെ പരിശോധിക്കണം. തിരുവനന്തപുരത്ത്‌ ശശി തരൂരിന്റെ വിജയവും തൃശൂരിൽ സുരേഷ്‌ ഗോപിയുടെ വിജയവും യുഡിഎഫ്‌ ഒരുപോലെ കാണരുത്‌. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേചനം യുഡിഎഫിന്‌ ഇനിയെങ്കിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച സ്ഥാനാർത്ഥിയെ നിർത്തിയതിനാൽ എൽഡിഎഫ്‌ വിജയിക്കും എന്നുതന്നെയായിരുന്നു കണക്കാക്കിയത്‌. പരാജയത്തെക്കുറിച്ച്‌ പരിശോധിക്കേണ്ട കാര്യങ്ങൾ തങ്ങള്‍ പരിശോധിക്കും. യുഡിഎഫിന്‌ അനുകൂലമായ ഒഴുക്കിലും തൃശൂരിലെ 86,000ലധികം വോട്ട്‌ ബിജെപിയിലേക്ക്‌ ചോര്‍ന്നതുകൊണ്ടാണ്‌ സുരേഷ്‌ ഗോപി വിജയിച്ചത്‌. പരസ്പരമുള്ള തർക്കങ്ങൾക്കിടയിലും ബിജെപി അക്കൗണ്ട്‌ തുറന്നതെങ്ങനെയെന്ന്‌ യുഡിഎഫും എൽഡിഎഫും പരിശോധിക്കണം. 

2019ലെ തെരഞ്ഞെടുപ്പിനേക്കാൾ 10 ശതമാനത്തോളം വോട്ടാണ്‌ യുഡിഎഫിന്‌ അവിടെ നഷ്ടപ്പെട്ടിരിക്കുന്നത്‌. എൽഡിഎഫിന്‌ 16,196 വോട്ട്‌ വർധിക്കുകയും ചെയ്‌തു. 4,15,000 വോട്ടിൽനിന്ന്‌ 3,28,000 വോട്ടിലേക്ക്‌ യുഡിഎഫ്‌ താഴ്‌ന്നു. ഏഴ് മണ്ഡലങ്ങളിലും യുഡിഎഫിന്‌ 2019ലെ വോട്ട്‌ നിലനിർത്താനായില്ല. 2019ൽ മണലൂരിൽ 63,420 വോട്ടാണ്‌ ലഭിച്ചത്‌. ഇത്തവണ 50,897 ആയി കുറഞ്ഞു. ഒല്ലൂരിൽ 63,000ത്തിൽ നിന്ന്‌ 47,000 ആയും നാട്ടികയിൽ 52,000ത്തിൽനിന്ന്‌ 38,000 ആയും ഇരിങ്ങാലക്കുടയിൽ 57,000 വോട്ട് 6,000 ആയും പുതുക്കാട് 56,000ൽ നിന്ന്‌ 42,000 ആയും താഴ്‌ന്നു.
എങ്ങനെയാണ്‌ ഇത്രയും പിന്നിൽ പോകാനും ആ വോട്ടുകൾ മാറിപ്പോകാനും കാരണമായതെന്ന് ഗൗരവമായി കാണണം. യുഡിഎഫിനൊപ്പംനിന്നിരുന്ന ചില ശക്തികളുടെ മേധാവികളെ കൂടെ നിർത്താൻ ബിജെപിക്ക്‌ സാധിച്ചു. അതിന്റെ ഭാഗമായുള്ള മാറ്റങ്ങളും ഉണ്ടായി. ആസൂത്രിതമായ നീക്കം നേരത്തേ നടന്നു. ഇത്തരം വസ്‌തുതകൾ ഉൾക്കൊള്ളാൻ തയ്യാറാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ മത്ത്‌ മുസ്ലിം ലീഗിനെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ലീഗ്‌ അംഗങ്ങളുടെ നിയമസഭയിലെ ഭാഷയും പ്രയോഗങ്ങളും അതിനുദാഹരണമാണ്‌. എൻ ഷംസുദീൻ എൽഡിഎഫ്‌ അംഗങ്ങളെ പട്ടികളായി ചിത്രീകരിക്കുന്ന പദപ്രയോഗം നടത്തി. പിന്നീട്‌ അത്‌ പിൻവലിച്ചെങ്കിലും പറഞ്ഞത്‌ മനസിലുള്ള വികാരമാണ്‌. നാണവും ഉളുപ്പും ഉണ്ടോ എന്നാണ്‌ പി കെ ബഷീർ ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൂടുതല്‍ നിയമനം നടത്തുന്നത് കേരളം

പബ്ലിക് സർവീസ് കമ്മിഷൻ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ അതിദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുഭരണ ധനാഭ്യര്‍ത്ഥന ബില്ലിലെ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 64,006 കുടുംബങ്ങളിൽപ്പെട്ട 1,03,099 വ്യക്തികൾ അതിദാരിദ്ര്യമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 30,923 കുടുംബങ്ങളെ അതില്‍ നിന്നും മോചിപ്പിച്ചു. അടുത്തവർഷം നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പുവരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2,62,131 വീടുകൾ നിർമ്മിച്ചു. ഈ സർക്കാർ 1,41,680 വീടുകൾ പൂർത്തീകരിച്ചു. 1,02,780 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുവരുന്നു. ഭൂരഹിത‑ഭവന രഹിതരുടെ പുനരധിവാസത്തിനായി നിർമ്മിച്ചു നൽകുന്ന പദ്ധതിയും ഫ്ലാറ്റുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്‌. തീരദേശവാസികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 2246 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തിയാക്കി. 390 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ച് കൈമാറി. 752 കുടുംബങ്ങൾക്കുള്ള വീടുകളുടെയും 1112 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകളുടെയും നിർമ്മാണം പുരോഗമിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Eng­lish Summary:LDF will come back: Chief Min­is­ter will check the defeat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.