23 December 2024, Monday
KSFE Galaxy Chits Banner 2

ധനവിഹിതവിതരണത്തിലെ രാഷ്ട്രീയം

Janayugom Webdesk
August 4, 2024 5:00 am

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) യുടെ കണക്കനുസരിച്ച് രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് മേയ് മാസത്തിൽ ഏഴ് ശതമാനമായിരുന്നത് ജൂൺ കഴിയുമ്പോൾ 9.2 ശതമാനമായി കുത്തനെ ഉയർന്നു. ഈ കൊടിയ പ്രതിസന്ധിയെ അതിന്റെ ഗൗരവത്തിൽ നേരിടാനോ കരകയറാൻ ഉതകുന്ന പദ്ധതികൾ മെനയാനോ കേന്ദ്ര ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വറുതിയുടെ കരിനിഴലിലാണ്. എങ്കിലും ഗുരുതരമായ അവസ്ഥകള്‍ പരിഹരിക്കാനുള്ളതൊന്നുമില്ല. വരവ് ചെലവ് കണക്കുകൾ ഒഴികെ വരും സാമ്പത്തിക വർഷത്തേക്ക് ഒന്നും തന്നെ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലില്ല. രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കേന്ദ്ര ബജറ്റ്. സമ്പദ്‌വ്യവസ്ഥ രാഷ്ട്രീയത്തിൽ കരുത്തോടെ ഇടപെടാറുണ്ട്. അത് ചരിത്രത്തിന്റെ ഏടുകളിൽ കണ്ടെത്താനുമാകും. കാർഷിക മേഖലയെയും തൊഴിൽ സാഹചര്യങ്ങളെയും മെച്ചപ്പെടുത്തിയെന്ന ചില മിഥ്യാ അവകാശവാദങ്ങൾ ബജറ്റ് പ്രസംഗത്തിൽ വിവരിച്ചതിന് തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലേ‌ക്ക് കടന്നു ധനമന്ത്രി. ആ സംസ്ഥാനങ്ങൾക്കായി ഏറെ പണിപ്പെട്ട് സാധ്യമാക്കിയ പ്രത്യേക വ്യവസ്ഥകൾ ആഘോഷിച്ചു. ഒരേ താല്പര്യത്തോടെ ഭരണത്തിലേർപ്പെട്ടിരിക്കുന്ന പാർട്ടികളാണ് ബിഹാറിലും ആന്ധ്രയിലുമുള്ളത്. ബിഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറും (ജനതാദൾ (യുണൈറ്റഡ്), ആന്ധ്രയിലെ ചന്ദ്രബാബു നായിഡു (തെലുങ്ക് ദേശം)വും ദേശീയ ജനാധിപത്യ സഖ്യവുമായി ചേർന്നുനിൽക്കുന്നവരുമാണ്. 

കേന്ദ്രസഹായം വർധിപ്പിക്കണമെന്നും പ്രത്യേക പരിഗണന വേണമെന്നുമുള്ള ആവശ്യങ്ങളോട് പ്രധാനമന്ത്രി മോഡി മുഖംതിരിച്ചപ്പോൾ മോഡിയുടെ മതേതര യോഗ്യതകളിൽ അവർ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതിനെ മറികടക്കാൻ ബിഹാറിന് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 59,000 കോടി ബജറ്റിൽ അനുവദിച്ചു. ചന്ദ്രബാബു നായിഡുവിന് ആന്ധ്രയുടെ വികസനത്തിനായി ഒരു ലക്ഷം കോടിയും സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായവും ലഭിച്ചു. രാജ്യത്തിനാകെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കുമെന്നും ധനമന്ത്രി വാഗ്ദാനം ചെയ്തു. 

കേന്ദ്ര സർക്കാരിന്റെ ധനവിഹിതം തുല്യമായ രീതിയിൽ വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തൊഴിലില്ലായ്മ സ്ഥിരമായും കുത്തനെയും ഉയരുന്നത് തടയുന്നതിൽ ചിന്തയില്ലാത്ത ഭരണകൂടം രാജ്യത്തിന്റെയും യുവജനതയുടെയും ദൗർഭാഗ്യമാണ്. അനൗപചാരിക മേഖലയിൽ ഏഴു വർഷത്തിനിടെ 16.45 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. 2024ലെ ബജറ്റ് പ്രസംഗത്തിൽ സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പുരുഷന്മാരെക്കാൾ വളരെ കൂടുതലാണെന്ന് വ്യക്തമായിരിക്കുന്നു. ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ വർധിക്കുന്നു. കൂടുതൽ തൊഴിലധിഷ്ഠിത പരിശീലന സൗകര്യങ്ങൾ ഉണ്ടെങ്കിലും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേരും ഇപ്പോഴും തൊഴിലില്ലാത്തവരാണ്. 2024–25ലെ ബജറ്റിൽ ചെറുകിട വ്യവസായങ്ങളെക്കുറിച്ചോ അവ വർധിക്കുകയും നിലനിൽക്കുകയും ചെയ്യേണ്ട ആവശ്യങ്ങളോ അതിനുള്ള മാർഗങ്ങളോ വിശദമാക്കിയിട്ടില്ല. തൊഴിലില്ലായ്മയുടെ കാരണങ്ങൾ പരിഹരിക്കുന്നതിന് സൃഷ്ടിപരമായ സമീപനം ആവശ്യമാണ്. ദൈനംദിന ജീവിതത്തിന്റെ ആശങ്കകൾ തരണം ചെയ്യാനുതകുന്നതും അവശ്യവസ്തുക്കൾ നേടാൻ വേണ്ടതുമായ പ്രതിഫലം ഉറപ്പാക്കുന്ന ജോലികളോ സൂചനകളോ ബജറ്റിൽ ഇല്ല. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ്, ജൂലൈ 11ന് പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി നടത്തിയ യോഗത്തിൽ നിർമ്മാണ മേഖല, ഗ്രാമീണ വാണിജ്യ പ്രവർത്തനങ്ങളിലെ മുൻതൂക്കം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി‌ക്കുമെന്ന് സൂചന നൽകിയിരുന്നു. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും അതുമായി ഇഴചേർന്നതും ഉൾപ്പെടേണ്ടതുമായ വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ബജറ്റ് ചർച്ചകളിൽ അത് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് കേന്ദ്രം ധനസഹായം നൽകുന്ന പദ്ധതികളിൽ. പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംസ്ഥാനങ്ങൾക്ക് താല്പര്യമില്ലെന്നും മോഡി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയിൽ നരേന്ദ്ര മോ‍ഡി പ്രത്യേക ഊന്നൽ നൽകുന്നതായും തോന്നി. 2047ഓടെ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലെത്താനുള്ള സ്വപ്നത്തെക്കുറിച്ച് പറയുമ്പോൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരിക്കണം ആദ്യചുവട്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും ഉല്പാദനമേഖലയിലും മാന്ദ്യവും ക്ലേശങ്ങളും നിലനിൽക്കുകയാണ്. ഗ്രാമീണ പ്രശ്നങ്ങളിലേക്ക് കടക്കാതെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു ചർച്ചയും പൂർണവുമാകില്ല. ഗ്രാമീണ മേഖലയിൽ വരുമാനം നിലച്ച അവസ്ഥയിലാണ്. 

ഗ്രാമീണമേഖലയെ ബലപ്പെടുത്താനുള്ള സമീപനങ്ങളും നടപടികളും ആരംഭത്തിൽ തന്നെ നിലയ്ക്കുകയും ചെയ്തു. കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മൂർത്തമായ നടപടികളിലും വ്യക്തതയില്ല. കർഷകരുടെ പ്രധാന ആവശ്യം താങ്ങുവിലയാണ്. അതിലാകട്ടെ യാതൊരു തീരുമാനവുമില്ല. പ്രധാനമന്ത്രി ‘തൊഴിലാളിയുടെ മാന്യത’യെക്കുറിച്ച് ഘോഷിച്ചു. എന്നാൽ അധ്വാനിക്കുന്നവർ പട്ടിണിയിലല്ലെങ്കിൽ മാത്രമേ ഏത് മാന്യതാ ഘോഷണത്തിനും വിലയുള്ളൂ എന്നത് മറന്നു. രണ്ട് മുതൽ ഒമ്പത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ 24 മണിക്കൂറില്‍ കൂടുതൽ പട്ടിണി കിടക്കുന്നുവെന്ന് സിഎംഐഇ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യാന്തര പട്ടിണി കണക്കിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്താണ്. ഇത്തരം റിപ്പോർട്ടുകളെ ഭരണകൂടം എതിർക്കുമ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതും നിത്യപട്ടിണി അനുഭവിക്കുന്നതുമായ 40 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന യാഥാർത്ഥ്യം മറയില്ലാതെ നിൽക്കുന്നു. നിലവിലെ റിപ്പോർട്ടില്‍ രാജ്യത്തിന്റെ പട്ടിണി സൂചികാ സ്കോർ 28.7 ആണ്. ശിശുക്കളിൽ 3.1 ശതമാനം അഞ്ച് വയസിന് മുമ്പ് മരിക്കുന്നു. മൊത്തം ജനസംഖ്യയുടെ 16.6 ശതമാനവും പോഷകാഹാര‌ക്കുറവ് അനുഭവിക്കുന്നു. ആഹാരമില്ലാത്തവർ എന്നൊരു വിഭാഗവും രാജ്യത്ത് നിലവിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.