19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 7, 2024
August 16, 2024
June 20, 2024
June 20, 2024
November 15, 2023
October 31, 2023
July 4, 2023
June 21, 2023
May 3, 2023
February 1, 2023

പ്രൗഢമായി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; ഭരണഘടനയെ നിഷ്ക്രിയമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ആത്മവീര്യത്തോടെ രംഗത്തിറങ്ങുക: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Janayugom Webdesk
കണ്ണൂർ
August 16, 2024 10:10 pm

ഭരണഘടനയെ നിഷ്ക്രിയമാക്കാനും നിർവീര്യമാക്കാനുമുള്ള ഏത് ശ്രമങ്ങൾക്കും എതിരായി സ്വാതന്ത്ര്യത്തിന്റെ ആത്മവീര്യത്തോടെ രംഗത്തിറങ്ങാനുള്ള ചരിത്രപരമായ ധാർമ്മിക ഉത്തരവാദിത്തത്തിന്റെ ശംഖനാദമാണ് വർത്തമാനകാലം കേട്ടു കൊണ്ടിരിക്കുന്നതെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ രാജ്യത്തിന്റെ78ാം സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഈ രാജ്യത്ത് പിറന്നുവീണ ഏതുപൗരനും സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനുമുള്ള സാഹചര്യം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഈ മഹാരാജ്യത്തിന്റെ പൗരത്വം ജാതി മത ചിന്തകൾക്ക് വിധേയമായി നിർവചിക്കാൻ ഉള്ളതല്ല. ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും ജാതിമത ഭേദമെന്യേ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കാൻ കഴിയുന്ന ഉത്കൃഷ്ടമായ സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. വയനാടിന്റെ പുനഃസൃഷ്ടിക്ക് വേണ്ടി എല്ലാവരും ജാതിമത രാഷ്ടീയ ഭേദമന്യേ ഒരുമിച്ച് രംഗത്ത് ഇറങ്ങുന്നതിന് നാം സാക്ഷ്യം വഹിച്ചതാണ്. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഈ അവസരത്തിൽ പ്രണാമം അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ ഒഴുകി എത്തുന്നതിന് കാരണം നമ്മുടെ അനർവചനീയമായ സഹോദര സ്നേഹവും സമർപ്പണ ബോധവുമാണെന്നും മന്ത്രി പറഞ്ഞു. ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. തുടർന്ന് വർണശബളമായ മാർച്ച് പാസ്റ്റ് നടന്നു. തുടർന്ന് റിവ്യൂ ഓർഡർ മാർച്ച് വിശിഷ്ടാതിഥിക്ക് അഭിവാദ്യം അർപ്പിച്ചു. പരേഡിൽ മികച്ച പ്രകടനം നടത്തിയ വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്ക് മന്ത്രി സമ്മാനദാനവും നിർവഹിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത്കുമാർ, ജില്ലാ റൂറൽ പൊലീസ് മേധാവി എം ഹേമലത എന്നിവരും പരേഡിന് അഭിവാദ്യം അർപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, കേണൽ പരംവീർ സിംഗ് നഗ്ര, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

ധർമ്മടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് തെരുവത്ത്പീടികയിൽ പരേഡിന്റെ കമാൻഡറായി. 22 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. പൊലീസ്-നാല്, എക്സൈസ്-ഒന്ന്, വനം വകുപ്പ്-ഒന്ന്, എൻ സി സി-നാല്, സ്കൗട്ട് ആൻഡ് ഗൈഡ്-ആറ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്-നാല്, ജൂനിയർ റെഡ് ക്രോസ്-രണ്ട് എന്നിങ്ങനെയായിരുന്നു പ്ലാറ്റൂണുകൾ. പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കിയത് ഡിഎസ് സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ, കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ, ആർമി പബ്ലിക് സ്കൂൾ എന്നിവരായിരുന്നു. പൊലീസ്, വനം വകുപ്പ്, എക്സൈസ് പ്ലാറ്റൂണുകളിൽ കെ എ പി നാല് ബറ്റാലിയൻ മാങ്ങാട്ടുപറമ്പ ഒന്നാം സ്ഥാനം നേടി. 

എൻ സി സി സീനിയർ വിഭാഗത്തിൽ കണ്ണൂർ എസ് എൻ കോളേജും എൻ സി സി ജൂനിയർ വിഭാഗത്തിൽ അഴീക്കോട് എച്ച് എസ് എസും ഒന്നാം സ്ഥാനം നേടി. എസ് പി സി വിഭാഗത്തിൽ കൂടാളി എച്ച് എസ് എസിനാണ് ഒന്നാം സ്ഥാനം. സ്കൗട്ട്സ് വിഭാഗത്തിൽ തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂളും ഗൈഡ് വിഭാഗത്തിൽ കടമ്പൂർ എച്ച് എസ് എസും ഒന്നാം സ്ഥാനത്തിന് അർഹമായി. ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കടമ്പൂർ എച്ച് എസ് എസിനാണ് ഒന്നാം സ്ഥാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്കണ്ണൂർ സിറ്റി എസ് പി സി പ്രൊജക്ട് സമാഹരിച്ച 6,31,000 രൂപ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി. 30 വർഷമായി ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനും റിപ്പബ്ലിക് ദിനാഘോഷത്തിനും സ്തുത്യർഹമായ സേവനം അർപ്പിച്ചകണ്ണൂർ സിറ്റി ഡി എച്ച് ക്യൂ വിലെ എസ് ഐ ജോൺസൺ ഫെർണാണ്ടസിനെ ചടങ്ങിൽ ആദരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.