23 December 2024, Monday
KSFE Galaxy Chits Banner 2

നിർമ്മിതബുദ്ധിക്കാലത്തെ വായനാദിനം

മഹേഷ് മാണിക്കം
June 19, 2024 4:22 am

കേരളത്തെ വായിക്കുവാൻ പഠിപ്പിക്കുകയും ചിന്തിച്ച് വിവേകം നേടാൻ ആഹ്വാനം ചെയ്യുകയും ചെയ്ത പി എൻ പണിക്കരുടെ ഓർമ്മദിനം അദ്ദേഹത്തിന്റെ കർമ്മമണ്ഡലവുമായി ചേർത്തുവച്ച് ആചരിക്കുവാൻ തുടങ്ങിട്ട് 29 വർഷമാകുന്നു. ജൂൺ 19 വായനാദിനം കേരളത്തിന്റെ ഭൂപടം വിട്ട് ദേശീയ വായനാദിനമായിരിക്കുന്നു. ഈ വായനാദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, അറിവിന്റെ വിതരണവും വ്യാപനവും വേഗതയാർജിക്കുകയും നിർമ്മിതബുദ്ധി പോലുള്ളവ മനുഷ്യജീവിതവുമായി ചേർത്തുവയ്ക്കപ്പെടുകയും ചെയ്യുന്നു എന്നത്.
തന്റെ പതിനേഴാമത്തെ വയസിൽ സനാതനധർമ്മം (1926) എന്ന പേരിൽ വായനാശാല രൂപീകരിച്ചുകൊണ്ടാണ് പി എൻ പണിക്കർ ഗ്രന്ഥശാല പ്രവർത്തനത്തിലേക്ക് വരുന്നത്. 1945 സെപ്റ്റംബർ 14ന് അമ്പലപ്പുഴയിൽ തിരുവിതാംകൂറിലെ ഗ്രന്ഥശാലകളെ വിളിച്ചുചേർത്ത് അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചു. കേരളത്തിലെ ആദ്യ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനം 1949ൽ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘമായും കേരളപ്പിറവിയെ തുടർന്ന് കേരള ഗ്രന്ഥശാലാ സംഘമായും മാറി. ഇതാണ് കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായി പി എൻ പണിക്കരെ മാറ്റിയത്. 1989 ഫെബ്രുവരിയിൽ നിയമസഭ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് പാസാക്കിയതിലൂടെയാണ് ഇന്ന് കാണുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വരുന്നത്. പതിനായിരത്തോടടുക്കുന്ന അംഗ ഗ്രന്ഥശാലകളുള്ള ലൈബ്രറി കൗൺസിൽ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനം കൂടിയാണ്.
‘ആ’ വായനയിൽത്തുടങ്ങി ‘ഇ’ വായനയിലേക്ക് നിരന്തരം വായനാരീതി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നിർമ്മിതബുദ്ധിയുടെ കടന്നുവരവ്. വിവരസാങ്കേതിക വിദ്യയുടെ വിതരണം ജനകീയമാകുന്ന കാലഘട്ടത്തിൽ നിർമ്മിതബുദ്ധിയുടെ കടന്നുവരവ് വായനയെയും വരുതിയിലാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിർമ്മിതബുദ്ധിയിലൂടെ പടർന്നുപന്തലിക്കാവുന്ന അതിനൂതന ആശയങ്ങളാവും വരുംനാളുകളിൽ നമ്മെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ സമസ്ത മേഖലകളിലും നിർമ്മിതബുദ്ധിയെ പ്രയോജനപ്പെടുത്തുവാനുള്ള പരിശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിൽ വായനയിലും ഗ്രന്ഥശാലകളിലും ഇത് ഏതുതരത്തിലാവും കടന്നുവരുന്നതെന്ന വിഷയം ചിന്തയ്ക്കുമപ്പുറമാണ്.
ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെ വിജയത്തിലേക്കു നീങ്ങുവാനുള്ള പ്രവൃത്തികളാണ് നിർമ്മിതബുദ്ധിയുടെ അടിസ്ഥാനം. ചുരുക്കിപ്പറഞ്ഞാൽ വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള പഠനങ്ങളും രൂപകല്പനയുമാണിത്. ഒരു അക്കാദമിക് ഡിസിപ്ലിനായി സൃഷ്ടിക്കപ്പെട്ട നിർമ്മിതബുദ്ധി 2015ഓടുകൂടിയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ‘ഗോ’ എന്ന അതിസങ്കീർണമായ ബോർഡ് ഗെയിമിൽ ചൈനയിലെ ലോക ഒന്നാം നമ്പർ താരത്തെ ഗൂഗിളിന്റെ ആൽഫാഗോ കമ്പ്യൂട്ടർ പ്രോഗ്രാം പരാജയപ്പെടുത്തിയതോടുകൂടിയാണ് നിർമ്മിതബുദ്ധിയുടെ ജാതകം തെളിയുന്നത്. ഇപ്പോൾ ആശുപത്രിയിലും ഹോട്ടലുകളിലുമൊക്കെ നിർമ്മിതബുദ്ധിക്കാരായ യന്ത്രമനുഷ്യരെ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.
നിർമ്മിതബുദ്ധിക്കാലത്തെ എങ്ങനെ നേരിടും എന്ന ചിന്തയിലാണ് വായനയും ഗ്രന്ഥശാലയും സാഹിത്യ സാംസ്കാരിക മേഖലയുമെല്ലാം. വായനയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനുപകരമായ രീതിയിൽ നാം മാറുക എന്നതാണ് ഉചിതമായി തോന്നുന്നത്. ഭാഷയുടെ കണ്ടുപിടിത്തവും അവയുടെ ഉപയോഗവും വിതരണവുമാണ് മനുഷ്യന്റെ വികാസപരിണാമകാലഘട്ടത്തിന്റെ വളർച്ചയുടെ ഒരളവുകോൽ. അതുകൊണ്ടുതന്നെ നിർമ്മിതബുദ്ധിയുടെ പാഠ്യപദ്ധതിയിൽ വിവിധ ഭാഷകൾ കൂടി ചേർക്കേണ്ടിവരും. ഇത്തരത്തിൽ ഭാഷകൾ ക്രമീകരിക്കുന്നതോടുകൂടി വായിക്കുവാനും വായനയെ വിശകലനം ചെയ്യുവാനും അതിനാവും എന്നതിൽ തർക്കമില്ല. എങ്കിലും ഇക്കാലത്തെ മനുഷ്യവായന എങ്ങനെയൊക്കെ ആവും എന്ന ആശങ്ക കാർമേഘം കണക്കെ നമുക്ക് മുകളിലുണ്ടുതാനും. എന്നാൽ മേഘം പെയ്തൊഴിയുന്നതുപോലെ ഈ ആശങ്കയും പെയ്തൊഴിയുക തന്നെ ചെയ്യും എന്നാണ് വിശ്വാസം. 

വായന ലഘൂകരിച്ചു തുടങ്ങിയ കാലഘട്ടം കൂടിയാണല്ലോ ഇത്. നമ്മുടെ പ്രമുഖ വാരികകളിൽ വായനയുടെ മെനക്കേട് മാറ്റാനായി, എഴുത്തുകാരൻ സ്വന്തം ശബ്ദത്തിൽ വായനക്കാരനിലേക്കെത്താൻ ക്യൂ ആർ കോഡ് പോലുള്ള സാങ്കേതികത പ്രയോജനപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇവിടെയാണ് നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നു നാം ചിന്തിക്കേണ്ടത്. ലോകത്തെ എല്ലാ ഭാഷകളും പഠിക്കുവാനും വായിക്കുവാനും കഴിയുകയെന്നത് മനുഷ്യന് ഒരിക്കലും സാധ്യമല്ല. ലോകഭാഷകളൊക്കെ നിർമ്മിതബുദ്ധിയിലേക്ക് കൊണ്ടുവരികയാണെങ്കിൽ അതാതുഭാഷകളിലെ മികച്ച രചനകൾ ആർക്കും ഉപയോഗപ്പെടുത്തുവാൻ പാകത്തിലാക്കിയെടുക്കാം. ഉദാഹരണമായി ഏതെങ്കിലും വിദേശഭാഷകളിൽ രചിക്കപ്പെട്ട ഒരു കൃതി സ്വന്തം ഭാഷയിലൂടെ കേൾപ്പിക്കുവാൻ നിർമ്മിതബുദ്ധിയെ ഉപയോഗപ്പെടുത്താമെങ്കിൽ വായനയുടെ സ്വഭാവം തന്നെ മാറിയേക്കാം. ഇവിടെ വായനക്കാരൻ കേൾവിക്കാരനായി മാറുന്നു എന്നു മാത്രം. വായന കേൾവിയിലേക്ക് മാറുമ്പോഴും വായന മരിക്കുന്നില്ല. നിലവിലെ പുറന്തോടു പൊട്ടിച്ച് മറ്റൊരു രൂപമായി മാറുന്നുവെന്നതാണ് നിർമ്മിതബുദ്ധിക്കാലത്തെ വായന.
അങ്ങനെയൊരു കാലത്ത് ലൈബ്രറികൾ ഏതുതരത്തിലാകും എന്ന ചിന്ത വളരെ വലുതാണ്. ലൈബ്രറി സയൻസിലെ പഞ്ചനിയമങ്ങൾ നിരന്തരം മനസിൽ ജപിക്കുന്നവരാണല്ലോ ലൈബ്രേറിയൻമാർ. പഞ്ചനിയമത്തിലെ രണ്ടും മൂന്നും നാലും നിയമങ്ങളാണ് വായനക്കാരനെയും ലൈബ്രറിയെയും അടുപ്പിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ പുസ്തകം എന്ന രണ്ടാം നിയമവും ഓരോ പുസ്തകത്തിനും അതിന്റെ വായനക്കാരൻ എന്ന മൂന്നാം നിയമവും വായനക്കാരന്റെ സമയം ലാഭിക്കുക എന്ന നാലാം നിയമവും ഇന്നു നാം എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ഥലപരിമിതിയോ മറ്റു സാഹചര്യങ്ങളോ കാരണം ഓരോ പുസ്തകത്തിനും അതിന്റെ വായനക്കാരനെയോ ഓരോ വായനക്കാരനും അവന്റെ പുസ്തകത്തെയോ കൃത്യമായും കൃത്യസമയത്ത് കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് സത്യം. പുസ്തകങ്ങൾ ലൈബ്രറിയിൽ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുവാനും അവ കണ്ടെത്തി വായനക്കാരനു നല്‍കുവാനും നമുക്കെന്തുകൊണ്ട് സോഫിയ പോലുള്ള ഹ്യൂമനോയ്ഡ് റോബോട്ടുകളെ ഉപയോഗപ്പെടുത്തിക്കൂടാ. ഗ്രാമീണ ലൈബ്രറികളടക്കം ഡിജിറ്റൽ ലൈബ്രറികളായി മാറുന്നകാലം അതിവിദൂരമല്ല. കാര്യക്ഷമമായ പുസ്തക വിതരണത്തിനും മറ്റും നിർമ്മിതബുദ്ധി അവസരമൊരുക്കും.
മനുഷ്യനെ സംബന്ധിച്ചിടത്തോളം തൊഴിൽ മേഖല കുറഞ്ഞുവന്നേക്കാം. ഇത്തരം ഗ്രന്ഥശാലകളിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ എണ്ണം കുറയുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഹ്യൂമനോയ്ഡ് റോബോട്ടുകൾക്കും ഓരോ നിയന്താ‌ക്കള്‍ വേണം എന്നത് പുതിയ തൊഴിൽഘടനയ്ക്ക് വഴിതുറന്നേക്കാം. എന്തുതന്നെയായാലും മുകളിൽ സൂചിപ്പിച്ച പഞ്ചനിയമങ്ങളിൽ രണ്ടും മൂന്നും നാലും കാര്യക്ഷമമാക്കുകയും ഒന്നാം നിയമമായ പുസ്തകങ്ങൾ വായിക്കാനുള്ളതാണെന്നത് പരിഷ്കരിച്ച് പുസ്തകങ്ങൾ കേൾക്കാനുള്ളതാണ് എന്നുകൂടി ചേർക്കുകയും വേണ്ടിവരും. നിർമ്മിതബുദ്ധിക്കാലത്ത് ഗ്രന്ഥശാലയിലേക്ക് കടന്നുവരുന്നവര്‍ക്ക് വായിക്കുവാൻ മാത്രമല്ല കേൾക്കാനും കൂടി ലൈബ്രറികൾ സജ്ജമാക്കേണ്ടതുണ്ട്. വിവരസാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതായിരിക്കും ഇനിയുള്ളകാലത്തെ വായനാദിനങ്ങള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.