22 November 2024, Friday
KSFE Galaxy Chits Banner 2

പ്രകൃതി ദുരന്തം: മഹാരാഷ്ട്രയ്ക്ക് 2984 കോടി; കേരളത്തിന് 291 കോടി മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2024 11:09 pm

ഈ സാമ്പത്തിക വർഷം പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേന്ദ്രം ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്ക്. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോൺസ് ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം ലഭിച്ചത് മഹാരാഷ്ട്രയ്ക്കാണ്. മഹാരാഷ്ട്രയ്ക്ക് മുൻ വർഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2,984 കോടി കേന്ദ്രം നൽകി.
മധ്യപ്രദേശിന് 1,686 കോടിയും രാജസ്ഥാന് 1,372 കോടിയും ഒഡിഷയ്ക്ക് 1,485 കോടിയും കിട്ടി. ഉത്തർപ്രദേശിന്‌ 1,791, ഉത്തരാഖണ്ഡ് 868, ഗുജറാത്ത് 1,226 കോടിയുമാണ് ലഭിച്ചത്. കേരളത്തിനാകട്ടെ ഈ വർഷം 291 കോടി രൂപ മാത്രമാണ് പ്രകൃതി ദുരന്തം നേരിടാൻ കേന്ദ്ര വിഹിതമായി കിട്ടിയത്. സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന തമിഴ്‌നാടിന് 944യും കർണാടകയ്ക്ക് 732 കോടിയുമാണ് നല്‍കിയത്.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥകളില്ലെന്ന മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ 2013ല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി ഉയര്‍ത്തിയാണ് കേന്ദ്രവും ബിജെപിയും സംസ്ഥാനത്തിന്റെ ഈ ആവശ്യത്തിനെതിരെ പ്രതിരോധം ഉയര്‍ത്തുന്നത്.

ഒരു സംസ്ഥാനത്തെ മൂന്നിലൊന്നു ജനവിഭാഗങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ദുരന്തങ്ങളെയാണ് ദേശീയ ദുരന്തമായി പരിഗണിക്കുക. ഇതില്‍ത്തന്നെ ദുരന്തത്തിന് ഇരയായ സംസ്ഥാനത്തിന് അത് മറികടക്കാന്‍ സാധ്യത ഇല്ലെന്നു കേന്ദ്രത്തിനു ബോധ്യപ്പെടുകയും വേണം. ഇത്തരം നിരവധി കടമ്പകള്‍ കടന്നാലേ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകൂ.
ദുരന്തത്തിന്റെ വ്യാപ്തിയും തീവ്രതയും, കഷ്ടനഷ്ടങ്ങളുടെ കണക്കുകള്‍, പുനരധിവാസം, സംസ്ഥാനത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് കേന്ദ്ര സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കേന്ദ്രം അധിക തുക അനുവദിക്കുക. നഷ്ടങ്ങളുടെ കണക്കുകള്‍, പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകൂടി പരിഗണിച്ച ശേഷമാകും തീരുമാനം. 

Eng­lish Sum­ma­ry: Nat­ur­al dis­as­ter: 2984 crore for Maha­rash­tra; 291 crores for Ker­ala only

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.