26 December 2025, Friday

Related news

December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 26, 2025
November 13, 2025

പരീക്ഷാ ക്രമക്കേടും മണിപ്പൂര്‍ കലാപവും: സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിരോധം

റെജി കുര്യന്‍
June 27, 2024 11:00 pm

നീറ്റ് പരീക്ഷാ ക്രമക്കേടും മണിപ്പൂര്‍ കലാപവും ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ച് പ്രതിപക്ഷം. സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭരണലക്ഷ്യങ്ങളും നേട്ടങ്ങളും പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്.

നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം കക്ഷി രാഷ്ട്രീയത്തിനപ്പുറം പരിഹാരം കാണണമെന്ന് രാഷ്ട്രപതി പരാമര്‍ശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധത്തിന്റെ ശബ്ദം ഉയര്‍ത്തി. അഗ്നിപഥ് എന്ന ഹ്രസ്വ സൈനിക സേവന വിഷയത്തിലും സമാനമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. മണിപ്പൂരിലെ ഇനിയും അവസാനിക്കാത്ത കലാപവും പ്രതിപക്ഷ പ്രതിരോധമായി ഉയര്‍ന്നു.

രാഷ്ട്രപതി ഹിന്ദിയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖര്‍ ഇംഗ്ലീഷില്‍ വായിച്ചു. ഇതിനു ശേഷമാണ് സംയുക്ത സമ്മേളനം അവസാനിച്ചത്. അല്പസമയത്തിനു ശേഷം രാജ്യസഭയും ലോക്‌സഭയും സമ്മേളിച്ചു. സഭയുടെ മേശപ്പുറത്ത് വയ്ക്കാനുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്യസഭയില്‍ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം എഎപി അംഗം സഞ്ജയ് സിങ്ങിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി രാജ്യസഭാ ചെയര്‍മാന്‍ അറിയിച്ചു. സഭാ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

സുപ്രധാന രാഷ്ട്രീയ‑സാമൂഹ്യ വിഷയങ്ങളെ പരാമർശിക്കാത്ത രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകമാണെന്ന് സിപിഐ നേതാവ് പി സന്തോഷ് കുമാർ പറഞ്ഞു. മണിപ്പൂരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ഇരകളായ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും നേരിടുന്ന അന്യവൽക്കരണവും ഒഴിവാക്കലും ഉൾപ്പെടെ പ്രശ്നങ്ങളും പ്രസംഗത്തിൽ പരാമർശിച്ചില്ല. അഗ്നിപഥ് പദ്ധതിയെ വാഴ്ത്തുന്ന രാഷ്ട്രപതി അത് സൃഷ്ടിച്ച ആശങ്കകൾ മനസിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നത് ഖേദകരമാണെന്നും അദ്ദേഹം നൽകിയ ഭേദഗതി കുറിപ്പിൽ പറഞ്ഞു.

ചെങ്കോല്‍ വീണ്ടും പുകയുന്നു; പാര്‍ലമെന്റില്‍ നിന്ന് മാറ്റണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സ്ഥാപിതമായത് മുതല്‍ വിവാദത്തിന്റെ തോഴനായ ചെങ്കോല്‍ വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ ദിവസം ലോക് സഭയിലാണ് ചെങ്കോല്‍ സംബന്ധിച്ച വാദപ്രതിവാദം അരങ്ങേറിയത്. സമാജ് വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരി ചെങ്കോല്‍ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു.

അദ്ദേഹം സ്പീക്കര്‍ക്ക് കത്തും നല്‍കി. ചെങ്കോലിന് പകരം ഭരണഘടനയുടെ പതിപ്പ് സ്ഥാപിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ അടയാളം ഭരണഘടനയാണ്. ചെങ്കോല്‍ എന്നാല്‍ രാജ ദണ്ഡ് എന്നാണ് വിവക്ഷിക്കുന്നത്. രാജവാഴ്ചയ്ക്കും ബ്രിട്ടീഷ് ഭരണത്തിനുംശേഷം രാജ്യം സ്വാതന്ത്ര്യം നേടിയത് പരിഗണിച്ച് ഇത്തരം രാജകീയ ചിഹ്നങ്ങള്‍ പാര്‍ലമെന്റില്‍ വയ്ക്കുന്നത് ഉചിതമല്ലെന്നും ചൗധരി കത്തില്‍ പറഞ്ഞു. ചെങ്കോല്‍ പാര്‍ലമെന്റ് മ്യൂസിയത്തില്‍ സ്ഥാപിക്കണമെന്ന് ആര്‍ജെഡി എംപി മിസാ ഭാരതിയും ആവശ്യപ്പെട്ടു.

എന്നാല്‍ ചൗധരിയുടെയും മിസയുടെയും ആവശ്യം നിരാകരിച്ച് ബിജെപി എംപിമാര്‍ രംഗത്ത് വന്നു. ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചത് രാജ്യത്തിന്റെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണെന്ന് എന്‍ഡിഎ എംപിമാര്‍ പറഞ്ഞു. തമിഴരുടെ അഭിമാനത്തിന്റെ ചിഹ്നമാണ് ചെങ്കോല്‍ എന്ന് കേന്ദ്ര സഹമന്ത്രി എല്‍ മുരുകന്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് സമുച്ചയത്തില്‍ 2023 മേയ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോല്‍ സ്ഥാപിച്ചത്. അഞ്ചടി നീളമുള്ള സ്വര്‍ണം പൂശിയ ഇത് സ്പീക്കറുടെ കസേരയ്ക്ക് തൊട്ടുപുറകിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.