സോളാർ വൈദ്യുതിക്ക് ജനറേഷൻ നികുതി 1.2 പൈസയിൽ നിന്ന് യൂണിറ്റിന് 15 പൈസയാക്കിയ നടപടി പിൻവലിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിലാണ് നികുതികൂട്ടാൻ തീരുമാനിച്ചിരുന്നത്.
ബജറ്റിൽ നിര്‍ദേശിച്ച വൈദ്യുതി തീരുവ, കോർട്ട് ഫീസുകൾ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ വര്‍ധിപ്പിക്കാനും മോട്ടോർ നികുതി കുറയ്ക്കാനും ജിഎസ‌്ടിക്ക് മുമ്പുള്ള നികുതി കുടിശികയ്ക്ക് ആംനസ്റ്റി നൽകാനും ലക്ഷ്യമിട്ടുള്ള നാല് നിയമഭേദഗതി ഉൾപ്പെടുത്തിയുള്ള ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ബിൽ പിന്നീട് മൂന്ന് സബ്ജക്ട് കമ്മിറ്റികളുൾപ്പെട്ട സംയുക്ത കമ്മിറ്റിക്ക് വിട്ടു.
കോടതി ഫീസുകൾ കൂട്ടുമ്പോൾ കുടുംബകോടതിയിലെ ചെലവുകളെ അതിൽ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവും സർക്കാർ പരിഗണിക്കും. ഈ രണ്ടുതീരുമാനങ്ങളും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം തിരിച്ച് നിയമസഭയിൽ പരിഗണിക്കുമ്പോൾ ഉൾപ്പെടുത്തും.
1963ൽ നിശ്ചയിച്ച വൈദ്യുതി തീരുവ ആറ് പൈസയിൽ നിന്ന് യൂണിറ്റിന് 10 പൈസയാക്കി കൂട്ടാനും, മോട്ടോർവാഹനങ്ങൾ നികുതി കുറവുള്ള നാഗാലാൻഡ് പോലുള്ളയിടങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ സംസ്ഥാനത്തിനുള്ള നഷ്ടം നികത്താൻ ലക്ഷ്യമിട്ട് നികുതി കുറയ്ക്കാനും, 1984മുതൽ നിലവിലുള്ള കോടതി ചെലവുകൾ കൂട്ടാനും ലക്ഷ്യമിട്ടാണ് ധനബിൽ കൊണ്ടുവന്നത്.
ജിഎസ‌്ടി നടപ്പാക്കുന്നതിന് മുമ്പുള്ള നികുതി കുടിശികകളിൽ കുടിശികക്കാർ മരിച്ചതും സ്ഥാപനങ്ങൾ പൂട്ടിപ്പോയതുമായ വിഷയങ്ങളുണ്ട്. അതെല്ലാം പരിഗണിച്ച് 50,000 രൂപവരെ കുടിശികയുള്ള 22,667 പേരുടെ നികുതി കുടിശിക എഴുതിത്തള്ളും. 50,000 മുതൽ ഒരുലക്ഷം വരെ കുടിശികയുള്ള 21,436 പേർക്ക് 30ശതമാനം അടച്ചാൽ ബാക്കി എഴുതിത്തള്ളും. 10ലക്ഷം രൂപവരെ കുടിശികയുള്ളവരില്‍ കേസിന് പോകാത്തവർ 50ശതമാനം, പോയവർ 40ശതമാനം, അതിന് മുകളിൽ കുടിശികയുള്ളവരിൽ കേസിന് പോയവർ 70ശതമാനം, മറ്റുള്ളവർ 80ശതമാനം തുക അടച്ചാൽ ബാധ്യത ഒഴിവാക്കും. കേസിന് പോയവർ ഒരുവിഹിതം കെട്ടിവച്ചിട്ടാണ് കേസിന് പോയതെന്നത് പരിഗണിച്ചാണ് 10ശതമാനം അധികം കിഴിവ് നൽകുന്നത്.
ആംനസ്റ്റി മൂലം വാറ്റ് കുടിശിക 2019–20വർഷം 164കോടിയും 2020–21ൽ 270കോടിയും 2021–22ൽ 137കോടിയും 2022–23ൽ 69.9കോടിയും പിരിച്ചെടുക്കാനായെന്നും മന്ത്രി വിശദീകരിച്ചു.
English Summary: Generation tax on solar power: Finance Minister will withdraw the measure
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.