22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
November 26, 2024
November 26, 2024
November 19, 2024
November 16, 2024
November 16, 2024

വയനാട് ദുരന്തം; പുത്തുമലയില്‍ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ സംസ്കാരച്ചടങ്ങുകൾ തുടങ്ങി

ജോമോന്‍ ജോസഫ്
കല്പറ്റ
August 4, 2024 6:00 pm

ഉരുള്‍ദുരന്തത്തില്‍ ജീവനറ്റ് തിരിച്ചറിയാതെ പോയവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു തുടങ്ങി. മുണ്ടക്കെെ, ചൂരല്‍മല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അവസാനഘട്ടത്തിലേക്കെത്തി. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ ജനവാസമില്ലാത്ത മേഖലയിലെ ഭൂമിയിലാണ് എല്ലാവരെയും സംസ്കരിക്കുന്നത്. ഹാരിസണ്‍സ് മലയാളം ലിമിറ്റഡാണ് പുത്തുമലയിലെ ഭൂമി പൊതുശ്മശാനത്തിനായി നല്‍കിയത്. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ആകെ 32 കുഴികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സര്‍വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം എട്ട് മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ സംസ്കരിച്ചു. കാണാതായവരുടെ ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരുമായി നിരവധി പേര്‍ ചടങ്ങിനെത്തി. തിരിച്ചറിയാന്‍ ബാക്കിയുള്ള മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടുത്ത ദിവസങ്ങളിലായി സംസ്കരിക്കും. മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം ആരംഭിച്ചിട്ടുണ്ട്. 

അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽ യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും വിന്യസിച്ചു കൊണ്ടുള്ള തിരച്ചിലാണ് ഇന്നലെ നടന്നത്. സ്കാനർ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. ഇതിനാല്‍ പുഞ്ചിരിമട്ടം ഭാഗത്ത് ഇനി തിരച്ചില്‍ തുടരുന്നതില്‍ കാര്യമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ അഭിപ്രായം.

ഇന്ന് പരപ്പൻപാറയിൽ നിന്നും നിലമ്പൂരിൽ നിന്നുമായി രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പരപ്പൻപാറ ഭാഗത്ത് സൂചിപ്പാറയിൽ പാറയുടെ അടിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം ഹെലികോപ്റ്ററിൽ മേപ്പാടിയില്‍ എത്തിച്ചു. നിലമ്പൂരിൽ നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്നും ഒരാളുടെയും ശരീരഭാഗങ്ങൾ ലഭിച്ചു. ആറ് മേഖലകളിലായി ഇന്നലെ വിവിധ സേനകളും സന്നദ്ധപ്രവർത്തകരും അടങ്ങിയ 1,300 പേരാണ് തിരച്ചിൽ നടത്തിയത്. ഇവർക്കു പുറമെ രജിസ്റ്റർ ചെയ്ത 1,700 വോളണ്ടിയർമാരും 188 ടീമുകളായി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,246 പേരെയാണ് പാർപ്പിച്ചിട്ടുള്ളത്. ദുരന്തത്തിൽ നഷ്ടപ്പെട്ടുപോയ എസ്എസ്എൽസി, പ്ലസ് ‍ടു സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

അതിനിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു നല്‍കുന്നുണ്ട്. സന്നദ്ധ പ്രവർത്തകർക്കോ, പുറത്തുള്ളവർക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാൻ അനുവാദമില്ല. കളക്ഷൻ പോയിന്റില്‍ ഏല്പിക്കുന്ന ഭക്ഷണം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷമാണ് വിതരണം ചെയ്യുന്നത്.

ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിൽ റവന്യുവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. മേപ്പാടി പോളിടെക്നിക് കോളജിൽ സജ്ജീകരിച്ച പൊതുഅടുക്കളയിൽ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകള്‍ കളക്ഷൻ പോയിന്റുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തത്. 

Eng­lish Sum­ma­ry: Wayanad Tragedy; Cre­ma­tion of uniden­ti­fied dead bod­ies in Puthumala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.