22 January 2026, Thursday

Related news

January 9, 2026
October 17, 2025
October 15, 2025
September 19, 2025
August 2, 2025
July 2, 2025
June 27, 2025
June 7, 2025
June 5, 2025
April 22, 2025

കാർഷികസേവനങ്ങൾ ഒരു കുടക്കീഴില്‍; കൃഷി വകുപ്പിന്റെ ‘കതിർ’ആപ്പ് ചിങ്ങം ഒന്ന് മുതല്‍

സ്വന്തം ലേഖിക
തിരുവനന്തപുരം
August 14, 2024 9:51 pm

കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തയ്യാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആന്റ് ഇൻഫർമേഷൻ റെപ്പോസിറ്ററി) സോഫ്റ്റ്‌വേര്‍ ചിങ്ങം ഒന്നിന് കതിരണിയും. 17 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സോഫ്റ്റ്‌വേര്‍ ഉദ്ഘാടനം ചെയ്യും. മൊബൈല്‍ ആപ്പും മുഖ്യമന്ത്രി അന്ന് പുറത്തിറക്കും. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണിത്. കർഷകർക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കുവാനും കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കൃഷിയിടത്തിൽ ചെലവഴിക്കുവാനും ഈ സോഫ്റ്റ്‌വേര്‍ സഹായകരമാകുമെന്ന് മന്ത്രി പി പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷി വകുപ്പിനെ പേപ്പർ രഹിത ഓഫിസിലേക്ക് പദ്ധതി നയിക്കുകയും ചെയ്യും.

വെബ്പോർട്ടലായും മൊബൈൽ ആപ്ലിക്കേഷൻ ആയും രൂപപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‌വേറിലെ സേവനങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും അവ നേടുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഈ സംവിധാനം പ്രവർത്തിക്കും. കേന്ദ്ര ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി വികസിപ്പിച്ചിട്ടുള്ള അഗ്രി സ്റ്റാക്കിന്റെ ഘടനയോട് സമാന്തരമായി പോകുന്ന കതിർ സോഫ്റ്റ്‌വേർ, കാർഷിക കാർഷികേതര വിഭവ സ്രോതസുകളുടെ വിവര ശേഖരണം നടത്തുകയും അതുവഴി നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും, കാർഷികമേഖലയിലെ ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന തരത്തിലുമാണ് ആവിഷ്കരിച്ചിട്ടുള്ളത്.
കതിർ മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടം കർഷകർക്ക് നൽകുന്ന സേവനങ്ങളാണ് . കാലാവസ്ഥാ വിവരങ്ങൾ, മണ്ണ് പരിശോധനാ സംവിധാനം, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതി വിവരങ്ങൾ, വകുപ്പിന്റെ പ്രോഗ്രാമുകൾ , ഇവന്റുകൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ കതിര്‍ പോർട്ടലിലൂടെ കർഷകർക്ക് ലഭിക്കും.

കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉല്പാദനോപാധികളുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണ തോതിൽ കർഷകരിലേക്കെത്തിക്കൽ, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ രണ്ടാം ഘട്ടത്തിലും, വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം, ഗുണനിലവാരമുള്ള കർഷകരുടെ ഉല്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാം ഘട്ടത്തിലും കതിർ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി കർഷകരിലേക്കെത്തിക്കും. കതിർ ആപ്പ് കർഷകർക്ക് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യുആർ കോഡും കൃഷിവകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ

കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ നൽകുകവഴി അപകട സാധ്യത കുറയ്ക്കുന്നതിനും, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും ഉപദേശ സേവനങ്ങളും സമയോചിതമായി നൽകുക. കാർഷിക മേഖലയുടെ വിവിധ തലങ്ങൾ മനസിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഏകീകരിക്കുക. വ്യത്യസ്ത കാർഷിക ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും, കർഷകരുടെ കാർഷിക വിവരങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനും കൃത്രിമ ബുദ്ധി, റിമോട്ട് സെൻസിങ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക. ഓരോ മേഖലയിലും കാലാവസ്ഥാധിഷ്ഠിതമായ തരത്തിൽ അനുയോജ്യമായ വിള കണ്ടെത്തുക.

വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കൽ. സുഗമമായ വിതരണ ശൃംഖലയും, മികച്ച സേവനവും ഉറപ്പാക്കുന്നതിന് മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക. കാർഷിക യന്ത്രവൽക്കരണവും മനുഷ്യ വിഭവശേഷി ലഭ്യതയും മനസിലാക്കി മികച്ച ആസൂത്രണത്തിലൂടെ ആവശ്യാനുസരണം അവ ലഭ്യമാക്കുക. സർക്കാർ അനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ഫലപ്രദമായ നടപ്പാക്കലും നിരീക്ഷണവും.

Eng­lish Sum­ma­ry: Agri­cul­tur­al ser­vices under one roof; The ‘Kathir’ app of the Depart­ment of Agri­cul­ture has been launched chingam 1
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.