19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024
September 5, 2024
September 3, 2024
September 3, 2024
September 3, 2024
August 29, 2024

ഇതായിരുന്നു ഞങ്ങളുടെ വീട്

കെ കെ ജയേഷ് 
കൽപറ്റ
August 7, 2024 7:32 pm

ഇതായിരുന്നു ഞങ്ങളെല്ലാം സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്… തകർന്നടിഞ്ഞു കിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആധാരവും മറ്റ് രേഖകളും പരതുന്നതിനിടയിൽ സുരേഷ് പറഞ്ഞു. ഉരുൾപൊട്ടലുണ്ടാവുന്നതിന്റെ തലേദിവസം അധികൃതരുടെ നിർദ്ദേശപ്രകാരം പുഞ്ചിരിമട്ടത്ത് നിന്നും മേപ്പാടി നെടുംകരണയിലെ വീട്ടിലേക്ക് മാറിയതാണ് സുരേഷും കുടുംബവും. ദിവസങ്ങൾക്ക് ശേഷം പുഞ്ചിരിമട്ടത്തേക്ക് തിരിച്ചുവന്നു നോക്കിയപ്പോൾ കാണുന്നത് തകർന്നടിഞ്ഞ വീടിന്റെ അവിശിഷ്ടം മാത്രമാണ്. തൊട്ടടുത്ത് വീടുണ്ടായിരുന്നതിന്റെ സൂചനകള്‍ പോലും അവശേഷിപ്പിക്കാതെ എല്ലാം അപ്രത്യക്ഷമായി. മുണ്ടക്കൈയ്ക്കും മുകളിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരി മട്ടം. സുരേഷിന്റെ വീടിന് കുറച്ചു മുകളിലേയ്ക്ക പോയാൽ വന പ്രദേശമാണ്. ഇവിടെ നിന്ന് അരക്കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഉരുൾപൊട്ടിയത്. 

കുത്തിയൊലിച്ചെത്തിയ മലവെള്ളവും പാറക്കൂട്ടങ്ങളും ഇവിടെയുള്ളതെല്ലാം തകർത്തെറിഞ്ഞാണ് താഴെ മുണ്ടക്കൈയേയും ചൂരൽമലയേയും കടപുഴക്കിയത്.
അധികൃതരുടെ നിർദ്ദേശപ്രകാരം മാറിത്താമസിച്ചതുകൊണ്ടു മാത്രമാണ് ജീവൻ രക്ഷപ്പെട്ടതെന്ന് പറയുമ്പോഴും സുരേഷിന്റെ മുഖത്ത് സങ്കടം നിറഞ്ഞിരുന്നു. വീടും നാടും നാട്ടുകാരും നഷ്ടപ്പെടതിന്റെ വേദന സഹിക്കാന്‍ കഴിയുന്നില്ല അദ്ദേഹത്തിന്. വീടിനൊപ്പം മുറ്റത്തുണ്ടായിരുന്ന രണ്ടു ബൈക്കുകളും തകർന്നു. ജെസിബി വീടിന്റെ അവശിഷ്ടങ്ങൾ കോരിയെടുക്കുമ്പോൾ വീടിന്റെ ആധാരവും മറ്റ് രേഖകളും തിരയുകയായിരുന്നു സുരേഷ്. അധികൃതർ അപകടമുന്നറിയിപ്പ് നൽകിയപ്പോൾ അതാരും കാര്യമായെടുത്തില്ലെന്ന് സുരേഷ് പറഞ്ഞു. മലവെള്ളപ്പാച്ചിലൊക്കെ ഇവിടങ്ങളില്‍ പതിവുള്ളതുകൊണ്ട് അതുപോലെയാവും എന്നാണ് എല്ലാവരും കരുതിയത്. ഇവിടെ തന്നെ നിന്ന സുഹൃത്തുക്കളും അയൽക്കാരുമെല്ലാം മരണപ്പെട്ടുവെന്ന് പറയുമ്പോൾ സുരേഷ് വിതുമ്പി. 

അപകടസൂചന സുരേഷും ആദ്യം കാര്യമായെടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടുസാധനങ്ങളൊന്നും മാറ്റിയില്ല. അതെല്ലാം ഉരുൽപൊട്ടലിൽ മണ്ണിനടിയിലായി. വീട്ടില്‍ നിന്ന് മാറുമ്പോഴും ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു അമ്മ. അതുകൊണ്ട് അമ്മ മേപ്പാടിയിലേക്ക് മാറാതെ അവർ ചൂരൽമലയിലെ ബന്ധുവീട്ടിൽ തങ്ങി. ഉരുൾപൊട്ടിയപ്പോൾ ആ വീടും മുങ്ങിപ്പോയിരുന്നു. അമ്മയേയും ബന്ധുവീട്ടിലുള്ളവരെയും രക്ഷപ്പെടുത്തി മേപ്പാടിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയും ഭാര്യയും മക്കളുമെല്ലാം സുരക്ഷിതരായതിന്റെ ആശ്വാസമുണ്ടെങ്കിലും ഇനിയെന്ത് ചെയ്യും എന്നറിയാതെ പകച്ചിരിക്കുകയാണ് സുരേഷിനെപ്പോലെ ദുരന്തത്തെ അതിജീവിച്ചവര്‍.

Eng­lish Sum­ma­ry: sur­vivors of wayanad tragedy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.