5 November 2024, Tuesday
KSFE Galaxy Chits Banner 2

ആശയഗംഭീരനായ മാർക്സിസ്റ്റ്

ബിനോയ് വിശ്വം
July 16, 2024 4:45 am

“മാനവരാശി ഇന്നോളം ആർജിച്ച എല്ലാ വിജ്ഞാന സമ്പത്തിനാലും മനസ് ധന്യമാക്കപ്പെടുമ്പോഴേ നിങ്ങൾ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആകുന്നുള്ളൂ” എന്നു പറഞ്ഞത് ലെനിനാണ്. മിക്കവാറും അസാധ്യമായ ഇക്കാര്യം സാധ്യമാക്കാനായി വിജ്ഞാന ശാഖകൾക്കുമുന്നിൽ മനസും ബുദ്ധിയും തുറന്നുവച്ച ഒട്ടേറെപ്പേരെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ കാണാൻ കഴിയും. ആ നിരയിലെ തിളക്കമാർന്ന ഒരു പേരാണ് എൻ ഇ ബാലറാമിന്റേത്. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമാണിന്ന്.
അസാമാന്യമായ ബുദ്ധിവൈഭവത്തോടെ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ പടർന്നുകയറാൻ കഴിഞ്ഞ വിപ്ലവകാരിയാണ് അദ്ദേഹം. നന്നേ ചെറുപ്പകാലം മുതൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി ജീവിച്ചുകൊണ്ട് അദ്ദേഹം വായിച്ചുകൂട്ടിയ പുസ്തകങ്ങളുടെ വൈപുല്യം ആരെയും അത്ഭുതപ്പെടുത്തും. അറിവിന്റെ ആകാശങ്ങളെ കയ്യെത്തിപ്പിടിക്കാൻ സദാ കൊതിച്ച ഈ ചെറിയ വലിയ മനുഷ്യൻ യാതൊരു പണ്ഡിത ഭാവവുമില്ലാതെയാണ് ജനങ്ങൾക്കിടയിൽ ജീവിച്ചത്. കതിർക്കനംകൊണ്ട് തല കുനിക്കുന്ന നെൽച്ചെടിയെപ്പോലെയാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയറ്റ് അംഗമായും എൻ ഇ ബാലറാം ദീർഘകാലം പ്രവർത്തിച്ചു.
എംഎൽഎയായും മന്ത്രിയായും എംപിയായും അദ്ദേഹം നാടിനെ സേവിച്ചു. കയ്യിൽ എപ്പോഴും ഒരു പുസ്തകവുമായിട്ടേ ഈ കമ്മ്യൂണിസ്റ്റ് നേതാവിനെ കാണുവാൻ കഴിയുമായിരുന്നുള്ളൂ. അത് ഒരു രാഷ്ട്രീയ ഗ്രന്ഥമായിരിക്കുമെന്ന് ധരിച്ചുവെങ്കിൽ നിങ്ങൾക്കു തെറ്റി. രാഷ്ട്രീയംപോലെ തന്നെ കഥയും കവിതയും നോവലും നാടകവും ചരിത്രവും ശാസ്ത്രവും പുരാണവുമെല്ലാം ബാലറാമിന്റെ വായനാപരിധിയിൽപ്പെടുമായിരുന്നു.


ഇതുകൂടി വായിക്കൂ: ധിഷണാ ശാലിയായ കമ്മ്യൂണിസ്റ്റ്


ഇത്രയും വേഗത്തിൽ വായിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. കൂലംകഷമായ വായനയ്ക്കിടയിൽ പേജുകൾ മറിച്ചുമറിച്ച് തള്ളുന്ന ബാലറാമിനെ നോക്കി ഇരിക്കുന്നതുതന്നെ ഒരു രസമാണ്. വിദുഷിയായ തന്റെ അമ്മൂമ്മയിൽ നിന്നാണ് ഈ പരന്ന വായനാശീലം അദ്ദേഹം സ്വന്തമാക്കിയത്. ആ അമ്മ തന്റെ മകനെ പുരാണേതിഹാസങ്ങളോടൊപ്പം സംസ്കൃതവും സാഹിത്യവുമെല്ലാം വായിപ്പിച്ചു. ആ വായന അദ്ദേഹത്തെ ആദ്യമെത്തിച്ചത് സന്യാസപർവത്തിലേക്കാണ്. മനുഷ്യന്റെ ധർമ്മസങ്കടങ്ങളുടെ പരിഹാരം വേദാന്തമാണെന്നു വിശ്വസിച്ച് യൗവനാരംഭത്തിൽ അദ്ദേഹം ഒരാശ്രമത്തിൽ അന്തേവാസിയായി. വായനയുടെ പിൻബലമുള്ള ആ യുവസന്യാസി ആശ്രമജീവിതത്തിന്റെ പൊള്ളത്തരം പെട്ടെന്നു മനസിലാക്കി. ആധ്യാത്മികതയോട് കലഹിച്ച് ആശ്രമം വിട്ട ബാലറാം എത്തിച്ചേർന്നത് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ലോകത്തിലേക്കാണ്. തലശേരിയിലെ എസ്എൻഡിപിയുടെയും ബീഡിത്തൊഴിലാളി യൂണിയന്റെയും ആദ്യകാല സംഘാടകരിൽ ഒരാൾ ബാലറാമായിരുന്നു. പിണറായിയിലെ ആർ സി അമല സ്കൂളിൽ ‌നിന്നാർജിച്ച ഔപചാരിക വിദ്യാഭ്യാസത്തിന്റെ അടിത്തറയ്ക്കുമേൽ ബാലറാം പടുത്തുയർത്തിയത് വിപുലമായ വിജ്ഞാനത്തിന്റെ മഹാ സൗധങ്ങളായിരുന്നു. എത്തപ്പെട്ട എല്ലാ സ്ഥലങ്ങളും — അത് ജയിലാകട്ടെ, പാർട്ടി ഓഫിസ് ആകട്ടെ, ജനക്കൂട്ടങ്ങളാകട്ടെ, അസംബ്ലിയോ പാർലമെന്റോ ആകട്ടെ എല്ലാ സ്ഥലങ്ങളും അദ്ദേഹത്തിന് പാഠശാലകളായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, സംസ്കൃതം, പാലി തുടങ്ങിയ ഭാഷകൾ അദ്ദേഹം പഠിച്ചത് പ്രധാനമായും ജയിൽവാസകാലത്ത് സഹതടവുകാരായ നേതാക്കളിൽ നിന്നായിരുന്നു. ഇവയ്ക്കു പുറമേ ഫ്രഞ്ച്, റഷ്യൻ ഭാഷകളും സാമാന്യമായി പഠിക്കാൻ ബാലറാം ശ്രമിച്ചു.
ബാലറാം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഞങ്ങളുടെ തലമുറ എഐഎസ്എഫിലൂടെ പൊതുരാഷ്ട്രീയത്തിന്റെ വികാസഗതികളെക്കുറിച്ച് ഗൗരവപൂർവം ചിന്തിച്ചുതുടങ്ങിയത്. ബൗദ്ധിക ഗരിമ നിറഞ്ഞ അദ്ദേഹത്തിന്റെ സാമീപ്യം ഞങ്ങളുടെയെല്ലാം പില്‍ക്കാല ചിന്താരീതികളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പതിവ് രാഷ്ട്രീയം ചുറ്റിത്തിരിഞ്ഞ ഇത്തിരിവട്ടത്തിന് ഒത്തിരി അപ്പുറത്തായിരുന്നു ഞങ്ങളുടെ പാർട്ടി സെക്രട്ടറിയുടെ മനസ് വ്യാപരിച്ചത്. നേരിട്ടും അല്ലാതെയും അത് ഞങ്ങളുടെ വഴികളിലും വെളിച്ചം പകർന്നു. അംഗബലത്തിൽ ചെറുതായിരുന്നെങ്കിലും എഐഎസ്എഫ് കൈക്കൊണ്ട നിലപാടുകൾ വിദ്യാഭ്യാസരംഗത്തുള്ള എല്ലാവരും ശ്രദ്ധിച്ചു. മലയാളസാഹിത്യത്തിൽ ആധുനികത ചുവടുറപ്പിച്ച കാലമായിരുന്നു അത്. പടിഞ്ഞാറുനിന്നുവന്ന അസ്തിത്വദുഃഖവും ദാർശനിക വ്യഥയുമായിരുന്നു അതിന്റെ കാതൽ. ഞങ്ങളുടെയെല്ലാം ആരാധനാപാത്രങ്ങളായ സാഹിത്യകാരന്മാർ പലരും അതിന്റെ വഴിക്ക് സഞ്ചരിച്ചവരായിരുന്നു. അവരുടെ രചനാശൈലിയെ ഇഷ്ടപ്പെട്ടപ്പോഴും ആ വീക്ഷണങ്ങളോട് ഞങ്ങളുടെ ഇടതുപക്ഷബോധം പൊരുത്തപ്പെട്ടില്ല. ആ സാഹിത്യ പ്രതിഭകളെയെല്ലാം പിന്തിരിപ്പന്മാർ എന്ന് മുദ്രകുത്തി കടമ തീർക്കുകയാണ് അന്നത്തെ പല ഇടതുപക്ഷ ബുദ്ധിജീവികളും ചെയ്തത്. ബാലറാമാകട്ടെ മാർക്സിസ്റ്റ് സൗന്ദര്യദർശനത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക സാഹിത്യത്തിന്റെ അകവും പുറവും വ്യക്തമാക്കുന്ന വിമർശന പഠനങ്ങളാണ് നടത്തിയത്. മാർക്സിസത്തിലുള്ള അവഗാഹതയോടൊപ്പം ലോകസാഹിത്യവുമായി നേരിട്ടുള്ള ബന്ധമാണ് അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇത്തരം വിഷയങ്ങളിൽ അദ്ദേഹം എഴുതിയ പുസ്തകങ്ങളും നിരവധിയായ ലേഖനങ്ങളും സംവാദങ്ങളുമെല്ലാം ഞങ്ങളുടെ അഭിമാനം വളർത്തി.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസക്തി


കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക ആശയ മണ്ഡലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനു ശേഷമാണ് ബാലറാം പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കാനെത്തിയത്. ആ കാലഘട്ടം ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പ്രക്ഷുബ്ധത നിറഞ്ഞതായിരുന്നു. ആ ദിനങ്ങളിലാണ് സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥ തകർന്നുവീണത്. അടക്കാനാകാത്ത ദുഃഖത്തോടെയാണെങ്കിലും കമ്മ്യൂണിസ്റ്റുകാർക്ക് മുമ്പോട്ടുള്ള വഴികൾ തേടിയേ കഴിയുമായിരുന്നുള്ളൂ. ആ കനത്ത വെല്ലുവിളിക്കു മുമ്പിൽ പല കമ്മ്യൂണിസ്റ്റ് പാർട്ടികളും പതറിപ്പോയപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റുപ്രസ്ഥാനം പ്രതിസന്ധിയെ അതിജീവിക്കാൻ ശ്രമിക്കുകയായിരുന്നു. വരട്ടുതത്വവാദപരമായ കുറിപ്പടികൾകൊണ്ട് നേരിടാവുന്നതായിരുന്നില്ല ആ പ്രതിസന്ധി. സോഷ്യലിസത്തിലെ പ്രതിസന്ധി പുതിയ ചോദ്യങ്ങളാണ് മുന്നോട്ടുവച്ചത്. അതിന് പുതിയ ഉത്തരങ്ങൾ വേണമായിരുന്നു. ആ ഉത്തരങ്ങൾക്കുള്ള അന്വേഷണത്തിൽ തെറ്റുകൾ കണ്ടെത്താനും അവ തിരുത്താനുമുള്ള സന്നദ്ധത പ്രധാനമായിരുന്നു. സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പാത വെട്ടിത്തെളിക്കാൻ ശ്രമിക്കുമ്പോൾ ഏതെങ്കിലും മാതൃക പിന്തുടരേണ്ടതില്ല എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചു. കാലം ആവശ്യപ്പെട്ട അത്തരം ഉറച്ച നിലപാടുകളിലേക്ക് പാർട്ടിയെ നയിച്ചവരിൽ അദ്വിതീയമായ സ്ഥാനം ബാലറാമിനുണ്ട്.


ഇതുകൂടി വായിക്കൂ: ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി


ഇന്ത്യൻ സാഹചര്യങ്ങളിൽ മാർക്സിസം പ്രാവർത്തികമാക്കേണ്ടതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രശ്നങ്ങളെക്കുറിച്ചാണ് ബാലറാം പിന്നീട് ഏറെ ചിന്തിച്ചത്. പാർട്ടി പരിപാടിയിൽ വരുത്തേണ്ടുന്ന മാറ്റങ്ങളും പാർട്ടി സംഘടനയുടെ സ്വഭാവത്തിൽ ഉണ്ടാകേണ്ട പരിവർത്തനങ്ങളും പാർട്ടിക്കുള്ളിൽ സജീവമായ ചർച്ചാവിഷയമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ആഴത്തിൽ മനസിലാക്കിയ ഒരു മാർക്സിസ്റ്റിന്റെ ആർജവത്തോടെ ഇത്തരം ചർച്ചകൾക്ക് ബാലറാം ധീരമായ നേതൃത്വം നല്‍കി. ആ ആശയസമരത്തിന്റെ ഏടുകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനാധിപത്യസ്വഭാവത്തിന്റെയും പ്രത്യയശാസ്ത്ര നിലവാരത്തിന്റെയും ഗംഭീരമായ നിദർശനമായിരുന്നു. ആ ഗൗരവമേറിയ, അർത്ഥവത്തായ സംവാദങ്ങൾ‌‌ക്ക് നടുവില്‍വച്ചാണ് ആ ആശയഗംഭീരൻ ജീവിതത്തോട് യാത്രപറഞ്ഞത്. രണ്ടു തവണ എംഎൽഎ, ഒരു ചെറിയ കാലയളവിൽ മന്ത്രി എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ബാലറാം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം എന്ന നിലയിലും മികവുറ്റ ഇടപെടലാണ് നടത്തിയത്.
വര്‍ഗീയ ഫാസിസം അതിന്റെ സകല കരാളതകളെയും നെഞ്ചിലേറ്റി ഉറഞ്ഞുതുള്ളുന്ന കാലത്താണ് ബാലറാമിന്റെ ചരമവാര്‍ഷികമെത്തുന്നത്. ഇന്ത്യയില്‍ ഫാസിസ്റ്റ് ആശയഗതിയെ ചെറുക്കുന്നതിന് ഇടതുപക്ഷത്തുള്ളവര്‍ക്ക് ഇന്നും ആധികാരികമായി ആശ്രയിക്കാവുന്ന നിരവധി പഠന ഗ്രന്ഥങ്ങള്‍ ബാലറാം രചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാല പോരാട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ എന്നും പ്രചോദനമാണ്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.