19 December 2024, Thursday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ വീണ്ടും കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
July 5, 2024 10:50 pm

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.2 ശതമാനത്തിലെത്തി. മുന്‍മാസം ഇത് ഏഴു ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകള്‍ പ്രകാരം 2023 ജൂണില്‍ ഇത് 8.5 ശതമാനമായിരുന്നു.
ഈ വര്‍ഷം ജൂണില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ 18.5 ശതമാനം ഉയര്‍ന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കണക്കുകള്‍ 15.1 ശതമാനമാണ്. പുരുഷന്‍മാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 7.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.8 ശതമാനമായി.

ഗ്രാമീണ മേഖലകളില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് തുടരുകയാണ്. തൊഴിലില്ലായ്മ ഈ വര്‍ഷം മേയ് മാസത്തില്‍ 6.3 ശതമാനവും 2023 ജൂണില്‍ 8.8 ശതമാനവും ആയിരുന്നത് കഴിഞ്ഞ മാസം 9.3 ശതമാനമായി വര്‍ധിച്ചു. ഗ്രാമീണ മേഖലയിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 8.2 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഇതേ കാലയളവില്‍ 12.0ത്തില്‍ നിന്ന് 17.1 ശതമാനമായി. 

രാജ്യത്തെ തൊഴില്‍ സ്ഥിതിവിവര കണക്കുകള്‍ കൃത്യമായി പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇതിനാല്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സാമ്പത്തികവിദഗ്ധര്‍ക്കും നയരൂപീകരണ വിദഗ്ധര്‍ക്കും ലഭിക്കാത്ത സ്ഥിതിയാണ്. വര്‍ഷാവസാനത്തോടെ നഗരപ്രദേശങ്ങളിലെ ലേബര്‍ ഫോഴ്സ് സര്‍വേ ഓരോ മാസങ്ങളുടെയും ഇടവേളകളില്‍ പ്രസിദ്ധീകരിക്കുന്നതിന് സ്ഥിതിവിവര മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരുന്നു. നിലവില്‍ നാല് മാസം കൂടുമ്പോഴാണിത് പുറത്തുവിടുന്നത്. ഇത് വലിയ സംഖ്യപോലെ തോന്നിക്കുന്നത് ഓരോ മാസത്തെയും കണക്കുകള്‍ പുറത്തുവിട്ടാല്‍ ഒഴിവാക്കാമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 

സര്‍ക്കാര്‍ വിവരങ്ങള്‍ കൃത്യസമയത്ത് ലഭ്യമല്ലാത്തതിനാല്‍ വിശകലനവിദഗ്ധര്‍ പലപ്പോഴും തൊഴില്‍മേഖലയിലെ വിവരങ്ങള്‍ ലഭിക്കാന്‍ സ്വകാര്യ ഗവേഷകരെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022–23 സാമ്പത്തിക വര്‍ഷത്തില്‍ 3.2 ശതമാനമായിരുന്നു. അതേസമയം ഇത് സിഎംഐഇ പുറത്തുവിട്ട കണക്കിനേക്കാള്‍ ഏറെ കുറവായിരുന്നു. 

Eng­lish Sum­ma­ry: Unem­ploy­ment rose again

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.