19 December 2024, Thursday
KSFE Galaxy Chits Banner 2

അനന്തിരവൻ കോംപ്ലക്സ് ബാധിച്ച ഗവർണർ

വി ദത്തന്‍
August 5, 2024 4:00 am

പണ്ട് മരുമക്കത്തായം നിലനിന്ന കാലത്ത് കുട്ടികളെ ശിക്ഷിച്ചും ഉപദേശിച്ചും വളർത്താനുള്ള ചുമതലയും അധികാരവും അമ്മാവന്മാർക്കായിരുന്നു. എത്ര ശിക്ഷിച്ചാലും നന്നാകാത്ത അനന്തിരവന്മാരും അനന്തിരവന്മാരെ (മരുമക്കളെ)ശിക്ഷിക്കുന്നതിൽ ഹരം കൊണ്ടിരുന്ന അമ്മാവന്മാരും അന്ന് സുലഭമായിരുന്നു. ഒരിക്കൽ അല്പസ്വല്പം വകതിരിവ് വന്ന പ്രായത്തിലുള്ള അനന്തിരവനെ അനുസരണക്കേട് കാണിച്ചതിന് അമ്മാവൻ തല്ലി. അടി അതിന്റെ മൂർധന്യത്തിൽ എത്തിയപ്പോൾ അവൻ അമ്മാവനോട് ചോദിച്ചു: “എന്തിനാ അമ്മാവാ എന്നെ തല്ലുന്നെ? ഞാൻ നന്നാകില്ല.” എത്രകൊണ്ടാലും നന്നാകില്ല എന്ന് വ്രതമെടുത്ത ഇത്തരം അനന്തിരവൻ കോംപ്ലക്സ് ഉള്ളവർ ഇപ്പോഴുമുണ്ട്. ചെറുപ്പത്തിന്റെ ചോരത്തിളപ്പ് കൊണ്ട് നന്നാകില്ല എന്ന് വാശിപിടിക്കുന്നത് കുറച്ചൊക്കെ മനസിലാക്കാം. പക്ഷേ 70ഉം 80ഉം വയസുകഴിഞ്ഞാലും ഇത്തരം മനോഭാവവുമായി നടക്കുന്നവർ നമ്മെ അത്ഭുതപ്പെടുത്തും. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ ഒരു കോംപ്ലക്സ് ബാധിച്ച ആളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ഗവർണർ ചെയ്യുന്ന നടപടികൾ പലതും നിയമവിരുദ്ധമായതിനാൽ പരമോന്നത നീതി പീഠം ഉൾപ്പെടെയുള്ള വിവിധ കോടതികൾ അവ റദ്ദുചെയ്തുകൊണ്ടിരിക്കുകയാണ്. 

മോഡി സര്‍ക്കാരിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെങ്കിൽ പോലും സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. വിശേഷിച്ചും സർവകലാശാലകളെ സംബന്ധിച്ച കാര്യങ്ങളിൽ. ഏറ്റവുമൊടുവിൽ കേരള സാങ്കേതിക സർവകലാശാലയിൽ (കെടിയു) വൈസ് ചാൻസലറെ കണ്ടെത്താൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയും കഴിഞ്ഞദിവസം ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഒരു മാസത്തേയ്ക്കു സ്റ്റേ ചെയ്തത്.
കെടിയുവിലെ സെര്‍ച്ച് കമ്മിറ്റിയുടെ ഘടന നിശ്ചയിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം പരിഗണിക്കാതെ തന്നിഷ്ടപ്രകാരം പ്രതിനിധികളെ ഉൾപ്പെടുത്തി ചാൻസലർ കമ്മിറ്റിക്കു രൂപം നൽകിയതാണ് സർക്കാർ ചോദ്യം ചെയ്തത്. കേരള, എംജി, മലയാളം സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ഏതാനും ദിവസം മുമ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേരള സാങ്കേതിക സർവകലാശാലാ വിസി നിയമനത്തിന് വേണ്ടി തട്ടിക്കൂട്ടിയ സെർച്ച് കമ്മിറ്റി മുമ്പുതന്നെ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നതുമാണ്.
കേരളത്തിലെ 11 വെെസ്ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം തടഞ്ഞുകൊണ്ട് 2022 നവംബറിൽ ഹൈക്കോടതി, സർവകലാശാലാഭരണത്തിലെ ഗവർണറുടെ നിയമവിരുദ്ധ നടപടികൾക്കെതിരെ മുന്നറിയിപ്പ് നൽകിയതാണ്. 2023 മാർച്ചിൽ കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. അതോടൊപ്പം വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണവും കമ്മിറ്റി കൺവീനറുടെ നിയമനവും റദ്ദാക്കുകയുണ്ടായി. എന്നിട്ടും ഗവർണർ ഒന്നും പഠിച്ചില്ല. സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി ഇദ്ദേഹം ഡോ. സിസ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമെന്ന് കണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2023 മാർച്ചിൽ റദ്ദാക്കിയിരുന്നു. ഗവർണർക്ക് സർക്കാരിനെ മറികടന്ന് താൽക്കാലിക വിസിയെ നിയമിക്കാനാകില്ല. ഡോ. സിസയെ മാറ്റി, പകരം യുജിസി യോ​ഗ്യതയുള്ളവരെ സർക്കാരിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു.

“യൂണിവേഴ്സിറ്റിയിൽ വൈസ്ചാൻസലറുടെ താൽക്കാലിക ഒഴിവുണ്ടായാൽ, സർക്കാരിന്റെ ശുപാർശ പ്രകാരം മറ്റേതെങ്കിലും സർവകലാശാലയിലെ വൈസ്ചാന്‍സലറെയോ ഇതേ യൂണിവേഴ്സിറ്റിയിലെ പ്രോ വൈസ്ചാൻസലറെയോ ഹയർ എജ്യുക്കേഷൻ സെക്രട്ടറിയെയോ വിസിയായി താൽക്കാലികമായി നിയമിക്കാവുന്നതാണ്” എന്ന് 2015ലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ആക്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (വകുപ്പ് 13/7). ആ സ്ഥിതിക്ക് ഈ മൂന്നിനത്തിലും പെടാത്ത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ മാത്രമായ സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സാങ്കേതിക സർവകലാശാലാ നിയമത്തിന്റെ ലംഘനമാണ് എന്ന് പകൽപോലെ വ്യക്തമാണ്. കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളായി നാല് എബിവിപി പ്രവർത്തകരെ നോമിനേറ്റ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അധികം നാളായിട്ടില്ല. ആറാഴ്ചയ്ക്കുള്ളിൽ പുതിയ പട്ടിക സമർപ്പിക്കാൻ 2024 മേയ് 21ലെ കോടതി ഉത്തരവിൽ നിർദേശിച്ചിരിക്കയാണ്. സർവകലാശാലകളുടെ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് ഇങ്ങനൊക്കെ ചെയ്യാൻ അധികാരമുണ്ടെന്നവകാശപ്പെട്ടാണ് ആരിഫ് മുഹമ്മദ്ഖാൻ ഈ അതിക്രമങ്ങൾക്ക് മുതിരുന്നത്. അധികാരമുണ്ടെന്ന് കരുതി സർവകലാശാലാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുവാൻ അവകാശമോ സ്വാതന്ത്ര്യമോ ഇല്ല. മാത്രമല്ല, ഗവർണർക്ക് ഭരണഘടനാദത്തമായി കിട്ടിയതല്ല സർവകലാശാലകളുടെ ചാൻസലർ സ്ഥാനം. കേരള നിയമസഭ പാസാക്കിയ സർവകലാശാലാ നിയമങ്ങൾ കല്പിച്ചു കൊടുത്തതാണ്. അതുകൊണ്ട് തന്നെ ആ പദവി ഗവർണറിൽ നിന്നും എടുത്തുമാറ്റാനും നിയമസഭയ്ക്ക് അധികാരമുണ്ട്. ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്ന ബിൽ പാസാക്കി സർക്കാർ അത് തെളിയിക്കുകയും ചെയ്തു. പാസായി ഒരു കൊല്ലത്തിനു മേലായിട്ടും ബില്ലിൽ ഒപ്പിടാതെ ഒളിച്ചുകളിക്കുകയാണ് ആരാധ്യനായ കേരള ഗവർണർ. ഏറെനാൾ അങ്ങനെ ബില്ലിൻമേൽ അടയിരിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും ബാലിശമായ വാദമുഖങ്ങളുയർത്തി മുഖംതിരിച്ചു നിൽക്കുകയാണ് അദ്ദേഹം.

പകൽവെളിച്ചത്തിൽ നിന്നുകൊണ്ട് കണ്ണടച്ചാൽ ഗവർണർക്ക് മാത്രമേ ഇരുട്ട് അനുഭവപ്പെടൂ. സംസ്ഥാന സർക്കാരിനോടുള്ള പകയും വിദ്വേഷവും യൂണിയൻ സര്‍ക്കാരിന്റെ പ്രേരണയും കൊണ്ട് അന്ധനായ ഗവർണർ കോടതികളിൽ നിന്നും എത്ര പ്രഹരമേറ്റാലും പഠിക്കില്ലെന്ന വാശിയിലാണ്. കേരള നിയമസഭ പാസാക്കിയ നിയമങ്ങൾക്ക് മാത്രമല്ല, യുജിസി റെഗുലേഷനുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുവാൻ അദ്ദേഹത്തിനു മടിയില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗമാകെ താറുമാറാക്കുന്നതിനു പുറമേ നിരന്തര വ്യവഹാരങ്ങൾക്ക് കാരണമുണ്ടാക്കി സർക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാം എന്നും ഗവർണർ കരുതുന്നുണ്ടാകും. “മൂക്കു മുറിച്ചായാലും ശകുനം മുടക്കണം” എന്ന് ഇന്ദ്രപ്രസ്ഥത്തു നിന്ന് വ്യാജ ബിരുദക്കാരുടെയും ചോദ്യപ്പേപ്പർ കച്ചവടക്കാരുടെയും നിർദേശവും പിൻബലവും ആശീർവാദവും രാഷ്ട്രീയ കാലുമാറ്റത്തിന്റെ കുലപതിക്ക് കിട്ടിയിട്ടുമുണ്ടാകും. തോളിലിരുന്ന് ചെവി കടിക്കുന്ന ഇത്തരം നിയമ നിഷേധികളെ കേരളത്തെ ശല്യം ചെയ്യാൻ മേലിലെങ്കിലും അനുവദിച്ചുകൂടാ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.