22 December 2024, Sunday
KSFE Galaxy Chits Banner 2

ദുരന്ത മേഖലയിൽ അടിയന്തര സഹായം: മന്ത്രി ജെ ചിഞ്ചു റാണി

Janayugom Webdesk
കല്പറ്റ
August 1, 2024 9:09 pm

മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉരുക്കളെ നഷ്ടപ്പെട്ടവർക്കും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കും അടിയന്തര സഹായം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വയനാട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് ജില്ലയിലെ മിൽമയിലെ ക്ഷീരസംഘങ്ങൾ സഹായദൗത്യത്തിന് നേതൃത്വം നൽകണം. ഇതിനായുള്ള ഉത്തരവ് ഇന്നുതന്നെ ഇറങ്ങും. ക്ഷീരകർഷകരെ ആദ്യം സഹായിക്കേണ്ട ഉത്തരവാദിത്വം ക്ഷീരസംഘങ്ങൾക്കുണ്ട് സംഘങ്ങൾ തന്നെ പണം മുടക്കി കാലിത്തീറ്റ ഉൾപ്പെടെയുള്ള ഉത്പാദന ഉപാധികൾ ലഭ്യമാക്കണം. പിന്നീട് ഇതിനായി സർക്കാർ അവർക്ക് പണം നൽകും ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഇതിനായി ധനം അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീറ്റകൾക്കും മരുന്നിനും വലിയ മൃഗങ്ങൾക്കും ചെറുമൃഗങ്ങൾക്കുമായി പ്രത്യേകം സഹായധനം അനുവദിക്കും. പശുക്കളെ നഷ്ടപ്പെട്ടവർക്കും സഹായം നൽകുന്നുണ്ട്. തീറ്റപ്പുല്ല് സമീപജില്ലകളിൽ നിന്നും എത്തിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കർണാടകയിൽ നിന്നും മറ്റും എത്തുന്നപാലിനും തീറ്റക്കും ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഇടപെട്ട് നിരോധനം നീക്കും. 

ചൂരൽമല ദുരന്തത്തിന്റെ ഒടുവിൽ കണക്കെടുക്കുമ്പോൾ വയനാട് ജില്ലയിൽ പതിനെണ്ണായിരം ലിറ്റർ പാലിന്റെ കുറവ് പ്രതിദിനം ഉണ്ട്. ചത്തുപോയ ഉരുക്കളെ കൃത്യമായി മറവ് ചെയ്യുവാനും മറ്റുള്ളവയെ മാറ്റിപ്പാർപ്പിക്കാനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ എമർജൻസി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. സർവകലാശാലയിൽ നിന്നും പ്രൊഫസർമാരും വിദ്യാർത്ഥികളും ഉൾപ്പെട്ട ടീം വയനാട് ജില്ലയിലെ വിവിധ ക്ഷീര മേഖലകളിൽ മൃഗസംരക്ഷണ ക്യാമ്പുകൾ നടത്തും. ചൂരൽമലയിലും മുണ്ടക്കൈയിലും ഒക്കെ പുതിയ സംരംഭകർ വരേണ്ടതുണ്ട് അവർക്കായി സഹായങ്ങൾ നൽകും ക്ഷീരഗ്രാമം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വയനാട് ജില്ലയിൽ കൂടുതൽ പ്രാധാന്യം നൽകും. പൊതുമേഖലാ ബാങ്കുകൾ ഈ രംഗത്ത് ലോണുകൾ നൽകണം. അതിനുള്ള പലിശ സർക്കാർ അടയ്ക്കും.
അതി ദരിദ്രർക്ക് തൊണ്ണൂറ്റിയഞ്ച് ശതമാനം സബ്സിഡിയിൽ പശുക്കളെ നൽകുമെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, ക്ഷീരവികസന വകുപ്പ്, വെറ്റിനറി സർവകലാശാല, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് മിൽമ എന്നിവയുടെ പ്രവർത്തനങ്ങൾ ദുരന്തഭൂമിയിൽ ഏകോപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ചത്തുപോയ പശുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പോസ്റ്റുമോർട്ടം ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ, വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, രജിസ്ട്രാർ എസ്. സുധീർ ബാബു, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. ആർ രാജീവ് ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ്, ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ശാലിനി ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഫെമി, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടർ ഡോ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Emer­gency relief in dis­as­ter areas: Min­is­ter J Chinchu Rani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.