23 December 2024, Monday
KSFE Galaxy Chits Banner 2

അരനൂറ്റാണ്ടിന്റെ നിറവിൽ സപ്ലൈകോ

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
June 25, 2024 4:21 am

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുള്ള സപ്ലൈകോ അതിന്റെ രൂപീകരണത്തിന്റെ 50-ാം വർഷം പൂർത്തീകരിക്കുകയാണ്. 1974 മുതൽ പിന്നിട്ട അഞ്ച് പതിറ്റാണ്ടുകളിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ ഒരു വിപണി ഇടപെടൽ സംവിധാനം സപ്ലൈകോ ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് നല്‍കി. ലോകപ്രശസ്തമായ കേരള മോഡൽ സൃഷ്ടിക്കുന്നതിൽ ഈ മഹാസ്ഥാപനവും അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് അഭിമാനപൂർവം ഈ 50-ാം വാർഷികത്തിൽ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.
വിപണിയുടെ നിർദയമായ ചൂഷണത്തിൽ നിന്നും പാവപ്പെട്ട മനുഷ്യരെ രക്ഷിക്കാൻ മഹാനായ ഇ ചന്ദ്രശേഖരൻ നായർ ഭക്ഷ്യ വകുപ്പുമന്ത്രിയായിരുന്ന ഘട്ടത്തിൽ ആരംഭിച്ച മാവേലിസ്റ്റോറുകളാണ് സപ്ലൈകോയുടെ ശാക്തീകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തിയത്. നഗരങ്ങൾ മുതൽ ഗ്രാമഗ്രാമാന്തരങ്ങൾ വരെ നീണ്ടുകിടക്കുന്ന വിപണനശൃംഖല ഇന്ന് ഈ സ്ഥാപനത്തിന്റെ കരുത്തായിത്തീർന്നിരിക്കുന്നു. മാവേലിസ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, എൽപിജി ഔട്ട്‌ലെ‌റ്റുകൾ, പെട്രോൾ ബങ്കുകൾ, മെഡിക്കൽ സ്റ്റോറുകൾ അടക്കം 1,628 ഔട്ട്‌ലെറ്റുകളാണ് ഈ സ്ഥാപനത്തിനുള്ളത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ജനകീയ‑വിപണന ശൃംഖല നിലവിലില്ല. വിപണി ഇടപെടലിൽ മാത്രം ഒതുങ്ങുന്നതല്ല സപ്ലൈകോയുടെ പ്രവർത്തനം. സംസ്ഥാനത്തെ റേഷൻ വിതരണം, നെല്ല് സംഭരണം, സ്കൂൾക്കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, പ്രളയവും മഹാമാരിയും പോലുള്ള ദുരന്തഘട്ടങ്ങളിൽ എല്ലാവിഭാഗം ജനങ്ങൾക്കും ഭക്ഷ്യഭദ്രത ഉറപ്പുവരുത്തൽ എന്നിങ്ങനെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ സ്ഥാപനത്തിന് മാത്രം ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയുന്നതാണ്. കേരളം നേരിട്ട ദുരന്തഘട്ടങ്ങളിൽ 12 കോടി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഒരാളും പട്ടിണി കിടക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അക്ഷരംപ്രതി യാഥാർത്ഥ്യമാക്കാൻ കൈത്താങ്ങായത് ഈ സ്ഥാപനമാണ്. 

2016ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ നയതീരുമാനപ്രകാരം എട്ട് വർഷക്കാലം 13 അവശ്യവസ്തുക്കൾ വിലവർധനയില്ലാതെ കേരളത്തിലെ ജനങ്ങൾക്ക് സപ്ലൈകോ വിതരണം ചെയ്തു. ശാസ്ത്രീയവും യുക്തിസഹവുമായി പരിഷ്കരിച്ചുകൊണ്ട് അത് ഇന്നും തുടരുന്നു. ലാഭേച്ഛ ഇല്ലാത്ത ഈ ജനസേവനം വലിയ സാമ്പത്തിക ബാധ്യത സപ്ലൈകോയ്ക്ക് വരുത്തിവച്ചിട്ടുണ്ട്. അതിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഘട്ടത്തിലാണ് 50-ാം വാർഷികം ആചരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർത്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടുവരുന്നത്. ഇത് സംസ്ഥാന സർക്കാരിനെ ചെറുതല്ലാത്ത സാമ്പത്തിക ഞെരുക്കത്തിൽപ്പെടുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഈ ഞെരുക്കം സർക്കാരിന്റെ എല്ലാ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. തീർച്ചയായും സപ്ലൈകോയെയും ഇത് ബാധിച്ചു. ഈ അവസരം മുതലെടുത്തുകൊണ്ട് കേരളത്തിന്റെ റീട്ടെയിൽ വിപണനമേഖലയിൽ പിടിമുറുക്കാനും ഈ ജനകീയ വിപണനസംവിധാനത്തെ തകർക്കാനും പല ശക്തികളും ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ബോധപൂർവമോ അല്ലാതെയോ ഇത്തരം ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നവരായി നാം മാറിക്കൂടാ. സപ്ലൈകോയ്ക്ക് ഇത്തരം ആക്രമണങ്ങൾ പുതുമയല്ല. മാവേലിസ്റ്റോറുകൾ ആരംഭിച്ച കാലത്ത് അവയ്ക്ക് ബദലായി വാമനസ്റ്റോറുകൾ ആരംഭിച്ച ചരിത്രം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. എന്നാൽ ഇതുകൊണ്ടൊന്നും പിന്തിരിഞ്ഞോടാനല്ല മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ദൃഷ്ടാന്തമാണ് 11 പുതിയ പദ്ധതികളും അഞ്ച് പുതിയ വില്പന ഓഫറുകളും വിവിധ ജില്ലകളിലായി വിഷയാധിഷ്ഠിത സെമിനാറുകളും എല്ലാം ഉൾപ്പെടെ ഈ വാര്‍ഷികം സംഘടിപ്പിക്കുന്നത്. ഇത് ആർഭാടമല്ല. 50 ആണ്ടുകൾ പൂർത്തിയാക്കുന്ന ഒരു മഹാസ്ഥാപനത്തിന്റെ പ്രസക്തിയും സാധ്യതകളും കൂടുതൽ ഉറപ്പിക്കാനുള്ള അർത്ഥപൂർണമായ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 50-ാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 25 ന് രാവിലെ 11.30ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ നിർവഹിക്കും. 50 വർഷം പ്രമാണിച്ച് സപ്ലൈകോ നടപ്പാക്കുന്ന 50 /50 പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉല്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉല്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് 50/ 50 പദ്ധതി. 

50 ദിവസത്തേക്ക് നോൺ സബ്സിഡി സാധനങ്ങൾക്ക് നിലവിൽ ലഭിക്കുന്നതിനെക്കാൾ 10 ശതമാനം അധിക വിലക്കുറവ് നൽകുന്ന സപ്ലൈകോ ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിൽ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു മണി വരെയായിരിക്കും ഈ വിലക്കുറവ്. ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കുന്ന കോർപറേറ്റ് വീഡിയോയുടെ റിലീസും ചടങ്ങിൽ നടക്കും. എല്ലാ ജില്ലകളിലും ഒരു സൂപ്പർമാർക്കറ്റ് വീതം ആധുനിക രീതിയിൽ നവീകരിച്ച് ആരംഭിക്കുന്ന സിഗ്നേച്ചർ മാർട്ട് പദ്ധതിയുടെ ഉദ്ഘാടനവും, ഫുഡ് ഫോർ തോട്ട് എന്ന സെമിനാർ പരമ്പരയുടെ ഉദ്ഘാടനവും നടക്കും. ഓരോ ജില്ലയിലും ഓരോന്ന് വീതം വിവിധ വിഷയങ്ങളിൽ 12 ജില്ലകളിൽ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന സെമിനാർ പരമ്പരയാണ് ഫുഡ് ഫോർ തോട്ട്. 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോയുടെ പ്രവർത്തനങ്ങൾ ഊര്‍ജിതപ്പെടുത്തുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ശബരി ബ്രാൻഡിൽ കൂടുതൽ ഉല്പന്നങ്ങൾ ഇറക്കുന്നത് ഉൾപ്പെടെയുള്ള 11 പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിലുള്ള വിഷമഘട്ടത്തെ അതിജീവിക്കുകയും കേരളീയർക്ക് കൈത്താങ്ങായി ഭാവിയിലും മുന്നോട്ട് പോകുകയും ചെയ്യുമെന്നുള്ള ഉറച്ച പ്രഖ്യാപനം കൂടിയാകും വാർഷികാഘോഷത്തിന്റെ സമാരംഭം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.