ശ്രീകണ്ഠപുരം പരിപ്പായിലെ പറമ്പിൽ നിന്ന് കിട്ടിയ നിധിശേഖരത്തിൽ വിദേശ വസ്തുക്കൾ മുതൽ കണ്ണൂർ പണം വരെ. 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലെ വസ്തുക്കളാണ് ഇവയില്‍ ഉള്ളതെന്ന് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായി.
കാശുമാലകൾ, സ്വർണമുത്തുകൾ, അറക്കൽ ആലി രാജാവിന്റെ നാണയങ്ങൾ, കണ്ണൂർ പണം, സാമൂതിരിയുടെ വെള്ളിനാണയങ്ങൾ, ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി പണം, ജിമിക്കിക്കമ്മൽ, മാലയിൽ ഉപയോഗിക്കുന്ന കുറച്ചുമുത്തുകൾ എന്നിവയാണ് ശേഖരത്തിൽ ഉണ്ടായിരുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് കാശുമാല ലോക്കറ്റുകളാണ്. ഇറ്റലിയിലെ വെനീഷ്യയിലെ ഡ്യൂക്കുകൾ എന്ന് അറിയപ്പെട്ട മൂന്ന് ഭരണാധികാരികളുടെ കാലത്ത് നിർമിച്ചവയാണ് ഇത്.
വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന കാശുമാലയുടെ ലോക്കറ്റുകളാണിത്. 1659 മുതൽ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതൽ 1762 വരെ ഭരിച്ച ഫ്രാൻസിസ്കോ കോർഡാൻ , 1763 മുതൽ 1778 വരെ ഭരിച്ച ആൽവിസ് മൊസാനിഗോ എന്നിവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണ് ഇവ. ഇത്തരത്തിലുള്ള സ്വർണത്തിന്റെ 13 കാശുമാല ലോക്കറ്റുകളാണ് ലഭിച്ചത്. ഒരു ലോക്കറ്റിന് അഞ്ചുഗ്രാം വരെ തൂക്കമുണ്ട്. ഫ്രാൻസിസ്കോ കോർഡാന്റെ പേരിലുള്ള നാല് നാണയങ്ങളുമുണ്ടായിരുന്നുവെന്ന് പരിശോധനയക്ക് നേതൃത്വം നൽകിയ കോഴിക്കോട് പഴശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ കൃഷ്ണരാജ് പറഞ്ഞു. 1826ൽ കണ്ണൂർ അറക്കൽ രാജാവായിരുന്ന ആലി രാജയുടെ കാലത്തെ കണ്ണൂർ പണമെന്നറിയപ്പെടുന്ന രണ്ട് നാണയങ്ങളും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സാമൂതിരിയുടെ വീരരായൻ എന്ന വെള്ളിനാണയം, പുതുച്ചേരിയിലെ ഫ്രഞ്ചുകാരുടെ ഇൻഡോ-ഫ്രഞ്ച് നാണയം എന്നറിയപ്പെടുന്ന പുതുച്ചേരി നാണയം എന്നിവയുമുണ്ട്. നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826ലെ ആലിരാജയുടെ കണ്ണൂർ പണമാണ്.
ചെമ്പിൽ നിർമിച്ച ആമാടപ്പെട്ടിയിൽ സൂക്ഷിച്ചനിലയിൽ കണ്ടെത്തിയതിനാൽ സമ്പന്നരായ ഏതെങ്കിലും ആളുകൾ ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. നിധി എങ്ങനെ മണ്ണിനടിയിലെത്തിയെന്നതിന് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പഠിക്കേണ്ടതുണ്ട്. 350 വര്‍ഷം പഴക്കമുള്ള നാണയങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെങ്കിലും നാണയത്തിന്റെ പഴക്കം മാത്രം പരിഗണിച്ച് നിധി ശേഖരത്തിന്റെ പഴക്കം പറയാനാവില്ല. തൂക്കിനോക്കി സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിച്ച ശേഷം മാത്രമേ വില നിര്ണിയിക്കാന് സാധിക്കൂ. പ്രാഥമിക പരിശോധന നടത്തി പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട് സമർപ്പിക്കും. നിധി കണ്ടെത്തിയ ആൾക്ക് പാരിതോഷികം നൽകുന്നത് സംബന്ധിച്ച് റവന്യൂവകുപ്പാണ് തീരുമാനമെടുക. കണ്ടെത്തിയ പുരാവസ്തുക്കളിൽ മ്യൂസിയത്തിലില്ലാത്തവ ഉണ്ടെങ്കിൽ അവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. കൃഷ്ണരാജിനെ കൂടാതെ മ്യൂസിയം ഗൈഡ് വി എ വിമൽകുമാറും മറ്റ് ഉദ്യോഗസ്ഥരുമാണ് തളിപ്പറമ്പ് ആർഡിഒ ഓഫിസിൽ സൂക്ഷിച്ച നിധിശേഖരം പരിശോധിച്ചത്.
English Summary: From foreign objects to Kannur treasure money
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.