25 December 2025, Thursday

ഐഎന്‍എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു

ഒരു നാവികനെ കാണാനില്ല 
കപ്പല്‍ ഒരു വശത്തേയ്ക്ക് ചരിഞ്ഞു 
Janayugom Webdesk
മുംബൈ
July 22, 2024 10:49 pm

അറ്റകുറ്റപ്പണിക്കിടെ ഇന്ത്യയുടെ തന്ത്രപ്രധാന യുദ്ധക്കപ്പലായ ഐഎന്‍എസ് ബ്രഹ്മപുത്ര തീ പിടിച്ച് ചെരിഞ്ഞു. ഒരു നാവികനെ കാണാതായി. മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ ഇന്നലെയാണ് സംഭവം.
അറ്റകുറ്റപ്പണിക്കിടെയാണ് ഇന്നലെ രാവിലെ കപ്പലില്‍ തീ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കപ്പല്‍ ജീവനക്കാരുടെയും കപ്പല്‍ നിര്‍മ്മാണ ശാലയിലെ അഗ്നിരക്ഷാംഗങ്ങളുടെയും സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് കപ്പലിനുള്ളിലെ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഉച്ചയോടെ കപ്പല്‍ ചെരിയാന്‍ തുടങ്ങുകയായിരുന്നു. തീവ്രശ്രമം നടത്തിയെങ്കിലും കപ്പലിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നാവിക സേന അറിയിച്ചു. 

ഗാര്‍‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്റ് എന്‍ജിനിയേഴ്സ് ലിമിറ്റഡ് തദ്ദേശീയമായാണ് ഐഎന്‍എസ് ബ്രഹ്മപുത്ര നിര്‍മ്മിച്ചത്. 2000 ല്‍ കമ്മിഷന്‍ ചെയ്തു. തീപിടിത്തത്തിന് പിന്നാലെ അകത്തേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് കപ്പല്‍ ചെരിഞ്ഞു തുടങ്ങിയതെന്ന് പ്രതിരോധ സേന അറിയിച്ചു. കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നാശനഷ്ടത്തിന്റെ വ്യാപ്തികുറയ്ക്കാന്‍ പരമാവധി ശ്രമിക്കുമെന്നും നാവിക സേന അറിയിച്ചു.
2007നും 2016നും ഇടയില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും അന്തര്‍വാഹിനികളും 38 അപകടങ്ങളില്‍ ഉള്‍പ്പെട്ടതായി 2017ല്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അതിന് ശേഷവും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: INS Brahma­pu­tra caught fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.