23 December 2024, Monday
KSFE Galaxy Chits Banner 2

ലേബറിന്റെ നയസമീപനങ്ങളിലെ വ്യതിയാനവും ഭരണവും

ജയ്സണ്‍ ജോസഫ്
July 7, 2024 4:18 am

14 വർഷം നീണ്ട വിനാശകരമായ ടോറി ഭരണം ബ്രിട്ടീഷ്ജനത അവസാനിപ്പിച്ചു. ലേബർ പാർട്ടി പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി. “മാറ്റം ഇപ്പോൾ ആരംഭിക്കുകയാണ്. അത് നല്ലതിനാണ്, ഞാൻ സത്യസന്ധനായിരിക്കണം. നാലര വർഷത്തെ അധ്വാനത്തിലൂടെ പാർട്ടിയെ മാറ്റാനായി. മാറിയ ലേബർ പാർട്ടി, രാജ്യത്തെ സേവിക്കാൻ തയ്യാറാണ്, അധ്വാനിക്കുന്ന ജനങ്ങളുടെ സേവനത്തിലേക്ക് ബ്രിട്ടനെ പുനഃസ്ഥാപിക്കാൻ സജ്ജം.” പുതിയ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ അധികാരമേറ്റയുടൻ പറഞ്ഞതാണിത്.
ലേബർ 408 സീറ്റുകൾ നേടുമെന്ന് പ്രവചിച്ച 1997ലെ സമാന ഭൂരിപക്ഷത്തിൽ ലേബർ പാർട്ടിയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായി സ്റ്റാർമർ ഡൗണിങ് സ്ട്രീറ്റിൽ പ്രവേശിച്ചു. പക്ഷെ ജെറമി കോർബിന്റെ നേതൃത്വത്തിൽ 2017ൽ നേടിയതിനെക്കാൾ വളരെ കുറവാണ് സ്റ്റാര്‍മർനേടിയ വോട്ടിങ് ശതമാനം. ലേബർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഐലിങ്ടൺ നോർത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോർബിന്റെ വിജയം തന്നെ സ്റ്റാർമറിന് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. “സ്റ്റാര്‍മർ ദുർബലമായ ഒരു പ്രകടനപത്രിക മുന്നോട്ട് വച്ചിട്ടുണ്ട്, അത് മിതമായ ഭാഷയിൽ പറഞ്ഞാൽ, ഗൗരവമായ സാമ്പത്തിക ബദൽ വാഗ്ദാനം ചെയ്യുന്നില്ല”. അതിനാൽ, അദ്ദേഹത്തോടുള്ള ജനങ്ങളിൽ നിന്നുള്ള ആവശ്യങ്ങൾ വളരെ വലുതായിരിക്കും, കോർബിൻ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക ആവശ്യങ്ങൾക്കുള്ള ചെലവ് വർധിപ്പിക്കാൻ സ്വയം ഇടം നൽകിയില്ലെങ്കിൽ, രാഷ്ട്രീയ പ്രശ്നങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നു. “ഉദാഹരണത്തിന്, രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി സർക്കാർ അവസാനിപ്പിക്കുകയാണെങ്കിൽ, ഞാൻ സന്തോഷിക്കും. അല്ലെങ്കിൽ, ഞാൻ അവിടെ ഉണ്ടാകും. “സർക്കാർ സ്വകാര്യ മേഖലയിൽ വാടക നിയന്ത്രണം കൊണ്ടുവന്നാൽ, നന്നായി. ഇല്ലെങ്കിൽ, ഞാൻ അവിടെ ഉണ്ടാകും. കാരണം, സാമൂഹ്യനീതിക്കുവേണ്ടി ശബ്ദമുയർത്താൻ പാർലമെന്റിൽ യഥാർത്ഥവും സ്വതന്ത്രവുമായ ശബ്ദം വേണമെന്ന ഉറപ്പിലാണ് ജനം വോട്ടു ചെയ്തിരിക്കുന്നത് ” തോൽവി സമ്മതിച്ച്, സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു: “ബ്രിട്ടീഷ് ജനതയുടെ വിധിയിൽ പഠിക്കാനും പ്രതിഫലിപ്പിക്കാനും ധാരാളം ഉണ്ട്, പരാജയത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.” തലമുറകളായി കൈവശം വച്ചിരുന്ന 2015ൽ നഷ്ടപ്പെട്ട സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ കക്ഷിയെന്ന സ്ഥാനം ലേബർ തിരിച്ചുപിടിച്ചതിനാൽ സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് കോമൺസിൽ വെറും എട്ട് സീറ്റുകൾ മാത്രമേ നിലനിർത്താനാകൂ. ലിബറൽ ഡെമോക്രാറ്റുകൾ 66 സീറ്റുകളിലേക്ക് മുന്നേറി, 2019ൽ നേടിയ 11ൽ നിന്ന് കുതിച്ചുചാട്ടം.
തെരഞ്ഞെടുപ്പിനുമുമ്പ് ലേബർ പാർട്ടി ബ്രിട്ടനിലെ വോട്ടർമാരോട് അപേക്ഷിച്ചത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താൻ ഒരു വോട്ട്. മറ്റുപല കാര്യങ്ങളിലും പാർട്ടിയോട് വിയോജിപ്പുണ്ടായിട്ടും ഈ ഒരൊറ്റ വിശ്വാസത്തിൽ ജനം കെയ്ർ സ്റ്റാര്‍മറുടെ നേതൃത്വത്തിന് വൻ അംഗീകാരം തന്നെ നൽകുകയായിരുന്നു. മുമ്പ് ഇതുപോലെ ജനപിന്തുണ കിട്ടിയ ഭരണം രണ്ടേയുള്ളൂ, ആധുനിക ബ്രിട്ടന്റെ ചരിത്രത്തിൽ: ക്ലെമന്റ് ആറ്റ് ലീക്കും മാർഗരറ്റ് താച്ചറിനും; രണ്ടു പേരും മുന്നോട്ടുവച്ചത് സാമ്പത്തിക ഭദ്രത എന്ന മുദ്രാവാക്യം തന്നെയായിരുന്നു എന്നതും ശ്രദ്ധേയം.
യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇരുപതാം നൂറ്റാണ്ടിൽ അനുഭവപ്പെട്ടിട്ടില്ലാത്ത രാഷ്ട്രീയ ധ്രുവീകരണമാണ് ഈ നൂറ്റാണ്ടിൽ ഇപ്പോൾ നടക്കുന്നത്. ലേബർ പാർട്ടിയുടെ വിജയം വിശകലനം ചെയ്യുമ്പോൾ തന്നെ പലസ്തീൻ വംശഹത്യയുടെ കാര്യത്തിൽ പാർട്ടി എടുത്ത നിലപാടിനോട് മുസ്ലിം വോട്ടർമാർ രൂക്ഷമായ നിലപാടെടുത്തു എന്നുകൂടി കാണേണ്ടതുണ്ട്. ഗാസ, തെരഞ്ഞെടുപ്പ് വിഷയമായ മിക്ക സീറ്റുകളിലും ലേബർ സ്ഥാനാർത്ഥികൾ പരാ‍ജയപ്പെട്ടു. ബെർമിങ്ങ് ഹാമിലെ പെറി ബാറിൽ ഇംഗ്ലണ്ടിലെ ആദ്യ മുസ്ലിം എംപി ആയ ഖാലിദ് മുഹമ്മദ്, ലെയ്സസ്റ്റർ സൗത്തിൽ ജൊനാഥൻ ആഷ് വർത്ത്, വെസ്റ്റ് യോക്ക് ഷയറിൽ ഹെതർ ഇഖ്ബാൽ തുടങ്ങി ലേബറിന്റെ തോറ്റ പ്രമുഖരിൽ പലരും പലസ്തീൻ വിഷയത്തിൽ പാർട്ടിയെടുത്ത നിലപാടിന്റെ ഇരകൾ കൂടിയാണ്. പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിലും ആഭ്യന്തര പ്ലാറ്റ്ഫോമുകളിലും ലേബർ പാർട്ടിയുടെ നിലപാട് പാർട്ടിക്കകത്തുതന്നെ വൻ അഭിപ്രായവ്യത്യാസത്തിനിടയാക്കിയിരുന്നു.
ഗാസയുടെ കാര്യത്തിലായാലും ഉക്രെയ്ൻ വിഷയത്തിലായാലും അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടനിലെ ലേബർ വിജയം വലിയ ചലനങ്ങളൊന്നും ഉണ്ടാക്കാൻ പോകുന്നില്ല എന്നു തന്നെ കരുതണം. സെന്റർ ലെഫ്റ്റ് പാർട്ടിയായ ലേബറിന്റെ നയസമീപനങ്ങളിൽ വൻ വലതു വ്യതിയാനം വരുത്തിയാണ് സ്റ്റാര്‍മർ വൻ വിജയം നേടിയതെന്നതിന് പാർലമെന്റിലെ ലേബർ കക്ഷി നിലയിലെ കുറഞ്ഞ ഇടത് പ്രാതിനിധ്യം സൂചിപ്പിക്കുന്നുണ്ട്.
ബ്രിട്ടനിലെ ഏറ്റവും ശക്തനായ ഇടതുപക്ഷ വാഗ്മി, അത് സാമ്പത്തിക നയങ്ങളുടെ കാര്യത്തിലായാലും പലസ്തീൻ പ്രശ്നത്തിലായാലും, ജെറമി കോർബിൻ ആണ്. ഇത്തവണയും പാർലമെന്റിൽ മുഴങ്ങുന്ന ഇടതുപക്ഷ ശബ്ദം കോർബിന്റേതായിരിക്കും.

ഭരണമാറ്റം അർത്ഥവത്തായ പുരോഗതി ഉറപ്പാക്കുന്നില്ല : ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ തൊഴിൽ പശ്ചാത്തലവും ചെയ്തികളും അധ്വാനിക്കുന്ന ജനതയ്ക്ക് അർത്ഥവത്തായ മാറ്റമോ പുരോഗതിയോ ഉറപ്പാക്കുന്നതല്ലെന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി. സ്റ്റാർമറിന്റെ വിജയം അധ്വാനിക്കുന്ന ജനങ്ങളുടെ വിജയമല്ല, സ്റ്റാർമറിനും അദ്ദേഹത്തിന്റെ ലേബർ പാർട്ടിക്കും തൊഴിലാളികളുടെ വ്യാപകമായ പിന്തുണയുമില്ല. ലേബർ പാർട്ടിയുടെ വിജയം വിലയിരുത്തുകയായിരുന്നു പാർട്ടി. 2017ലും 2019‑ലും കോർബിന് ലഭിച്ചതിനെക്കാൾ വളരെ ചെറിയ വോട്ട് വിഹിതത്തിലാണ് സ്റ്റാർമറുടെ ഭൂരിപക്ഷം എന്നതും ശ്രദ്ധേയമാണ്. പ്രവചിച്ചതുപോലെ, കെയ്ർ സ്റ്റാർമറിന്റെ ലേബർ പാർട്ടി ഉയർന്ന ഭൂരിപക്ഷം നേടി. തകർച്ചയ്ക്ക് കാരണമായതിൽ ടോറികളുടെ ഭരണപരാജയവും നിയന്ത്രണം ഇല്ലാത്ത ഉദാരീകരണവും ലക്ഷ്യമില്ലാത്ത പരിഷ്കാരങ്ങളും വഴിയായി, കമ്മ്യൂണിസ്റ്റ് പാർട്ടി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ പക്ഷത്തുള്ള വർഗസമരത്തിന്റെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അധ്വാനവർഗ താല്പര്യങ്ങളും വർഗസമരവും മുൻനിർത്തിയാണ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സജീവമായ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനാണ് യുകെയിൽ പാർട്ടി പരിശ്രമിക്കുന്നത്. നിരന്തര ആശയ പോരാട്ടങ്ങളിൽ ഏർപ്പെടുകയും മാർക്സിസം-ലെനിനിസത്തെ പാർട്ടിയുടെയും തൊഴിലാളികളുടെയും രാഷ്ട്രീയ മാപിനി ആയി ഉറപ്പിക്കുകയും ചെയ്യുന്നു.

 

 

ഈ മൂന്ന് ഘടകങ്ങളും ചേർന്ന് ശക്തമായ ഒരു രാഷ്ട്രീയ ശക്തിയെ അവതരിപ്പിക്കുന്നു. വരാനിരിക്കുന്ന പോരാട്ടങ്ങൾക്കായി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെയും പുരോഗമന, സമാധാന പ്രസ്ഥാനങ്ങളെയും വിശാലമായ മുന്നേറ്റം കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, പുതിയ സാഹചര്യങ്ങളിൽ വർഗസമരം മുന്നോട്ട് കൊണ്ടുപോകുകയും ആഴത്തിലാക്കുകയും ചെയ്യുക എന്നീ ചുമതലകളിലാണ് പാർട്ടി. തൊഴിലാളികളുടെ അവകാശങ്ങൾക്കും പൊതുസേവനങ്ങൾക്കും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുൻനിരയിൽ തുടരും. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പാർട്ടി കെട്ടിപ്പടുക്കുന്നത് തുടരും. കമ്മ്യൂണിസ്റ്റുകാർക്ക് എല്ലാ ദിവസവും വോട്ടെടുപ്പ് ദിനവും എല്ലാ ദിവസവും അധ്വാനിക്കുന്ന ജനങ്ങൾക്ക് വിജയിക്കാനുള്ള അവസരവുമാണ്. സോഷ്യലിസത്തിലേക്കുള്ള വഴിയിൽ ബ്രിട്ടനെ എത്തിക്കാൻ ഒരുമിച്ച് മുന്നോട്ടുള്ള ചുവടുകൾക്കായും കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്യുന്നു. വർഗത്തിന്റെയും വിപ്ലവ ബോധത്തിന്റെയും തലം ഉയർത്തി വരാനിരിക്കുന്ന പോരാട്ടങ്ങൾക്കായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുക എന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിലെ ലക്ഷ്യം. ഈ നിബന്ധനകളിൽ വിജയിച്ചതായി പാർട്ടി വിലയിരുത്തുന്നു. പാർട്ടിയുടെ (റെഡ് വീക്കെൻഡ്) ചുവന്ന വാരാന്ത്യ മുന്നേറ്റങ്ങൾ 14 നിയോജക മണ്ഡലങ്ങളിൽ മത്സരിച്ചു. 50ലധികം നഗരങ്ങളും പട്ടണങ്ങളും അടിത്തറയിടാനായി. യുവാക്കളിൽ നിന്നും തൊഴിലാളികളിൽ നിന്നുമുള്ള അംഗത്വ അപേക്ഷകൾ ആവേശകരമായ നിരക്കിലാണ് മുന്നോട്ടുപോകുന്നത്. പ്രാഥമികമായി ഒരു തെരഞ്ഞെടുപ്പ് പാർട്ടിയാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, കമ്മ്യൂണിസ്റ്റ് വോട്ട് വിഹിതം ആഗ്രഹിക്കുന്നിടത്ത് നിന്ന് വളരെ അകലെയാണ് എന്നത് യാഥാർത്ഥ്യമാണ്. പക്ഷെ ഒരു തെരഞ്ഞെടുപ്പ് ശക്തി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുനർനിർമ്മിക്കുന്നതിൽ അഭിമുഖീകരിക്കുന്ന ദൗത്യത്തിന്റെ കാഠിന്യം സംബന്ധിച്ച് മിഥ്യാധാരണയുമില്ല. കുത്തക മാധ്യമങ്ങളെയും ഭരണകൂട പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധതയെയും നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നു. സമയവും ശുഷ്കാന്തിയും ആവശ്യമുള്ള ഒരു ജോ
ലിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.