11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 6, 2024
October 31, 2024

അവിഹിതം വിശുദ്ധമാക്കപ്പെടുമ്പോള്‍

ദേവിക
വാതിൽപ്പഴുതിലൂടെ
July 8, 2024 4:30 am

വിഹിതത്തെ വിഹിതവും വിശുദ്ധവുമാക്കി വാഴ്ത്തിപ്പാടുമ്പോഴാണ് കാര്യങ്ങള്‍ കെെവിട്ടുപോകുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആ കഥയിങ്ങനെ. ഏലിയാമ്മ പള്ളിയില്‍ പോയി പിലാത്തോസ് അച്ചനോട് പറഞ്ഞു; ‘അച്ചോ എന്റെ മകള്‍ ശോശാമ്മയ്ക്ക് എന്തോ ഒരു ഏനക്കേട്. അച്ചന്‍ ഒന്നുവന്ന് അവള്‍ക്ക് സങ്കീര്‍ത്തനം ചൊല്ലിക്കൊടുക്കുമോ. വരാം ഏലിയാമ്മേ. സന്ധ്യയാകട്ടെ. അന്തിയായി. അച്ചന്‍ വന്നു. ഏലിയാമ്മ പിലാത്തോസ് അച്ചന് കഞ്ഞി വിളമ്പിക്കൊടുത്തിട്ട് ഉറങ്ങാന്‍ പോയി. അച്ചന്‍ സുന്ദരിപ്പെണ്ണായ ശോശാമ്മയുടെ മുടിയില്‍ തൊട്ട് സങ്കീര്‍ത്തനം ചൊല്ലി. 10 മാസമായപ്പോഴേക്കും ശോശാമ്മ ഒരു സുന്ദരക്കുട്ടനെ പ്രസവിച്ചു. ഏലിയാമ്മ വിവരം തെര്യപ്പെടുത്താന്‍ പള്ളിയില്‍ പോയി പിലാത്തോസ് അച്ചനെ കണ്ടു. അച്ചന്‍ പറഞ്ഞു, ‘ശോശാമ്മ ഭാഗ്യമുള്ളവളാണ്. വിശുദ്ധ ഗര്‍ഭമല്ലിയോ?’ അച്ചന്റെ അവിഹിതം അങ്ങനെ വിഹിതവും വിശുദ്ധവുമായി മാറിയെന്നാണ് അരനൂറ്റാണ്ടിനുമപ്പുറം പൊന്‍കുന്നം വര്‍ക്കിയെഴുതിയ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അത് പണ്ടത്തെ കഥയെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കാന്‍ വരട്ടെ. ഇന്നും അവിഹിതത്തെ വിഹിതവും വിശുദ്ധവുമാക്കികൊണ്ട് നടക്കുന്നവരുടെ കാലമല്ലേ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞു; എസ്എഫ്ഐയുടേത് പ്രാകൃത സംസ്കാരമാണെന്ന്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്നതിന്റെ അര്‍ത്ഥമറിയില്ല. പ്രത്യയശാസ്ത്രത്തിന്റെ ആഴമറിയില്ല. 

എസ്എഫ്ഐ തിരുത്തിയേ മതിയാകൂ എന്ന് ബിനോയ് പറഞ്ഞതോടെ ആരൊക്കെയായിരുന്നു അദ്ദേഹത്തെ വളഞ്ഞിട്ട് കൊത്താന്‍ പറന്നുകൂടിയത്. ഇന്നത്തെ എസ്എഫ്ഐക്കാര്‍ എന്ന് ബിനോയ് പറഞ്ഞതിന് ഏറെ അര്‍ത്ഥതലങ്ങളുണ്ടായിരുന്നു. സുരേഷ് കുറുപ്പും ജോണും രമേശ് വര്‍മ്മയുമൊക്കെ നയിച്ചിരുന്ന എസ്എഫ്ഐയുടെ ഇന്നലെകളെ ഓര്‍ക്കുക. ‘ആലായാല്‍ തറ വേണം അതിലൊരമ്പലം വേണം’ എന്ന് മധുരസാന്ദ്രമായി പാടിയിരുന്ന രമേശ് വര്‍മ്മ. മധുരവും സൗമ്യവും ദീപ്തവുമായ വാക്കുകളില്‍ മനസുകളെ ത്രസിപ്പിച്ചിരുന്ന സുരേഷ് കുറുപ്പ്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തെക്കുറിച്ച് അനര്‍ഗളമായി പ്രസംഗിച്ചിരുന്നു ഇന്നത്തെ സിഎംപി നേതാവായ സി പി ജോണ്‍. അങ്ങനെ നീളുന്ന ആ നേതാക്കളുടെ നീണ്ട നിര. വിദ്യാര്‍ത്ഥികളുടെ സര്‍ഗശക്തികളിലൂടെ വിപ്ലവവാസനകളെ വളര്‍ത്തിയെടുത്ത ആ മോഹനകാലം എന്നേ പോയ് മറഞ്ഞിരിക്കുന്നു. 

കാമ്പിശേരി കരുണാകരന്റെ കൃതിയിലെ രണ്ട് വിചിത്ര കഥാപാത്രങ്ങളാണ് കുനത്തറ പരമുവും പുനാ കേശവനും. പരസ്പരം പ്രശംസിച്ചും പരസ്പരം ചന്തി ചൊറിഞ്ഞും രസിക്കുന്നവര്‍. കാലമെത്ര കഴിഞ്ഞാലും കുനത്തറയ്ക്കും പുനയ്ക്കും മരണമില്ലെന്ന് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഒരു പൊതുചടങ്ങ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇവിടെ കുനന്തറ, സുരേഷ് ഗോപിയും പുനാ കേശവന്‍, മേയര്‍ എം കെ വര്‍ഗീസും. കാലാവധി കഴിയാറായപ്പോള്‍ വര്‍ഗീസിന് ഒരു ബിജെപി സ്നേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മേല്‍പ്പടിയാന്‍ ഒരു വെടിക്കെട്ട് പൊട്ടിച്ചു. പൂരം സ്റ്റെെലില്‍. സുരേഷ് ഗോപിയെപ്പോലൊരു തങ്കക്കുടത്തിനെ തൃശൂരിന് കിട്ടാന്‍ പുണ്യം ചെയ്തവരാണ് നമ്മള്‍. സുരേഷ് ഗോപി തിരിച്ച് ഒരൊറ്റ പ്രശംസ. വര്‍ഗീസിനെപ്പോലൊരു പ്രതിഭാശാലിയായ ഭരണകര്‍ത്താവിനെ ബ്രഹ്മാണ്ഡത്തില്‍ എവിടെ കിട്ടും. വര്‍ഗീസിന്റെ സ്വപ്നം ഫലിച്ചു. ഗോപി ജയിച്ചു. കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു പൊതുചടങ്ങില്‍ പിന്നെയും കുനത്തറ പരമുവും പുനാ കേശവനും പുനര്‍ജനിച്ചു. കേന്ദ്രമന്ത്രിയായ സുരേഷ്ഗോപി തൃശൂരിനെ ഒരു സ്വര്‍ഗമാക്കാന്‍ പോകുകയല്ലേ എന്ന് മേയര്‍. ഗോപിയുണ്ടോ വിടുന്നു. മേയര്‍ വര്‍ഗീസിനെപ്പോലൊരു നഗരപിതാവിനെ നല്കിയതിന് ലൂര്‍ദ് മാതാവിന് സ്ത്രോത്രം.

മറ്റൊരു കാര്യത്തിലും ഇരുവരും സമന്മാര്‍. എന്നെക്കാണുമ്പോള്‍ സല്യൂട്ട് ചെയ്യേണ്ടേടാ എന്ന് പണ്ടൊരിക്കല്‍ സുരേഷ് ഗോപി പൊലീസുകാരന്റെ ചെവിയില്‍ മന്ത്രിച്ചിട്ടുണ്ട്. തന്നെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യാതെ പൊലീസുകാര്‍ മുഖംതിരിഞ്ഞു നില്ക്കുന്നുവെന്നായിരുന്നു മേയറുടെ പരാതി. അര്‍ഹതയുള്ളവനേ അഭിവാദ്യം ലഭിക്കൂ എന്ന് അറിയാതെ പോകുന്ന ജന്മങ്ങള്‍.
പക്ഷെ മറ്റൊരു കാര്യത്തില്‍ സുരേഷ് ഗോപി മേയര്‍ വര്‍ഗീസിനെ കടത്തിവെട്ടിയിരിക്കുന്നു. ഇനി കേരളത്തില്‍ ഏത് ചടങ്ങില്‍ പങ്കെടുത്താലും താന്‍ കേന്ദ്രമന്ത്രിയായല്ല സിനിമാതാരമായാണ് അവതരിക്കുന്നതെന്ന്. സിനിമാതാരമായാല്‍ അതിനൊത്ത പ്രതിഫലവും തരണം. കേന്ദ്രമന്ത്രിക്ക് പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിന് കോഴ വാങ്ങാമോ എന്ന കാതലായ ചോദ്യമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്. കേന്ദ്രമന്ത്രി ഗോപിയോട് ജനം ചോദിക്കുന്നു പൊന്‍കുന്നം വര്‍ക്കി പറഞ്ഞപോലെ ‘അന്തോണീ നീയും അച്ചനായോടാ!

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.