23 December 2024, Monday
KSFE Galaxy Chits Banner 2

മോഡി മാപ്പുപറയണം അശ്വിനി വൈഷ്ണവ് രാജിവയ്ക്കണം

Janayugom Webdesk
June 19, 2024 5:00 am

പശ്ചിമബംഗാളിലെ ജാൽപായ്ഗുരി ജില്ലയിലെ രംഗാപാനി റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച ഉണ്ടായ ട്രെയിൻ അപകടത്തിൽ രണ്ട് റെയിൽവേ ജീവനക്കാരടക്കം മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. നാല്പതിലേറെപ്പേർക്ക് പരിക്കേറ്റു. പലരും ആശുപത്രികളിൽ ചികിത്സയിലാണ്. അസമിലെ സിൽച്ചാറിൽനിന്നും കൊൽക്കത്തയിലെ സിയാൽദയിലേക്കുള്ള കാഞ്ചൻജംഗ എക്സ്പ്രസ് യാത്രാ ട്രെയിനിന് പിന്നിൽ ഗുഡസ് ട്രെയിൻ ഇടിച്ചുകയറി, യാത്രാ ട്രെയിനിന്റെ പിന്നിലെ മൂന്ന് ബോഗികൾ പാളംതെറ്റിയാണ് അപകടം സംഭവിച്ചത്. അപകടത്തെപ്പറ്റിയുള്ള റെയിൽവേ ബോർഡ് ചെയർമാൻ ജയവർമ്മ സിൻഹയുടെ ആദ്യപ്രതികരണം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് പിന്നീട് തെളിഞ്ഞു. ‘അപകടകാരണം പ്രഥമദൃഷ്ട്യാ മാനുഷിക പിഴ’ എന്നായിരുന്നു പ്രതികരണം. റെയില്‍വേയ്ക്കുണ്ടായ ഗുരുതരമായ വീഴ്ചയും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും ജീവനക്കാരുടെമേൽ അടിച്ചേല്പിക്കപ്പെടുന്ന അമിത ജോലിഭാരവും മറച്ചുപിടിക്കാനുള്ള അധികൃതരുടെ പതിവ് ശ്രമമാണ് ആ പ്രതികരണം തുറന്നുകാണിക്കുന്നത്. യാത്രാ ട്രെയിനിന് പിന്നിൽ ഇടിച്ചുകയറിയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് അമിത ജോലിഭാരത്താൽ ക്ഷീണിതനായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടം നടന്നതിന് മുമ്പുള്ള നാല് രാത്രികളിൽ ഡ്യൂട്ടിയെടുക്കേണ്ടി വന്ന പൈലറ്റിനെ അഞ്ചാം രാത്രിയിലും വിശ്രമിക്കുന്നതിന് അനുവദിക്കാതെ ഡ്യൂട്ടിക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ ഭാരവാഹി ശിവ് ഗോപാൽ മിശ്രയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടം സംഭവിച്ച റാണിപത്ര‑ചാറ്റർ ഹട്ട് സെക്ഷനിൽ തിങ്കളാഴ്ച കാലത്ത് 5.50 മുതൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്ന് ദേശീയ ന്യൂസ് ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് തടസങ്ങളോ ട്രെയിനുകളോ ഇല്ലാത്ത സാഹചര്യത്തിൽ അപകട സൂചന നൽകുന്ന ചുവപ്പ് വിളക്കുകൾ മറികടന്നുപോകാൻ അനുവദിക്കുന്ന ടി എ 917 എന്ന രേഖാമൂലമുള്ള അനുമതി ഗുഡ്സ് ട്രെയിൻ ഡ്രൈവർക്ക് റാണിപത്ര സ്റ്റേഷൻമാസ്റ്റർ നൽകിയിരുന്നതായും സ്ഥിരീകരണമുണ്ട്. അങ്ങനെയെങ്കിൽ അപകടം മനുഷ്യനിർമ്മിതമാണെന്നും അതിന്റെ ഉത്തരവാദിത്തം ഉന്നത റെയിൽവേ അധികൃതർക്കാണെന്നതിലും സംശയമില്ല. 

ലോകത്തിൽ ഏറ്റവുമധികം ട്രെയിൻ അപകടങ്ങളും മരണവും നടക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യ. 2021ൽ രാജ്യത്ത് 17,993 ട്രെയിൻ അപകടങ്ങളിലായി 16,431പേർ മരിച്ചതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. അവയെല്ലാം മേല്പറഞ്ഞതരത്തിലുള്ള അപകടങ്ങൾ അല്ലെങ്കിൽപ്പോലും അപകടങ്ങളും ജീവനാശവും കുറയ്ക്കാൻ യാതൊരു നടപടികളും റെയില്‍വേയുടെയോ അതിന്റെ സമ്പൂർണ നിയന്ത്രണം കയ്യാളുന്ന കേന്ദ്രസർക്കാരിന്റെയോ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള സദൃശമായി മോടിപിടിപ്പിക്കുന്നതിനെപ്പറ്റിയും സ്റ്റേഷനുകളിൽ കോടികളുടെ ചെലവിൽ സെൽഫിപോയിന്റുകൾ സ്ഥാപിക്കുന്ന കോമാളിത്തത്തിലും അഭിരമിക്കുന്നവർ പൗരന്മാരുടെ ജീവന് പുല്ലുവില കല്പിക്കാത്തതിൽ അത്ഭുതപ്പെടേണ്ടതില്ല. ഏതാണ്ട് 69,000 കിലോമീറ്റർ ദൈർഘ്യമുള്ള, ലോകത്തെതന്നെ ബൃഹത്തായ റെയിൽ ശൃംഖലയാണ് ഇന്ത്യയുടേത്. കാലാനുസൃതമായി സിഗ്നൽ സംവിധാനം നവീകരിക്കാനോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കവച് ’ വേഗനിയന്ത്രണ സംവിധാനം സാർവത്രികമായി നടപ്പാക്കാനോ റെയിൽവേയും കേന്ദ്രസർക്കാരും ആത്മാർത്ഥമായ യാതൊരു ശ്രമവും നടത്തുന്നില്ല. മുന്നൂറോളം യാത്രക്കാരുടെ ജീവനെടുത്ത ബാലസോർ റെയിൽ ദുരന്തത്തെത്തുടർന്ന് അവ സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യാതൊന്നും സംഭവിച്ചില്ല. കവച് സംവിധാനം ഇപ്പോഴും കേവലം 1,500 കിലോമീറ്ററിൽ ഒതുങ്ങുന്നു. ദിനംപ്രതി ഇന്ത്യൻ റെയിൽവേ ഉപയോഗപ്പെടുത്തുന്ന ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവനെക്കാൾ റെയിൽവേ ആസ്തികൾ സ്വകാര്യ കോർപറേറ്റുകൾക്ക് വിറ്റ് പണമാക്കുന്നതിലാണ് മോഡി സർക്കാരിന്റെ കഴുകൻ കണ്ണുകൾ. റെയിൽ അപകടങ്ങൾക്ക് മറ്റൊരു പ്രധാന കാരണമാകുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒഴിവുകൾ നികത്താത്തതിന്റെ കാരണവും മറ്റൊന്നല്ല. ഇന്ത്യൻ റെയിൽവേ സ്വന്തമാക്കാൻ അവസരം പാർത്തിരിക്കുന്ന കോർപറേറ്റ് മുതലാളിമാർ സ്ഥിരം തൊഴിലാളികളുടെയും ജീവനക്കാരുടെയും ബാധ്യതകൂടി ഏറ്റെടുക്കാൻ തയ്യാറല്ല. അവർക്കാവശ്യം തുച്ഛമായ കൂലിക്ക് അടിമപ്പണിക്ക് തയ്യാറുള്ള കരാർ തൊഴിലാളികളെയും ജീവനക്കാരെയുമാണ്. സ്ഥിരനിയമനത്തിന്റെ ബാധ്യതകൾ ഏറ്റെടുക്കുന്നതിനെക്കാൾ അപകടങ്ങളിൽ മരിക്കുന്നവർക്കും പരിക്കേറ്റ് ചത്ത് ജീവിക്കുന്നവർക്കും നൽകുന്ന സഹായധനമെന്ന നക്കാപ്പിച്ചയാണ് ലാഭകരമെന്ന് കണക്കുകൂട്ടുന്നവരാണ് റെയില്‍വേയുടെയും രാജ്യത്തിന്റെയും ഭരണാധികാരം കയ്യാളുന്നത്. 

സ്വയംഭരണാധികാരത്തോടെ വേറിട്ട ബജറ്റുമായി പ്രവർത്തിച്ചിരുന്ന റെയിൽവേയെ കേന്ദ്രസർക്കാരിന്റെ മറ്റൊരു വകുപ്പാക്കി മാറ്റിയ പ്രധാനമന്ത്രി മോഡിക്കാണ് ഇപ്പോഴത്തെ അപകടമടക്കം റെയിൽവെയുടെ ഇന്നത്തെ ശോച്യാവസ്ഥയുടെ സമ്പൂർണ ഉത്തരവാദിത്തം. അപകടസ്ഥലങ്ങൾ സന്ദർശിച്ച് വീഡിയോ റീലുകൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രിയെന്നതിനു പകരം ‘റീൽ മന്ത്രി’ എന്നാണ് മാധ്യമ ലോകത്ത് അറിയപ്പെടുന്നതെന്ന് പറഞ്ഞാൽ റെയിൽവേ വകുപ്പിന്റെ ഇന്നത്തെ അവസ്ഥ ആർക്കും ബോധ്യമാകും. തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ ദൈവ നിയോഗത്തെപ്പറ്റി വീമ്പിളക്കിയിരുന്ന മോഡി അതിന്റെ ഫലം പുറത്തുവന്നതോടെ കേവലം സാധാരണ മനുഷ്യൻ മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. അനവധി മനുഷ്യരുടെ ജീവനാശത്തിനും പരിക്കേറ്റവരുടെ ദുരിതജീവിതത്തിനും ഉത്തരവാദിയായ മോഡി അതിന്റെപേരിൽ രാജ്യത്തോട് മാപ്പുപറയാൻ തയ്യാറാവണം. അശ്വനി വൈഷ്ണവ് ഇപ്പോഴത്തേതടക്കം റെയിൽ ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തന്റെ മന്ത്രിസ്ഥാനം സ്വയം രാജിവച്ചൊഴിയാൻ സന്നദ്ധമായില്ലെങ്കിൽ അയാളെ തൽസ്ഥാനത്തുനിന്നും പുറത്താക്കാൻ പ്രധാനമന്ത്രി സന്നദ്ധമാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.