നിഷിലെ ഇംഗ്ലീഷ് അധ്യാപികയായ സിൽവി മാക്സി മേന രൂപകൽപ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്കാരത്തെ ചോർത്തി ക്രോസ് ഓവർ എന്ന നൃത്തരൂപം അവതരിപ്പിച്ച പ്രശസ്ത മോഹിനിയാട്ടം നർത്തകി മേതിൽ ദേവികക്ക് കോടതിയുടെ നോട്ടീസ്. ക്രോസ് ഓവർ എന്ന അവരുടെ നൃത്ത രൂപത്തിന്റെ അവതരണം തടയാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ നിർദ്ദേശം.
വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമാണ് ആംഗ്യ ഭാഷയിൽ അധിഷ്ഠിതമായ മുദ്രനടനം എന്ന നൃത്ത രൂപമെന്നും 2016 ലാണ് തന്റെ ബധിര വിദ്യാർത്ഥികൾക്കൊപ്പം ഇത് വേദിയിൽ അവതരിപ്പിക്കുന്നതെന്നും സില്‍വി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മോഹിനിയാട്ടത്തിന്റെയും കേരള നടനത്തിന്റെയും സ്വാധീനം ഏറെയുണ്ട് മുദ്ര നടനത്തിന്. സ്വാതി തിരുനാൾ കൃതികളെ അടിസ്ഥാനമാക്കിയായിരുന്നു ഇതിന്റെ രൂപ കൽപ്പന. നൃത്താവിഷ്കാരം വേദിയിൽ അവതരിപ്പിച്ചപ്പോൾ തന്നെ നാഷണൽ അസസ്മെന്റ് ആന്റ് അക്രിഡിറ്റേഷൻ കൗൺസിലിന്റെ പ്രത്യേക പ്രശംസ നേടിയിരുന്നു. തുടർന്ന് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷത്തിലും പ്രകടനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
2019 ലെ സൂര്യ നൃത്തോത്സവത്തിൽ മുദ്രനടനം അവതരിപ്പിക്കപ്പെട്ടതോടെയാണ് ഇത് ലോക ശ്രദ്ധ നേടുന്നതും മാധ്യമങ്ങൾ ഏറെ വാർത്താ പ്രാധാന്യം നൽകിയതും. ലോകത്ത് ആദ്യമായാണ് ആംഗ്യ ഭാഷയിലൂന്നിയുളള ഒരു നൃത്താവിഷ്കാരം ഉണ്ടാകുന്നത് തന്നെ. തനിക്ക് മാത്രം പകർപ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്കാരം ചോർത്തിയാണ് ക്രോസ് ഓവർ എന്ന നൃത്തരൂപം ഉണ്ടായിട്ടുളളതെന്നാണ് സിൽവി മാക്സി മേന ഹർജിയിൽ ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.