18 December 2025, Thursday

Related news

December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025

തോട് വൃത്തിയാക്കാനിറങ്ങിയ ആളെ കാണാതായ സംഭവം;റോബോട്ട് മാലിന്യം നീക്കിത്തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
July 13, 2024 10:29 pm

ദേശീയ ദുരന്ത നിവാരണ സേന എത്തും

തിരുവനന്തപുരം: തമ്പാനൂരില്‍ സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെ (45) ആണ്‌ ഇന്ന്‌ കാണാതായത്.
തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി റെയിൽവേ എൻജിനീയറിങ് വിഭാഗം കരാര്‍ നല്‍കിയ സംഘത്തിലെ തൊഴിലാളിയാണ്‌ ജോയ്. ഇന്ന്‌
രാവിലെ 11 മണിയോടെ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ തോട്ടിലെ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി ഫയർഫോഴ്‌സ്, സ്കൂബ ഡൈവിങ് ഉള്‍പ്പെടെയുള്ള സംഘം രാത്രിയിലും രക്ഷാ ദൗത്യം തുടരുകയാണ്.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനടിയിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോടിന്റെ ഭാഗം വൃത്തിയാക്കാനായാണ്‌ അമരവിള സ്വദേശി കുമാറിന്റെ നേതൃത്വത്തിൽ ജോയ് അടങ്ങുന്ന നാലംഗ സംഘം ഇറങ്ങിയത്‌. അന്യസംസ്ഥാന തൊഴിലാളികളായ തപൻദാസും ബിശ്വജിത്തും ഒപ്പമുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ടയുടന്‍ കയറിട്ടു കൊടുത്തെങ്കിലും ജോയിക്ക് പിടിച്ചു കയറാന്‍ കഴിഞ്ഞില്ല.
സംഭവമറിഞ്ഞ്‌ മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ജില്ലാ കളക്‌ടർ ജെറോമിക്‌ ജോർജ്‌ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തക സംഘവും വൈകിട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയില്ല. തുടര്‍ന്ന് മാൻഹോളിലെ പരിശോധനക്ക് റോബോട്ടിനെയും സ്ഥലത്തെത്തിച്ചു.
അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റർ വരെ ഉള്ളിലേക്ക് സ്കൂബ സംഘം കടന്നുവെങ്കിലും മാലിന്യക്കൂമ്പാരം കാരണം മുന്നോട്ട് പോകാൻ സാധിച്ചില്ല. ഇവിടെയുള്ള മാലിന്യം മാറ്റുന്നതിനാണ് റോബോട്ടിനെ എത്തിച്ചത്. ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് എന്ന കമ്പനിയുടെതാണ് റോബോട്ട്. റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ എത്തിച്ച് റോബോട്ടിനെ മാൻ ഹോളിൽ ഇറക്കി മാലിന്യങ്ങൾ നീക്കാനാണ് തീരുമാനം. തുടര്‍ന്ന് തിരച്ചില്‍ തുടരും.
റോബോട്ടിന്റെ പ്രവർത്തനങ്ങൾ മോണിറ്റർ വഴി നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയും തിരച്ചിലിനായി സ്ഥലത്തെത്തും.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപറേഷനെയോ അനുവദിക്കാറില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Summary;The man who went to clean the ditch went miss­ing; the robot start­ed remov­ing the garbage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.