ബക്രീദ് പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിലെ ദിവസങ്ങൾ നീളുന്ന അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് വരാനിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാനനിരക്കുകളിൽ വൻ വർധന. ഇന്ത്യൻ വിമാനക്കമ്പനികൾ തോന്നുംപടി യാത്രാക്കൂലി കൂട്ടിയതോടെ വിദേശ വിമാനങ്ങളിലും കൊല്ലുന്ന നിരക്കായി. രണ്ടാഴ്ച മുമ്പ് വരെ മസ്ക്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് 15,000 രൂപയ്ക്ക് കിട്ടിയിരുന്ന വൺവേ ടിക്കറ്റിന്റെ നിരക്ക് 35,000 മുതൽ ഒന്നര ലക്ഷം വരെയാണ് ഉയർന്നിരിക്കുന്നത്. അതിനു തന്നെ പരിമിതമായ സീറ്റ് സൗകര്യം മാത്രം. യാത്ര കണക്ഷൻ വിമാനങ്ങളിലാക്കാം എന്ന് കരുതിയാൽ അവിടെയും ആശ്വാസത്തിന് വകയില്ല. ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുക്കുന്നതിന് പുറമെ 10–15 മണിക്കൂർ യാത്രയും വേണം കേരളത്തിലെത്താൻ.
ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ വിമാനങ്ങളിൽ വൺവേ ടിക്കറ്റിന് 50, 000 രൂപയ്ക്ക് മുകളിലാണ് നിരക്ക്.എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് എയർവെയ്സ് എന്നിവ 60, 000 ത്തിനും 70, 000 ത്തിനും ഇടയ്ക്ക് യാത്രക്കൂലി ഈടാക്കുന്നുണ്ട്. ചില വിദേശ വിമാനക്കമ്പനികൾ കിട്ടുന്ന അവസരം മുതലാക്കാൻ വൺവേക്ക് ഒന്നര ലക്ഷം രൂപ വരെയാണ് പിടിച്ചു പറിക്കുന്നത്. മത്സരം കുറഞ്ഞ കണ്ണൂർ പോലുള്ള റൂട്ടുകളിൽപ്പോലും രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനെക്കാർ പല മടങ്ങായാണ് നിരക്ക് ഉയർന്നിട്ടുള്ളത്.
ഈസ്റ്റർ, വിഷു, റംസാൻ വിശേഷാവസരങ്ങൾ മുതൽ ഉയരാൻ തുടങ്ങിയ യാത്രക്കൂലിയാണ് ഇപ്പോൾ പിടിച്ചാൽ കിട്ടാത്തപോലെ കുതിക്കുന്നത്. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതോടെ ദോഹയിലേക്കുള്ള ഇൻഡിഗോയുടെ സർവീസ് ഒഴികെ മറ്റെല്ലാ രാജ്യാന്തര റൂട്ടുകളിലേക്കും എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തുന്നത്. മത്സരിക്കാൻ പ്രതിയോഗിയില്ലാതായതോടെ നിരക്കും കൂടി. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുള്ള പൂർണാവകാശം വിമാനക്കമ്പനികൾക്ക് മാത്രമായത് സൗകര്യവുമായി.
16 മുതൽ 20 വരെയാണ് ഈദുൽ അദ്ഹ അവധി. വാരാന്ത്യമടക്കം ഇന്നലെ മുതൽ 22 ശനിയാഴ്ച വരെ ഒമ്പത് ദിവസത്തേക്ക് അവധി നീളും. ഈ ദിവസങ്ങൾ കുടുംബത്തോടൊപ്പം നാട്ടിൽ കഴിച്ചു കൂട്ടാനാഗ്രഹിച്ച പ്രവാസികളിൽ ചിലരെങ്കിലും, അതിനുള്ള മാർഗമടഞ്ഞതോടെ ഗൾഫ് നാടുകളിലെ അയൽ ദ്വീപുകളിലേക്ക് അവധി ചെലവിടാനുള്ള യാത്രയ്ക്കൊരുങ്ങുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.