സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. 1966ലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആർഎസ്എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയം. ഈ മാസം ഒമ്പതിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തു പോലും തുടര്‍ന്നുവന്ന വിലക്കാണ് മോഡി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ 1948ല്‍ ഗാന്ധി വധത്തെത്തുടര്‍ന്ന് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തി. നല്ല രീതിയില്‍ മുന്നോട്ടുപോവുമെന്ന ഉറപ്പില്‍ പിന്നീട് ആ നിരോധനം പിന്‍വലിച്ചു. അതിനു ശേഷം ആര്‍എസ്എസ് നാഗ്പൂരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയില്ല. ഇതിനെത്തുടര്‍ന്നാണ് 1966ല്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ബ്യൂറോക്രസിക്ക് ഇനി മുതല്‍ നിക്കറില്‍ വരാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്നും നടപടിയില്‍ അദ്ദേഹം പരിഹസിച്ചു. അതേസമയം കേന്ദ്രത്തിന്റേത് ശരിയായ തീരുമാനമാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു.
English Summary: RSS ban on government employees lifted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.