22 January 2026, Thursday

Related news

December 17, 2025
May 15, 2025
April 21, 2025
April 14, 2025
March 31, 2025
March 20, 2025
February 22, 2025
January 19, 2025
November 8, 2024
October 18, 2024

ചരിവുള്ള മലമ്പ്രദേശങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് തടഞ്ഞു

Janayugom Webdesk
കൊച്ചി
August 9, 2024 11:16 pm

കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളിൽനിന്ന് കെട്ടിടനിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു. കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽകൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. 

കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളിൽനിന്നു മണ്ണെടുക്കുന്നതു നിർത്താൻ നിർദേശം നൽകി ജിയോളജി ഡയറക്ടർ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെയാണ് മണ്ണെടുക്കുന്നത് തടഞ്ഞത്. സർക്കാരിൽനിന്നു കോടതി വിശദീകരണം തേടി. കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ജിയോ ടെക്നിക്കൽ അന്വേഷണ സർവീസ് നൽകുന്ന ഏതെങ്കിലും ഏജൻസിയുടെ അനുകൂല റിപ്പോർട്ട് സമർപ്പിക്കണമെന്ന ചട്ടത്തിലെ ഭേദഗതി ചോദ്യം ചെയ്തു തിരുവനന്തപുരം സ്വദേശി എസ് ഉണ്ണിക്കൃഷ്ണനാണ് ഹർജി നൽകിയത്. സ്വകാര്യ കമ്പനികൾക്ക് വിവേചനമില്ലാത്ത അധികാരം നൽകുന്നതാണ് നടപടിയെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇത്തരം പ്രദേശങ്ങളിൽ ബിൽഡിങ് പെർമിറ്റ് ലഭിക്കാനുള്ള വ്യവസ്ഥയായി ഐഐടി അല്ലെങ്കിൽ സമാനമായ സെന്റർ ഫോർ എർത്ത് സ്റ്റഡീസ് പോലെയുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി റിപ്പോർട്ട് നിർബന്ധമാക്കണമെന്നായിരുന്നു ആവശ്യം. 

ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്തത്. മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രശ്നവും ഇതുതന്നെയാണെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രദേശത്തു നടത്താവുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ഭൂമിക്ക് എത്രമാത്രം താങ്ങാനാവും എന്നതിനെക്കുറിച്ചുമുള്ള ഒരു പഠനവും നടത്താതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു ചെറിയ കുലുക്കമുണ്ടായാൽ ചീട്ടുകൊട്ടാരംപോലെ എല്ലാം തകർന്നു വീഴുമെന്ന സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു. 

Eng­lish Sum­ma­ry: The removal of soil from the slop­ing hill­sides was prevented

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.