12 December 2024, Thursday
KSFE Galaxy Chits Banner 2

താരങ്ങളുടെ അതിശയ പ്രകടനം അന്തിമഘട്ടത്തില്‍ മത്സരം കടുത്തു

Janayugom Webdesk
തിരുവനന്തപുരം
August 16, 2024 10:43 pm

താരങ്ങള്‍ അതിശയകരമായ പ്രകടനം കാഴ്ചവെച്ചതോടെ സംസ്ഥാന പുരസ്‌കാര നിർണയത്തിന്റെ അന്തിമഘട്ടത്തിൽ മത്സരം കടുത്തു. നേരിയ വ്യത്യാസത്തിൽ മാത്രമാണ്‌ പലരും പട്ടികയിൽ ഇടംപിടിച്ചത്. മികച്ച നടനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിൽ സീനിയേഴ്‌സ്‌ ഉൾപ്പെടെ നാല്‌ നടന്മാര്‍ എത്തി. കാതല്‍ ദ കോറുമായി മമ്മൂട്ടിയും, പൂക്കാലത്തിലൂടെ വിജയരാഘവനും ആടുജീവിതത്തിലൂടെ പൃഥ്വിരാജും ആനന്ദ് മൊണാലിസ മരണം കാത്ത് എന്ന ചിത്രത്തിലൂടെ ശ്രീറാം മോഹനുമാണ്‌ ഫൈനൽ റൗണ്ടിൽ കടുത്ത മത്സരം കാഴ്‌ചവച്ചവർ. വിജയരാഘവൻ മികച്ച സ്വഭാവനടനായി മാറിയപ്പോൾ പൃഥ്വിരാജ്‌ മികച്ച നടനുമായി. പ്രാഥമിക ജൂറി തള്ളിയ പല ചിത്രങ്ങളും അന്തിമ ജൂറി തിരിച്ചുവിളിച്ച്‌ കണ്ടു. അതിലൊന്നാണ്‌ അരുൺ ചന്ദുവിന്റെ ഗഗനചാരി. പ്രാഥമിക ജൂറി തള്ളിയ ഗഗനചാരി അന്തിമ ജൂറി തിരിച്ചുവിളിച്ച്‌ കാണുകയായിരുന്നു. ഗോകുൽ സുരേഷും അജു വർഗീസും അനാർക്കലി മരയ്‌ക്കാറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗഗനചാരി പരീക്ഷണാത്മക ചിത്രം എന്ന നിലയിൽ പ്രത്യേക ജൂറി പുരസ്‌കാരം നേടുകയും ചെയ്‌തു.

മികച്ച നടിക്കുള്ള പോരാട്ടത്തിൽ ഉർവശിയ്‌ക്കും ബീന ആർ ചന്ദ്രനും ഒപ്പം പാർവതിയുമുണ്ടായിരുന്നെങ്കിലും ജൂറി എകകണ്‌ഠമായി ഉർവശിയെയും ബീനയെയും തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച സിനിമയ്‌ക്കായും കടുത്ത മത്സരമുണ്ടായിരുന്നു. എന്നാൽ, അന്തിമ തീരുമാനങ്ങളെല്ലാം ഏകകണ്‌ഠമായിരുന്നുവെന്നാണ്‌ ജൂറി അംഗങ്ങൾ പറഞ്ഞു. കുട്ടികൾക്കുള്ള സിനിമാ വിഭാഗത്തിൽ നാല്‌ എൻട്രികൾ വന്നെങ്കിലും ഒന്ന്‌ ഡോക്യുമെന്ററി വിഭാഗത്തിൽ പെടുന്നതാണെന്ന്‌ കണ്ട്‌ പ്രാഥമിക ജൂറി തന്നെ തള്ളിയിരുന്നു. മറ്റ്‌ മൂന്നു സിനിമകളും അന്തിമഘട്ടത്തിലും എത്തിയില്ല. എന്നിട്ടും അന്തിമ ജൂറി ആ മൂന്നു സിനിമകളും വീണ്ടും വിളിച്ച്‌ കണ്ടു. പുരസ്‌കാരം നൽകും വിധത്തിൽ ഒരു എൻട്രികളും കുട്ടികളുടെ സിനിമാ വിഭാഗത്തിൽ എത്തിയില്ലെന്നും ജൂറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.