23 December 2024, Monday
KSFE Galaxy Chits Banner 2

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും

Janayugom Webdesk
August 15, 2024 5:00 am

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് കഴിഞ്ഞദിവസം ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നു. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളത്തിനാണെന്നും ഹൈക്കോടതിയുടെ പരാമര്‍ശത്തിലുണ്ട്. 2013ലാണ് ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക പീഡന നിരോധന നിയമം (പോഷ് ആക്ട്) രാജ്യത്ത് നടപ്പാക്കിയത്. 1997ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിലെ മാർഗനിർദേശങ്ങളാണ് പോഷ് ആക്ടിന് പിന്നില്‍. വിശാഖ ഗൈഡ്‌ലൈന്‍സ് എന്നറിയപ്പെട്ട ഈ നിർദേശങ്ങള്‍ 2013ല്‍ വിപുലീകരിക്കുകയും നിയമപിന്തുണ നല്‍കുകയുമായിരുന്നു. 1992ല്‍ രാജസ്ഥാനിലുണ്ടായ ഒരു സംഭവമാണ് ഇതിനാധാരമായത്. ഗ്രാമത്തിലെ ഒരുവയസ് തികയാത്ത പെണ്‍കുഞ്ഞിന്റെ വിവാഹം തടയാന്‍ ശ്രമിച്ചതിന് ഭന്‍വാരി ദേവി എന്ന സാമൂഹിക പ്രവര്‍ത്തകയെ കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും ക്രൂരമായി പീഡിപ്പിച്ചു. വിശാഖ എന്ന വനിതാ സംഘടനയുള്‍പ്പെടെയുള്ള ഏതാനും സ്ത്രീക്കൂട്ടായ്മകള്‍ ചേര്‍ന്ന് കേസ് ഫയല്‍ ചെയ്തു. അവരുടെ അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് 1997ല്‍ സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളിലുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്ന വിശാഖ ഗൈഡ്‌ലൈന്‍സ് പ്രാബല്യത്തില്‍ വന്നത്. സമാന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത് എന്നത് യാദൃച്ഛികമാവാം. 2017ൽ കാെച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷമാണ് ഇത്തരമൊരു കമ്മിഷൻ വേണമെന്ന ആവശ്യമുയർന്നത്. വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മിറ്റിയില്‍ മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരും അംഗങ്ങളായിരുന്നു.

തൊഴിലിടം എന്ന നിലയില്‍ ചലച്ചിത്രമേഖലയിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കൂടി നടി ആക്രമിക്കപ്പെട്ട സംഭവം വഴിവച്ചു. തമസ്കരിക്കപ്പെട്ടതും നിസാരവല്‍ക്കരിക്കപ്പെട്ടതുമായ തൊഴിലിടത്തിലെ സ്ത്രീകളുടെ നിരവധി ദുരനുഭവങ്ങള്‍ സജീവ ചര്‍ച്ചയായി. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെടുകയും സിനിമയ്ക്കും ഈ മേഖലയിലെ സ്ത്രീകള്‍ക്കും വേണ്ടി ഉറച്ചശബ്ദത്തില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍ സിനിമയിലെ പുരുഷാധിപത്യത്തിനെതിരെയും ലിംഗവിവേചനത്തിനെതിരെയുമുള്ള പരസ്യ കലഹമാണ് ഡബ്ല്യുസിസിയുടെ നേതൃത്വത്തിലുണ്ടായത്. സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്ന ഒരു മേഖലയാണ് സിനിമ. ആ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 2018 മേയില്‍ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിക്കുകയും 2019 ഡിസംബറിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കാസ്റ്റിങ് കൗച്ച് അടക്കമുള്ള കാര്യങ്ങൾ മലയാള സിനിമാ മേഖലയിലുണ്ടെന്ന കണ്ടെത്തലിന്റെ സാക്ഷ്യപത്രമടക്കം ഉൾക്കൊള്ളിച്ചതായിരുന്നു റിപ്പോര്‍ട്ട്. ഇവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രിബ്യൂണൽ രൂപീകരിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. പ്രമുഖരായ പലരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന വന്നതോടെ റിപ്പോർട്ട് പുറത്തുവരാതിരിക്കാന്‍ ചില കേന്ദ്രങ്ങള്‍ നിയമതടസമുണ്ടാക്കുകയായിരുന്നു. ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നതാണ്. അതിനിടെ സ്വകാര്യതയുടെ ലംഘനം ചൂണ്ടിക്കാട്ടി ഒരു നിര്‍മ്മാതാവ് നല്‍കിയ തടസഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിയത്. റിപ്പോർട്ടനുസരിച്ച് നടപടിയെടുക്കാൻ സർക്കാരിന് പൊതുചർച്ചയിൽ രൂപപ്പെടുന്ന വിവരങ്ങള്‍ കൂടി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയം പൊതുചർച്ചയാക്കാന്‍ മാധ്യമ ഇടപെടലും ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ട്.
റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ജസ്റ്റിസ് ഹേമ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ‘റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കും. ഞാനത് ചെയ്തു, ഏല്പിച്ചു, ഇനി ചെയ്യേണ്ടത് സര്‍ക്കാരാണെന്നും’ അവര്‍ പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടേണ്ടത് അനിവാര്യമാണെന്നാണ് സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാട്. സിനിമാ വ്യവസായത്തിലെ ലിംഗ വിവേചനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും അനുഭവങ്ങളെക്കുറിച്ച് സമിതിയോട് സംസാരിച്ച സ്ത്രീകളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കയാണ് തടസവാദക്കാര്‍ ഉന്നയിക്കുന്നത്. സ്ത്രീകളുടെ സ്വത്വങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. എന്നിരുന്നാലും, രഹസ്യാത്മകതയിൽ വിട്ടുവീഴ്ച ചെയ്യാതെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. എല്ലാ മേഖലയിലും സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെയും സ്വത്വബോധത്തോടെയും തൊഴിലെടുക്കാൻ സാധിക്കണം. അതുകൊണ്ടുതന്നെ ഏറ്റവും സമ്പന്നമായ സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.