ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യ കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും.സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. സഞ്ജു ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ സിംബാബ്‌വെയുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയ അഭിഷേകും ഇതേ പരമ്പരയില്‍ തിളങ്ങിയ റുതുരാജും ഇത്തവണ ഒഴിവാക്കപ്പെടുകയായിരുന്നു. ടി20യില്‍ റിഷഭ് പന്തുള്ളതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാനും സാധ്യത കുറവാണ്. എന്തുകൊണ്ട് പന്തിനെ ടി20യിലും ഉള്‍പ്പെടുത്തിയെന്നതിനെക്കുറിച്ച് അഗാര്‍ക്കര്‍ വിശദീകരിച്ചു.
‘കാറപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും റിഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. വിദേശത്ത് അടക്കം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് സുപ്രധാന വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള കളിക്കാരനുമാണ് റിഷഭ് പന്ത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ റിഷഭ് പന്തിനെ ഇതുവരെ ടി20 മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ അടക്കം വരാനിരിക്കുന്ന നിര്‍ണായക പരമ്പരകള്‍ കണക്കിലെടുത്ത് തിരിച്ചുവരവിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് റിഷഭ് പന്തിന് ഏകദിന ടീമിലും ഇപ്പോള്‍ അവസരം നല്‍കിയത്. റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു അടക്കമുള്ള ചില താരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായി. എല്ലാവരെയും 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുക എന്നത് ബുദ്ധിമുട്ടാണ്. ചിലര്‍ ഒഴിവാകും. കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണം. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ചിലരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അവസരമുണ്ടായിരുന്നു. അതുകൊണ്ട് നാളെ ആര്‍ക്കെങ്കിലും ഫോം നഷ്ടപ്പെട്ടാലോ പരിക്കുമൂലം വിട്ടുനില്‍ക്കേണ്ടിവന്നാലോ നമുക്ക് മികച്ച പകരക്കാരുണ്ട്. റിങ്കു സിങ് ടി20 ലോകകപ്പില്‍നിന്ന് പുറത്തായത് അദ്ദേഹത്തിന്റെ തെറ്റുകൊണ്ടല്ല. ചിലപ്പോള്‍ അങ്ങനെ സംഭവിക്കും’-അഗാര്‍ക്കര്‍ വിശദമാക്കി.
കളിക്കാര്‍ക്ക് ടീമില്‍ തുടര്‍ച്ച നല്‍കാതെ ഇടക്കിടെ മാറ്റുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഗൗതം ഗംഭീറാണ് മറുപടി നല്‍കിയത്. കളിക്കാരുടെ തുടര്‍ച്ച പ്രധാനമാണെന്നും എന്നാല്‍ ഏതെങ്കിലും കളിക്കാരന്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ള താരമാണെങ്കില്‍ അയാളെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും ഗംഭീര്‍ വിശദീകരിച്ചു. ഇന്ത്യക്കൊപ്പം അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ചുറിയുമായി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ് സഞ്ജു. പക്ഷെ എന്നിട്ടും ലങ്കയുമായുള്ള പരമ്പരയില്‍ അദ്ദേഹത്തിനു ഇടം ലഭിച്ചില്ല. ഇന്ത്യന്‍ ടീം കോച്ചാവും മുമ്പ് സഞ്ജുവിന്റെ പ്രതിഭയെയും ഷോട്ടുകളെക്കുറിച്ചുമെല്ലാം പല തവണ പുകഴ്ത്തിയിട്ടുള്ളയാളാണ് ഗംഭീര്‍. കഴിഞ്ഞ ഏകദിന ലോകകപ്പിലുള്‍പ്പെടെ അദ്ദേഹം തഴയപ്പെട്ടപ്പോള്‍ ഗംഭീര്‍ ഇതിനെ ചോദ്യവും ചെയ്തിരുന്നു. എന്നാല്‍ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായെത്തിയിട്ടും സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
English summary ; Why Pant instead of Sanju
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.