19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

അച്യുതമേനോന്‍ നവകേരള ശില്പികളില്‍ ഒന്നാമന്‍: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
August 12, 2024 5:56 pm

നവകേരളത്തിന്റെ ശില്പികളില്‍ ആദ്യം പറയേണ്ട പേരാണ് സി അച്യുതമേനോന്റേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മ്യൂസിയം ജങ്ഷനില്‍ അച്യുതമേനോന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും മികച്ച ഇടതുപക്ഷനയത്തിലധിഷ്ഠിതമായ നിയമങ്ങളും നടപടികളുമുണ്ടായത് അച്യുതമേനോന്റെ ഭരണകാലത്താണ്. ഭൂപരിഷ്കരണ നിയമം എന്ന ഏറ്റവും വിപ്ലവകരമായ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത് അദ്ദേഹം മുഖ്യമന്ത്രിയായ കാലത്താണ്. ലക്ഷം വീട് പദ്ധതിയും ഗ്രാറ്റുവിറ്റി നിയമവുമെല്ലാം നടപ്പിലാക്കിയത് അന്നാണ്. ചില്ലിക്കാശ് കൊടുക്കാതെ, വമ്പന്‍മാരുടെ കൈകളില്‍ നിന്ന് ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമിയാണ് ഏറ്റെടുത്തത്. നാടിന്റെ ഭാവിയെപ്പറ്റി, പരിസ്ഥിതിയെപ്പറ്റി എല്ലാം ബോധ്യമുള്ള മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 

ആ സര്‍ക്കാരിനെ മറ്റെന്തൊക്കെയോ ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ തെറ്റാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ശ്രീചിത്ര, കെല്‍ട്രോണ്‍, സിഡിഎസ് തുടങ്ങി, അച്യുതമേനോന്റെ സ്മാരകങ്ങളെന്ന് വിളിക്കാവുന്ന അനവധി സ്ഥാപനങ്ങള്‍ തിരുവനന്തപുരത്തുള്‍പ്പെടെയുണ്ട്. ഭാവി കേരളത്തിന്റെ വികസനപാത എന്തായിരിക്കണമെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ച, ഭരണമികവിന്റെ പ്രതീകമാണ് അച്യുതമേനോനെന്നും ബിനോയ് വിശ്വം പറഞ്ഞു.
ചരിത്രത്തെ മാറ്റിയെഴുതാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍, ഇടതുപക്ഷ ചരിത്രകാരന്മാര്‍ കാണിക്കേണ്ട തത്വദീക്ഷയുണ്ട്. ഇടതുപക്ഷം അധികാരം കയ്യാളിയ 1957, 67 കാലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ 80 വരെ ചിലര്‍ക്ക് ശൂന്യകാലമാണ്. ഭിന്നിപ്പുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ മറ്റെന്തോ ആയി മാറാന്‍ പാടില്ല. ഇത് ഐക്യത്തിന്റെ കാലമാണ്. ഭിന്നിപ്പിന്റെ കാലത്ത് വന്നുപോയ ശീലങ്ങളും തെറ്റുകളും തിരുത്തണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനത്തിലൂടെ നാം ചരിത്രത്തോടുള്ള കടം വീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. അച്യുതമേനോന്റെ മകന്‍ ഡോ. വി രാമന്‍കുട്ടി, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ്ബാബു, പി സന്തോഷ് കുമാര്‍ എംപി, കെ പി രാജേന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍ എംപി തുടങ്ങിയവര്‍ സംസാരിച്ചു. പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, ടി വി ബാലന്‍, ഇ എസ് ബിജിമോള്‍, ടി ടി ജിസ്‌മോന്‍, പി കബീര്‍ എന്നിവര്‍ സംബന്ധിച്ചു. ശില്പം നിര്‍മ്മിച്ച ഉണ്ണി കാനായിക്ക് ഉപഹാരം നല്‍കി. കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതവും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Achyu­ta­menon First among New Ker­ala Sculp­tors: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.