27 December 2024, Friday
KSFE Galaxy Chits Banner 2

മലയാളികളുടെയെല്ലാം സഖാവ്

ബിനോയ് വിശ്വം
August 19, 2024 4:24 am

മലയാളികളെല്ലാവരും സഖാവ് എന്നുവിളിച്ച ഒരേ ഒരാൾ, പി കൃഷ്ണപിള്ള. സഖാവിന്റെ ചരമദിനമാണിന്ന്. കേരളചരിത്രത്തെ മാറ്റിയെഴുതിയ കാലഘട്ടം നിർണയിക്കാൻ തുനിയുന്നവർക്ക് അത് തീർച്ചയായും കഴിഞ്ഞ നൂറ്റാണ്ടിലെ ദശകങ്ങളായിരിക്കുമെന്നുറപ്പാണ്. അതിൽത്തന്നെ ആദ്യ അഞ്ച് ദശകങ്ങളുമായിരിക്കും. കാരണം അത് കൃഷ്ണപ്പിള്ള കൂടി ജീവിച്ച ദശകങ്ങളായിരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ സാമൂഹ്യപരിഷ്കർത്താക്കളുടെയും സോഷ്യലിസ്റ്റ് ആശയഗതിക്കാരുടെയും നേതൃത്വത്തിൽ നടന്ന നവോത്ഥാന പോരാട്ടങ്ങളുടെ കാലവുമായിരുന്നു അത്. അതിൽ മുന്നിൽ നിന്ന നേതാവായിരുന്നു കൃഷ്ണപിള്ള. 1917ൽ റഷ്യൻ വിപ്ലവം വിജയിക്കുകയും സോഷ്യലിസ്റ്റ് സാമൂഹ്യക്രമം രൂപപ്പെടുകയും ചെയ്തതോടെ കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾക്ക് പുതിയ രൂപഭാവങ്ങൾ കൈവന്നു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തു. ആ ഭൂമികയിലാണ് കൃഷ്ണപിള്ള എന്ന പോരാളി പിറവിയെടുക്കുന്നത്. എല്ലാവർക്കും പൊതുവഴികളിലൂടെ നടക്കാനുള്ള അവകാശം ആവശ്യപ്പെട്ട്, ഐതിഹാസികമായ വൈക്കം സത്യഗ്രഹം നടക്കുന്ന വേളയിൽ 18 വയസായിരുന്നു അതേമണ്ണിൽ പിറന്ന കൃഷ്ണപിള്ളയ്ക്ക്.
സാമൂഹ്യ അനീതികൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരായ ചിന്താഗതി അതിനിടയിൽത്തന്നെ മനസിൽ വേരുപിടിച്ച കൃഷ്ണപിള്ള, വൈക്കം സത്യഗ്രഹ പോരാളികളുമായി നിരന്തരം സമ്പർക്കം പുലർത്തി. ആ സമരം മനസിൽ കോരിയിട്ട വിപ്ലവ ജ്വാലകളുമായാണ് അദ്ദേഹം യൗവനത്തിലേക്ക് കടക്കുന്നത്. 

അതിനിടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്പന്ദനങ്ങൾ അറിയാൻ വർഷങ്ങളോളം ഉത്തരേന്ത്യയിലും ജീവിച്ചു. അവിടെവച്ചുള്ള ബന്ധങ്ങളും ബോധ്യങ്ങളും അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തി. കേരളത്തിൽ തിരിച്ചെത്തിയ കൃഷ്ണപിള്ള, കോൺഗ്രസും കോൺഗ്രസിനകത്തെ സോഷ്യലിസ്റ്റുമായി മാറിയ നിരവധിപേർക്കൊപ്പമായിരുന്നില്ല, അവരുടെ നായകസ്ഥാനത്തായിരുന്നു.
കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തിച്ചിരുന്നത്. 1939ൽ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ യോഗം ചേർന്നാണ് പിണറായി പാറപ്രത്തു വച്ച് സിപിഐ കേരള ഘടകം രൂപീകരിക്കപ്പെടുന്നത്. കേരള സാമൂഹ്യ — ജീവിതഘടനയെ പൊളിച്ചെഴുതുകയും ഭാവിയുടെ ഘടന തീരുമാനിക്കുകയും ചെയ്ത സമ്മേളനമായിരുന്നു അത്. ഒരു മിന്നായം പോലെ എന്നൊക്കെ പറയാറുള്ളതിനെ അനുസ്മരിപ്പിച്ചുകൊണ്ട്, 20 വർഷത്തോളം മാത്രമുള്ള പൊതു ജീവിതത്തിനിടയിൽ ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക്ക് പ്രദാനം ചെയ്ത നേതാക്കൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു കൃഷ്ണപിള്ള. അധ്വാനിക്കുന്ന ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. 

സ്വാതന്ത്ര്യസമരോത്സുകതയും കമ്മ്യൂണിസ്റ്റ് സംഘാടനവുമായി നാടെമ്പാടും നടന്നെത്തി. നഗരങ്ങൾ അധികമില്ലാതിരുന്ന അക്കാലത്ത് ഉൾഗ്രാമങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിന്റെ ഓരോ കോണുകളിലും മധ്യകേരളത്തിന്റെ മലയോരങ്ങൾ എന്നോ സമതലങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലും ചെന്നെത്തി കർഷകരെ, തൊഴിലാളികളെ, ഇതര ജനവിഭാഗങ്ങളെ സംഘടിപ്പിക്കുകയും അവകാശബോധമുള്ളവരാക്കുകയും പോരാട്ടപഥങ്ങളിൽ അണിനിരത്തുകയും ചെയ്തു. ഏതൊരു തൊഴിലാളിയുടെയും കർഷകന്റെയും മാത്രമല്ല, നാട്ടുകാര്യസ്ഥന്മാരുടെയും വീട്ടിൽ ചെന്ന് അവിടെയുള്ള സൗകര്യങ്ങളോട് ഇണങ്ങി ജീവിക്കുവാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത അനുപമമായിരുന്നു. പട്ടിണിയും പ്രാരാബ്ധങ്ങളും ഒരിക്കലും സഖാവിനെ തളർത്തിയില്ല. പ്രയാസങ്ങളും കഷ്ടാനുഭവങ്ങളും സഖാവിന് കൂടുതൽക്കൂടുതൽ ഉഷാറായി പ്രവർത്തിക്കുവാനുള്ള ആവേശമാണ് നൽകിയത്.
സഹപ്രവർത്തകരുടെ ഏതു ചെറിയ തെറ്റിനെയും നിർദാക്ഷിണ്യമായി വിമർശിച്ചു തള്ളാനും, അവരുടെ രാഷ്ട്രീയ വളർച്ചയ്ക്ക് കോട്ടം തട്ടാതെ താങ്ങിനിർത്താനും കൃഷ്ണപിള്ള സമർത്ഥനായിരുന്നു. ഓരോ പ്രവർത്തകന്റെയും അനുഭാവിയുടെയും കഴിവുകൾ കണ്ടെത്തി അതിനനുസൃതമായി വളർത്തിക്കൊണ്ടുവരാനുള്ള പാടവം അദ്ദേഹം പ്രകടിപ്പിച്ചു. തൊഴിലാളിയായി ജീവിച്ചു വളർന്ന ഒരാളുടെ അച്ചടക്കവും, സംസ്കാരവും, തുറന്ന പെരുമാറ്റവും അത്രയേറെ വികസിച്ച ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റിനെ കൃഷ്ണപിള്ളയിൽക്കൂടിയാണ് കേരളീയർ കണ്ടത്. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാഹചര്യം വലിയ സങ്കീർണതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോവുകയാണ്. കൃഷ്ണപിള്ളയുടെ കാലത്ത് തുടച്ചുനീക്കപ്പെട്ട സാമൂഹിക അനാചാരങ്ങളും മറ്റും പുതിയ രൂപഭാവങ്ങളിൽ അവതരിപ്പിക്കപ്പെടുകയും വർഗീയ ഫാസിസം തീക്ഷ്ണസ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് കൃഷ്ണപിള്ളയുടെ ചരമവാർഷികം എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുന്നിലും നിറയെ വെല്ലുവിളികൾ ഉണ്ട്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം തുടരാനും വെല്ലുവിളികൾ അതിജീവിക്കാനും കൃഷ്ണപിള്ളയുടെ സ്മരണ നമുക്കെല്ലാം പ്രചോദനമാകുന്നു. 

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.