21 December 2024, Saturday
KSFE Galaxy Chits Banner 2

വാക്കൗട്ടും ബഹളവും ചോദ്യോത്തരങ്ങളുമായി ചന്ദ്രനില്‍ ഒരു പാര്‍ലമെന്റുസമ്മേളനം

Janayugom Webdesk
രാമപുരം
July 24, 2024 10:09 pm

ചന്ദ്രനിലെ ധാതുക്കള്‍ കൊള്ളയടിക്കാനും ചന്ദ്രനെ മലിനമാക്കുന്ന ടൂറിസം പ്രോത്സാഹിപ്പിക്കാനും ഭൂമിയിലെ മനുഷ്യര്‍ നടത്തുന്ന നീക്കം തടയണമെന്ന അടിയന്തരപ്രമേയവുമായി ചന്ദ്രനിലെ പ്രതിപക്ഷനേതാവ്. ആ ആശങ്ക അസ്ഥാനത്താണെന്നു ചന്ദ്രനിലെ വിദേശകാര്യമന്ത്രി. മന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം വാക്കൗട്ട് നടത്തി. ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി പത്തിയൂര്‍ സി. വി. രാമന്‍ യുറീക്ക ബാലവേദി രാമപുരം ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ചാന്ദ്രപാര്‍ലമെന്റില്‍ ആയിരുന്നു സംഘര്‍ഷവും കൗതുകവും മുറ്റിനിന്ന ഈ മുഹൂര്‍ത്തങ്ങള്‍. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്നാണ് പാര്‍ലമെന്റ് സംഘടിപ്പിച്ചത്.

ചന്ദ്രനിലെ സാങ്കല്പികമനുഷ്യരുടെ സാങ്കല്പികപാര്‍ലമെന്റാണ് ശാസ്ത്രകൗതുകങ്ങളും നര്‍മ്മവുംകൊണ്ട് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും ആകര്‍ഷിച്ചത്. ചോദ്യോത്തരവേളയോടെ ആയിരുന്നു തുടക്കം. ചന്ദ്രന്റെ ഒരു മുഖം മാത്രമേ ഭൂമിയിലുള്ളവര്‍ക്ക് എന്നും കാണാനാവുന്നുള്ളൂ, ഇതു പരിഹരിക്കാന്‍ ചാന്ദ്രസര്‍ക്കാര്‍ ഇടപെടുമോ എന്നതായിരുന്നു ഒരു അംഗത്തിന്റെ ചോദ്യം. അതിനു ഗതാഗതമന്ത്രി പറഞ്ഞ മറുപടി പ്രതിപക്ഷത്തിനു സ്വീകാര്യമായില്ല. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ചന്ദ്രന്റെ ഭ്രമണവും പ്രദക്ഷിണവും സാമാജികരുടെ സഹായത്തോടെ സഭയുടെ നടുത്തളത്തില്‍ ആവിഷ്‌ക്കരിച്ചു വിശദീകരിച്ചു.

വളരെപ്പണ്ട് ചന്ദ്രന്റെ ഇരുവശവും ഭൂമിക്കു കാണാമായിരുന്നു എന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ പിടിച്ചായി അടുത്തചോദ്യം. ”ആ സ്ഥിതി മാറിയിട്ട് ഈ സര്‍ക്കാര്‍ എന്തു ചെയ്തു?” ഒടുവില്‍ മുഖ്യമന്ത്രി എഴുന്നേറ്റ് വിശദീകരണം നല്കിയശേഷമേ പ്രതിപക്ഷം അടങ്ങിയുള്ളൂ. എല്ലാ കറുത്തവാവിനും സൂര്യഗ്രഹണം ഉണ്ടാകാത്ത കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ അനാസ്ഥയെ മറ്റൊരംഗം കുറ്റപ്പെടുത്തി. എല്ലാദിവസവും പൂര്‍ണ്ണചന്ദ്രനെ ഭൂമിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനാകാത്തതും ചോദ്യമായി വന്നു. ഊര്‍ജ്ജമന്ത്രിയാണ് അതിനു മറുപടി നല്കിയത്. അതിനും നടുത്തളത്തില്‍ പരീക്ഷണങ്ങള്‍ കാണിക്കേണ്ടിവന്നു.

ഗ്രഹണസമയത്തു പുറത്തിറങ്ങരുതെന്നും ആഹാരം കഴിക്കരുതെന്നുമൊക്കെ ഭൂമിയില്‍ കേരളം എന്ന നാട്ടിലെ അന്ധവിശ്വാസികളായ ചില മനുഷ്യര്‍ കരുതുന്നുവെന്നും ആ അപമാനം മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആയി മറ്റൊരംഗം. വിദേശകാര്യമന്ത്രി അതിനു മറുപടി നല്കി. ചോദ്യങ്ങളും ഉപചോദ്യങ്ങളും മറുപടിയും പരീക്ഷണങ്ങളും ബഹളവും ഒക്കെയായി കത്തിക്കയറിയ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു അടിയന്തരപ്രമേയത്തിന്റെ നോട്ടീസും വോക്കൗട്ടും. തുടര്‍ന്ന് നിയമനിര്‍മ്മാണത്തിന്റെ ഭാഗമായി ചന്ദ്രനിലേക്കുള്ള മനുഷ്യരുടെ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ചയും നടന്നു.

ബാലവേദിയംഗങ്ങളായ എസ്. ഫാരീസ് അലി മുഖ്യമന്ത്രിയും ആരാധ്യ അമല്‍ പ്രതിപക്ഷനേതാവും ആയ പാര്‍ലമെന്റില്‍ ആര്‍. ദേവനാരായണന്‍ സ്പീക്കറായി. എന്‍. ഫിദ ഫാത്തിമ പ്രതിരോധമന്ത്രിയും എസ്. പി. ദേവേന്ദു വിദേശകാര്യമന്ത്രിയും പി. ആര്‍. നിരുപമ ഊര്‍ജ്ജമന്ത്രിയും ആയിഷ അലി ഗതാഗതമന്ത്രിയും ആയി. ചോദ്യം ചോദിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തും സാമാജികരായ ഫാദിയ നാസര്‍, ഹക്‌സ എസ്. അനീഷ്, ബി. അമല്‍ കൃഷ്ണന്‍, എസ്. ദിയശ്രീ, ആര്‍ച്ച രാജ്, ഫിദ, ജെ. സൂര്യകിരണ്‍, എ. ആര്‍. ബ്രഹ്‌മ, റെയ്ന എസ്. അനീഷ്, എസ്. അതുല്യ, ആര്‍ജ്ജവ് എം. നാരായണ്‍, എം. മാധവ്, എസ്. വാസുദേവ്, എം. ശ്രീബാല, ആര്‍. ഗൗരി, പി. ഐശ്വര്യ കൃഷ്ണന്‍, എസ്. മാധവ്, അമയ രഞ്ജിത്ത്, അഭിനന്ദ് അനില്‍, യു. അഖിലേഷ്, അനന്യ ഗോപന്‍, എ. അഞ്ജന, കെ. സരയു, എ. ആദിനാഥ് തുടങ്ങിയവരും പാര്‍ലമെന്റ് നടപടികള്‍ ചടുലമാക്കി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി കെ. ലത, ബാലവേദി കണ്‍വീനര്‍ ഡി. ചന്ദ്രലേഖ, ആദര്‍ശ് ഗോപിനാഥ്, സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എം. പ്രവദ, അദ്ധ്യാപകരായ എ. ജയശ്രീ, എസ്. ദീപ എ. എം. ഷീജ, പി. റഫീദ, എല്‍. അശ്വനി, ഐ. റഹ്ബാനത്ത്, എസ്. അനൂജ എന്നിവരാണ് പരിശീലനം നല്കി വിദ്യാര്‍ത്ഥികളെ പാര്‍ലമെന്റിനു സജ്ജരാക്കിയത്. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഷീജ പ്രസന്നന്‍, മേഖലാസെക്രട്ടറി നിസാര്‍ പൊന്നാരേത്ത്, മേഖലാക്കമ്മിറ്റി അംഗം അനില്‍ ബോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിത്രങ്ങളും ക്യാപ്ഷനുകളും:


1. എല്ലാ അമാവാസിക്കും സൂര്യഗ്രഹണം ഉണ്ടാകാത്തത് സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവയുടെ ചലനം ആവിഷ്‌ക്കരിച്ചു ചാന്ദ്രപാര്‍ലമെന്റില്‍ വിശദീകരിക്കുന്ന ഊര്‍ജ്ജമന്ത്രി പി. ആര്‍. നിരുപമ

2. എല്ലാദിവസവും പൂര്‍ണ്ണചന്ദ്രനെ കാണാത്തതിനെപ്പറ്റിയുള്ള ചാന്ദ്രപാര്‍ലമെന്റിലെ ചോദ്യത്തിനുള്ള മറുപടിക്കിടെ സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവയുടെ ചലനം സാമാജികര്‍ ആവിഷ്‌ക്കരിക്കുന്നു.

3. എല്ലാദിവസവും പൂര്‍ണ്ണചന്ദ്രനെ കാണാത്തതിനെപ്പറ്റിയുള്ള ചാന്ദ്രപാര്‍ലമെന്റിലെ ചോദ്യത്തിനുള്ള മറുപടിക്കിടെ സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവയുടെ ചലനം സാമാജികര്‍ ആവിഷ്‌ക്കരിക്കുന്നു. പിന്നില്‍ സ്പീക്കര്‍.

4. ചാന്ദ്രപാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി സംസാരിക്കുന്ന പ്രതിപക്ഷനേതാവ് ആരാധ്യ അമല്‍.

5. ചാന്ദ്രപാര്‍ലമെന്റില്‍ ചോദ്യത്തിനു മന്ത്രി വ്യക്തമായ മറുപടി പറയാത്തതില്‍ പ്രതിഷേധിക്കുന്ന സാമാജിക ഫാദിയ നാസര്‍.

Eng­lish sum­ma­ry ; A par­lia­men­tary ses­sion on the moon with walk­outs, noise and ques­tions and answers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.