24 November 2024, Sunday
KSFE Galaxy Chits Banner 2

എഴുത്തിന്റെ സുൽത്താന്‍ ഓർമയായിട്ട് നാളേക്ക് മുപ്പതാണ്ട്

കെ കെ ജയേഷ്
കോഴിക്കോട്
July 4, 2024 6:26 pm

പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ നർമം കലർന്ന ലളിതമായ ഭാഷയിൽ വരച്ചിട്ട് മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് നാളേക്ക് 30 വർഷം. അദ്ഭുതപ്പെടുത്തുന്ന എഴുത്തും കഥാപാത്രങ്ങളുമായിരുന്നു ബഷീറിന്റേത്. ആടയാഭരണങ്ങളില്ലാത്ത എഴുത്തും ചുറ്റിലും കാണുന്ന കഥാപാത്രങ്ങളും ആ രചനാ ലോകത്തെ വിസ്മയകരമാക്കി. ലൈംഗികത്തൊഴിലാളിയും ജയിൽപ്പുള്ളിയും പോക്കറ്റടിക്കാരനും മുച്ചീട്ടുകളിക്കാരനും ഭിക്ഷക്കാരനും സ്വവർഗാനുരാഗികളും ആടും കോഴിയും പൂച്ചയുമെല്ലാം ആ കൂട്ടത്തിലുണ്ട്. താൻ കടന്നുവന്ന ജീവിതയാത്രയിൽ നിന്നാണ് അദ്ദേഹം ഓരോ കഥയും കഥാപാത്രങ്ങളെയും കണ്ടെടുത്തത്. ഓരോ കഥാപാത്രത്തെയും ബഷീർ കാരുണ്യത്തോടെ നോക്കിക്കണ്ടു. അതുകൊണ്ടു തന്നെ കേശവൻ നായരും സാറാമ്മയും മജീദും സുഹറയും ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും ഒറ്റക്കണ്ണൻ പോക്കരും സൈനബയും മണ്ടൻ മുത്തപ്പയുമെല്ലാം വായനക്കാരുടെ പ്രിയപ്പെട്ടവരായി. രചനയുടെ മാന്ത്രികതയിൽ അനുഭവത്തിന്റെ ചൂട് കലർന്നപ്പോൾ എഴുത്ത് വായനക്കാരുടെ ഹൃദയം കീഴടക്കി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണീർ പൊഴിപ്പിച്ചും ആ രചനകൾ വായനക്കാരുടെ മനസുകളെ ശുദ്ധീകരിച്ചു.

 

മാനവികതയുടെ ഉയർന്ന തലത്തിലേക്ക് ഉയർത്തി. ഹൃദയത്തിൽ നിറഞ്ഞ പ്രണയത്തെ അദ്ദേഹമൊരു കടും ചെമപ്പ് പൂവിലൊതുക്കി. മഞ്ഞു തുള്ളിയിൽ ലോകത്തെയെന്നപോലെ ചെറുവാചകങ്ങളിൽ മനുഷ്യബന്ധങ്ങളുടെ തീവ്രത നിറച്ചുവെക്കുകയായിരുന്നു ബഷീർ.  സാഹിത്യത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർക്കെല്ലാം ബഷീർ തന്റെ രചനകളിൽ ഇടം നൽകി. സമീപകാലത്ത് മാത്രം സാഹിത്യവേദിയിൽ ചർച്ചയായ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പോലും വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം ആവിഷ്ക്കരിച്ചു. കപട സദാചാരബോധത്തിന്റെ പുറന്തോട് പൊട്ടിച്ച് ജീവിത യാഥാർത്ഥ്യങ്ങൾ അദ്ദേഹം വായനക്കാർക്ക് മുമ്പിൽ തുറന്നുവെച്ചു. ഭൂമിയ്ക്കും പക്ഷി മൃഗാദികൾക്കും ഇടം നൽകി പാരിസ്ഥിതികമായ ആശങ്കകൾ കൂടി അദ്ദേഹം പങ്കുവെച്ചു. എല്ലാവരുടേതുമാണ് ഈ ലോകമെന്ന ചിന്ത കൊച്ചുകുട്ടിക്ക് വരെ മനസിലാവുന്ന ഭാഷയിൽ അദ്ദേഹം പകർത്തി. അതുകൊണ്ട് തന്നെയാണ് മലയാളിയെ വായനയിലേക്ക് ചേർത്തടുപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ എഴുത്തും ഭാഷയും വലിയ പങ്കുവഹിച്ചതും.

നാടു ചുറ്റിക്കറങ്ങാനിറങ്ങിയ തലയോലപ്പറമ്പുകാരനെ ലോകമറിയുന്ന എഴുത്തുകാരനും ബേപ്പൂർ സുൽത്താനുമാക്കിയത് കോഴിക്കോട് നഗരമായിരുന്നു. കോഴിക്കോട് അൽ അമീൻ ലോഡ്ജിൽ അന്തിയുറങ്ങിയ ദിനങ്ങൾ. . ആദ്യരചന അച്ചടിച്ചുവന്ന അൽ അമീൻ പത്രം. . എഴുത്തുകാരന്റെ ആദ്യ രചന അച്ചടി മഷി പുരണ്ട ദേശമായി കോഴിക്കോട് മാറുകയായിരുന്നു. കോഴിക്കോട് സ്ഥിരതാമസമാക്കിയതിന് ശേഷമാണ് മലയാള സാഹിത്യത്തിലെ ഒരു കാലഘട്ടത്തെ അദ്ദേഹം തനിക്കുചുറ്റിലുമൊതുക്കിയത്. മിഠായിത്തെരുവും മാനാഞ്ചിറയും കോഴിക്കോട് ബീച്ചും വല്യങ്ങാടിയുമെല്ലാം എഴുത്തിന്റെ പുതിയ വഴികളിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.
ബഷീർ സ്മരണ പുതുക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രിയ നഗരം യുനെസ്കോയുടെ സാഹിത്യ നഗരമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ഈ കാലത്ത് തന്നെയാണ് പത്തോളം തവണ മാറ്റിയെഴുതി സുന്ദരമാക്കിയ ബാല്യകാലസഖിക്ക് എൺപത് വർഷം പൂർത്തിയാകുന്നതും. എൺപതാം പിറന്നാൾ പതിപ്പ് നാളെ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രകാശനം ചെയ്യും. നാടായ നാടുകളിലെല്ലാം വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ കഥകൾ പറയും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വേഷമിടും.

നാളെ അദ്ദേഹത്തിന്റെ വസതിയായ ബേപ്പൂർ വൈലാൽ വീട്ടിലേക്ക് ആരും ക്ഷണിക്കാതെ ആളുകൾ ഒഴുകിയെത്തും. ഇതെല്ലാം മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിക്കാത്ത ഭാഗ്യം. സാഹിത്യനഗരത്തിന് മുതൽക്കൂട്ടാവുന്ന രീതിയിൽ ബഷീർ സ്മാരകമായ ആകാശമിഠായി ഈ വർഷം തന്നെ യാഥാർത്ഥ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ബേപ്പൂർ ബി സി റോഡിൽ ആദ്യഘട്ട പ്രവൃത്തി പകുതിയിലധികം തീർന്നുകഴിഞ്ഞു. സ്മാരകത്തിന് കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. കോർപറേഷനും വിനോദസഞ്ചാര വകുപ്പും ചേർന്നാണ് ബഷീർ സ്മാരക പദ്ധതികൾ നടപ്പിലാക്കുന്നത്. ബഷീർ ആർക്കൈവ്സ്, ലൈബ്രറി, ആംഫി തിയേറ്റർ, അക്ഷരത്തോട്ടം, കോൺഫറൻസ് ഹാൾ, ലിറ്റററി കഫേ, ഓപൺ സ്റ്റേജ് എന്നിവയെല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്. സുൽത്താന്റെ അദൃശ്യ സാന്നിധ്യത്തിനൊപ്പം എല്ലാറ്റിനും സാക്ഷികളായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ചുറ്റിലും നിറയും.

Eng­lish Summary:Tomorrow marks 30 years since the mem­o­ry of the Vaikom Muham­mad Basheer
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.