23 November 2024, Saturday
KSFE Galaxy Chits Banner 2

കാലം കാത്തുവച്ച ഒ മാധവന്‍

പി കെ അനില്‍കുമാര്‍
August 25, 2024 2:01 am

1924‑ൽ മാവേലിക്കര ചുനക്കര തറയിൽ ഉമ്മിണിയുടെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച മാധവന് കുട്ടിക്കാലം മുതൽ നാടകത്തോട് ഒടുങ്ങാത്ത കമ്പമായിരുന്നു. ക്ലബുകളുടെ വാർഷികാഘോഷങ്ങളിലും ഉത്സവ പറമ്പുകളിലെ നാടകവേദികൾക്ക് മുൻപിലും മാധവനെന്ന കുട്ടി വിസ്മയഭരിതനായി നിലകൊണ്ടു. നാടിന്റെ അകമൂറി വന്ന നാടകങ്ങൾ മാധവന്റെ പ്രാണനിൽ ലഹരിയായ് നിറഞ്ഞു. അങ്ങനെയാണ് സ്കൂൾ വാർഷികത്തിന് ഒരു നാടകം അവതരിപ്പിക്കാൻ മാധവൻ തയ്യാറാകുന്നത്. സഹപാഠികളെ സംഘടിപ്പിച്ച് മാധവൻ തന്നെ എഴുതിയ നാടകത്തിന്റെ റിഹേഴ്സൽ തകൃതിയായി നടന്നു. എന്നാൽ സമയമായപ്പോൾ നാടകത്തിലെ സവർണ വിദ്യാർത്ഥികൾ പിന്മാറി. പുറത്തുള്ള ജാതിമേൽക്കോയ്മയുടെ ദുസ്വാധീനം കൊണ്ടാണ് അവർ പിൻ വാങ്ങിയത്. നാടകം പൊളിയുമെന്ന് മനസിലാക്കിയ മാധവൻ നാടകത്തിനു ശേഷം മോണോ ആക്ട് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. അഭിനേതാക്കളുടെ പ്രാതിനിധ്യം ഇല്ലാതെ വന്നപ്പോൾ നാടകം സ്വാഭാവികമായും പൊളിഞ്ഞു. കൂവലിനിടയിൽ മാധവൻ മോണോ ആക്ട് അവതരിപ്പിച്ച് തുടങ്ങി. വേലുതമ്പി ദളവയുടെ അന്ത്യ രംഗങ്ങളാണ് മോണോ ആക്ടിനായ് മാധവൻ തിരഞ്ഞെടുത്തത്. ആ ഏകാഭിനയത്തെക്കുറിച്ച് പിൽക്കാലത്ത് മാധവൻ ഇങ്ങനെ സ്മരിച്ചു, “ഞാൻ സ്റ്റേജിലേക്ക് കയറി. മണ്ണടി ക്ഷേത്രത്തിൽ വച്ച് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വേലുതമ്പി ദളവ, അനുജൻ പത്മനാഭൻ തമ്പിയോടും തന്റെ രാജ്യത്തോടും ചെയ്ത അന്ത്യ പ്രഭാഷണം നല്ല സ്ഫുടതയോടെ ഞാൻ അഭിനയിച്ചു കാണിച്ചു. മേക്കപ്പില്ല, കർട്ടനില്ല, ലൈറ്റില്ല, വേഷമില്ല. ആകെയുള്ളത് ഉടുപ്പിലൊളിപ്പിച്ച മടലുകൊണ്ടുള്ള ഒരു കഠാര മാത്രം. വാചകങ്ങളോരോന്നു വീഴുമ്പോഴും സദസിൽ നിന്നും ലഭിക്കുന്ന പ്രതികരണം എന്നെ ആവേശം കൊള്ളിച്ചു. സ്വബോധത്തിൽ നിന്നും ക്രമേണ ഞാൻ അകലുന്നത് പോലെ തോന്നി. ഭാഷാധ്യാപകനായ ഗോവിന്ദപിള്ള സാറായിരുന്നു അധ്യക്ഷൻ. ആ നിമിഷങ്ങളിൽ എന്റെ മുന്നിൽ അധ്യക്ഷനോ സഹപാഠികളോ ഒന്നുമുണ്ടായിരുന്നില്ല. മനസു നിറയെ മണ്ണടി ക്ഷേത്രവും സസന്തോഷം മരണത്തെ വരിക്കാൻ വെമ്പൽ കാട്ടുന്ന വേലുതമ്പി ദളവയും മാത്രമായിരുന്നു. വാളുകൊണ്ട് കഴുത്ത് വെട്ടാനുള്ള അഭ്യർത്ഥന അനുജൻ നിരസിച്ചപ്പോൾ ഉടുപ്പിനുള്ളിലൊളിപ്പിച്ച മടലുകത്തി എന്റെ നെഞ്ചിലേക്ക് ഞാൻ ആഞ്ഞു കുത്തി. മരണ വേദന കാട്ടി പിടഞ്ഞു. സ്റ്റേജിൽ കമിഴ്ന്നടിച്ചു വീണു. ഗോവിന്ദപ്പിള്ള സാർ പിടിച്ചെഴുന്നേൽപ്പിച്ച് വെള്ളം തളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. സാർ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു, ‘നീ ഭയപ്പെടുത്തി കളഞ്ഞല്ലോ.‘ഞാൻ സാറിന്റെ മുഖത്തു നോക്കി ചിരിച്ചു. അത്രനേരം വിർപ്പടക്കി നിന്ന സദസ് എന്റെ ചിരിക്ക് ശേഷം നീണ്ടകര ഘോഷം മുഴക്കി ‘സാറെന്നെ പുകഴ്ത്തി, ഏതാണ്ട് പത്ത് മിനിട്ടോളം സംസാരിച്ചു. സാറിന്റെ വാക്കുകളായിരുന്നു എനിക്ക് കിട്ടിയ ആദ്യത്തെ അവാർഡ്.” അധ്യാപകന്റെ ഉള്ളിൽ പ്രശംസാ വചനങ്ങളും സഹപാഠികളുടെ നിലയ്ക്കാത്ത കരഘോഷങ്ങളും തേടിയ മാധവനെന്ന കുട്ടി പിൽക്കാലത്ത് എണ്ണായിരത്തോളം വേദികളിൽ അഭിനയത്തിന്റെ ഋതുഭേദങ്ങൾ തീർത്തു. മലയാള നാടകവേദിയുടെ ആചാര്യൻ എന്ന വിശേഷണത്തിന് അർഹമായ ഒ മാധവന്റെ സമ്പന്നമായ നാടകയാത്ര ആരംഭിക്കുന്നത് സ്കൂളിലെ ആ ഏകാംഗാഭിനയവേദിയിൽ നിന്നാണ്. നാടകീയമായ സംഭവ വികാസങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ കലാജീവിതവും.

അമ്മയുടെ കെട്ടുതാലി വിറ്റുകിട്ടിയ പണവുമായാണ് ഒ മാധവൻ അണ്ണാമല കോളജിൽ പഠനത്തിന് ചേർന്നത്. ടി കെ മാധവന്റെ മകൻ ബാബുവാണ് അഡ്മിഷൻ തരപ്പെടുത്തി നൽകിയത്. അവിടെ കേരള സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ നാടകമത്സരത്തിൽ കുട്ടനാട് രാമകൃഷ്ണപിള്ളയുടെ നിഴലുകൾ നാടകം അവതരിപ്പിക്കാൻ തീരുമാനിക്കുന്നു. മാധവറാവു ആയിരുന്നു സംവിധായകൻ. എന്നാൽ നാടകത്തിലെ മധ്യവയസ്കന്റെ റോൾ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ ആ റോൾ മാധവനു ലഭിച്ചു. അയത്നലളിതവും സ്വാഭാവികവുമായ അഭിനയം കൊണ്ട് മധ്യവയസ്കനെ ഒ മാധവൻ അവിസ്മരണീയമാക്കി. മികച്ച നടനായി ഒ മാധവൻ തിരഞ്ഞെടുക്കപ്പെട്ടു.

ഒ മാധവന്റെ കൊല്ലം എസ് എൻ കോളജ് പഠനകാലം കേരളത്തിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പോരാട്ടമുദ്രിതമായ ചരിത്രത്തിന്റെ ഭാഗമാണ്. ബിഎ ധനതത്വശാസ്ത്ര വിദ്യാർത്ഥിയായാണ് ഒ മാധവൻ എസ്എൻ കോളജിൽ എത്തുന്നത്. വിദ്യാർത്ഥി രാഷ്ട്രീയ നിരോധനത്തിനെതിരെ എസ്എൻ കോളജിൽ നടന്ന ഐതിഹാസികമായ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ഒ മാധവനുണ്ടായിരുന്നു. തുടർന്ന് നടന്ന കലാലയ യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി ഫെഡറേഷൻ സ്ഥാനാർത്ഥിയായി ഒ മാധവനും എതിർ സ്ഥാനാർത്ഥിയായി കെഎസ് പി നേതൃത്വത്തിലുള്ള വിദ്യാർത്ഥി കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒഎൻവി കുറുപ്പും മത്സരിച്ചു. ഒ മാധവനായിരുന്നു വിജയം. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ലോക്കപ്പിൽ അതിഭീകരമായ മർദനത്തിന് അദ്ദേഹം ഇരയായി. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പ്രതികൂല സമീപനം സ്വീകരിച്ച കെഎസ് പി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഒഎൻവി വിദ്യാർത്ഥി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് വിദ്യാർത്ഥി ഫെഡറേഷനിൽ ചേർന്നു. കലാലയ പഠന കാലത്തിനൊടുവിൽ ഒ മാധവൻ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. എന്നും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കരുത്തുറ്റ വക്താവായിരുന്നു ഓ മാധവൻ. ഒന്നര പതിറ്റാണ്ടിലേറെ അദ്ദേഹം കൊല്ലം വടക്കേവിള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എന്നും പുരോഗമനാശയങ്ങൾ പൂത്തുലഞ്ഞു നിന്നു.

കെപിഎസിയുടെ ആദ്യ നാടകം ‘എന്റെ മകനാണ് ശരി‘യില്‍ യുദ്ധം സൃഷ്ടിക്കുന്ന ദുരന്തങ്ങളായിരുന്നു പ്രമേയം. നാടകത്തിലെ നായക വേഷം അഭിനയിക്കുന്ന അഡ്വ.കിളിമാനൂർ കുട്ടപ്പൻ ഒരു ഘട്ടത്തിൽ നാടകത്തിൽ നിന്നും പിന്മാറി. നാടകം മുടങ്ങാതിരിക്കാൻ ഒ മാധവൻ നായക വേഷം ഏറ്റെടുത്തു. ഒരു ദിവസംകൊണ്ട് സ്ക്രിപ്റ്റ് പഠിച്ച് നായക വേഷം ഉജ്വലമാക്കിയ ഒ മാധവൻ ശരിക്കും ഹീറോയായി. ഒ മാധവന്റെ അഭിനയചാതുര്യം തിരിച്ചറിഞ്ഞ കെപിഎസി തുടർന്നുള്ള വേദികളിൽ മാധവൻ നായകനായാൽ മതിയെന്ന് തീരുമാനിച്ചു. ഒ മാധവന്റെ ഭാഷയിൽ പറഞ്ഞാൽ — ‘അങ്ങനെ ഞാനൊരു പൊതുവേദിയിലെ നടനായി.’ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ വേരുറപ്പ് നൽകിയ കെപിഎസിയുടെ വളർച്ചക്ക് ഒ മാധവൻ നൽകിയ സംഭാവനകൾ അതുല്യമാണ്. അതു കൊണ്ട് തന്നെ കെപിഎസിയുടെ ചരിത്രത്തിലെ വിലപ്പെട്ട അധ്യായങ്ങളാണ് ഒ മാധവന്റെ ജീവിതാ ലേഖനവും.

തുടർന്ന് കെപിഎസി അവതരിപ്പിച്ച് ചരിത്രമായി മാറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി‘യിലെ പാട്ടക്കാരൻ പപ്പുവിന്റെ റോളിൽ ഒ മാധവനെത്തി. ഇക്കാലം ഒ മാധവനിലെ സംഘാടക പാടവത്തിന്റെ ജ്വലന കാലം കൂടിയായിരുന്നു. ഒ മാധവൻ കെപിഎസിയുടെ സെക്രട്ടറി കൂടിയായി. നാടകത്തിനെതിരെ ഭരണകൂടവും ജന്മിത്വവും പേപ്പട്ടിയെ പോലെ പാഞ്ഞു നടന്ന നാളുകളിൽ കെപിഎസിയെ ഉശിരോടെ നയിക്കാൻ ഒ മാധവന് കഴിഞ്ഞു. കാമ്പിശേരി കരുണാകരൻ, പി ജെ ആന്റണി തുടങ്ങിയവരുടെ തുടർച്ചയായി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ നായക കഥാപാത്രമായ പരമു പിള്ളയെ അവതരിപ്പിക്കാനുള്ള നിയോഗം അദ്ദേഹത്തെ തേടി എത്തി. അഭിനയകലയുടെ പ്രജാപതികളായ കാമ്പിശേരിയും പിജെയും സമുജ്വലമാക്കിയ പരമു പിള്ളയെ അതേ തരംഗദൈർഘ്യത്തിൽ അവതരിപ്പിക്കാനും ഒ മാധവന് കഴിഞ്ഞു.

ഒ മാധവന്റെ നാടക ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച കഥാപാത്രമാണ് കെപിഎസിയുടെ മൂന്നാമത് നാടകമായ മുടിയനായ പുത്രനിലെ റൗഡി രാജൻ. തോപ്പിൽ ഭാസി ഈ നാടകത്തിന് പേരിട്ടിരുന്നില്ല. ഒ മാധവനാണ് ബൈബിളിലെ വചനങ്ങളെ സ്മരിച്ച് കൊണ്ട് നാടകത്തിന് മുടിയനായ പുത്രൻ എന്ന പേര് നൽകിയത്. മാവേലിക്കരയിലുള്ള ഒരു ചട്ടമ്പിയുടെ മാനറിസങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഒ മാധവൻ റൗഡി രാജനെ വേദിയിൽ അവതരിപ്പിച്ചത്. റൗഡി രാജനിലേക്കുള്ള മാധവന്റെ പകർന്നാട്ടം കണ്ട് തോപ്പിൽ ഭാസി പറഞ്ഞു. “നിങ്ങളെന്റെ രാജനെ എന്റെ പ്രതീക്ഷയേക്കാൾ വലിയവനാക്കി.” അഭിനയ ജീവിതത്തിൽ താനേറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രം റൗഡി രാജനാണെന്ന് ഒ മാധവൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1959‑ൽ ഐക്യകേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തെ തുടർന്ന് നെഹ്റു പിരിച്ചുവിട്ട രാഷ്ട്രീയ പരിസരത്തിലാണ് കെപിഎസി ‘പുതിയ ആകാശം പുതിയ ഭൂമി’ നാടകവുമായി അരങ്ങിലെത്തുന്നത്. അഴിമതിക്കാരനും നല്ലവനുമായുള്ള രണ്ട് എൻജീനയർമാരായിരുന്നു നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. നല്ലവനായ എൻജിനീയറെ ഒ മാധവനും അഴിമതിക്കാരനെ കോട്ടയം ചെല്ലപ്പനുമാണ് അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള അഭിനയത്തിന്റെ മാറ്റുരയ്ക്കൽ നാടകപ്രേമികളുടെ മനസിൽ മായാ മുദ്രിതമാണ്. ഇതിനിടയിൽ ഒ മാധവന്റെ വിവാഹം കഴിഞ്ഞു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിൽ തന്റെ മകളായി അഭിനയിച്ച വിജയകുമാരിയെയാണ് ഒ മാധവന്‍ തന്റെ ജീവിത സഖിയായത്.

കെപിഎസിയിൽ നിന്നും വേർപിരിഞ്ഞ ഒ മാധവൻ 1960‑ൽ കൊല്ലം കാളിദാസ കലാകേന്ദ്രം സ്ഥാപിച്ചു. മലയാള നാടകവേദിയുടെ ചരിത്രത്തിൽ നവീനമായ ഒരു രംഗഭാഷയുടെ തുടക്കം കൂടിയായിരുന്നു കാളിദാസ കലാകേന്ദ്രത്തിന്റെ പിറവി. വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ ‘ഡോക്ടർ’ ആയിരുന്നു ആദ്യ നാടകം. തിന്മയുടെ പ്രതിരൂപമായ അച്ഛൻ ഡോക്ടറായി ഒ മാധവൻ അഭിനയിച്ചു. ഈ നാടകം പിന്നീട് സിനിമ ആവുകയും അദ്ദേഹം സിനിമയിലും അഭിനയിക്കുകയും ചെയ്തു.

ആൾദൈവങ്ങളുടെ കാപട്യങ്ങൾ തുറന്ന് കാട്ടിയ ‘യുദ്ധഭൂമി’ എന്ന നാടകത്തിൽ ആൾദൈവമായി അരങ്ങിലെത്തിയത് ഒ മാധവനായിരുന്ന. ഈ വേഷം ഗംഭീരമാക്കാൻ അദ്ദേഹം മാജിക്കും പഠിച്ചു. അന്തരീക്ഷത്തിൽ നിന്നും ഭസ്മം എടുക്കുക തുടങ്ങി ആൾദൈവത്തിന്റെ നമ്പരുകൾ കൈയ്യടക്കത്തോടെ അവതരിപ്പിക്കാനാണ് മാജിക് പഠിച്ചത്. തുടർന്ന് ‘ജനനി ജന്മഭൂമി‘യിലെ നായകൻ, ‘അൾത്താര’യിലെ പാതിരി, ‘കടൽപ്പാല’ത്തിലെ അഡ്വ.നാരായണപണിക്കർ, ‘സംഗമ’ത്തിലെ കൃഷ്ണൻ, ചക്രവർത്തി‘യിലെ ഭർത്താവ് തുടങ്ങി ഒ മാധവൻ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. 2000ൽ സായാഹ്നം സിനിമയിൽ വിപ്ലവകാരിയും എഴുത്തുകാരനുമായ മാധവനെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. കേരള സംഗീത നാടക അക്കാദമി മികച്ച സംവിധായക പുരസ്കാരം, ഫെല്ലോഷിപ്പ്, കേന്ദ്ര സംഗീത അക്കാഡമി സീനിയർ ഫെല്ലോഷിപ്പ്, തിക്കോടിയൻ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തി.

ഒ.മാധവൻ ഒരിക്കൽ പറഞ്ഞു, “പഴയ നടന്മാരിലും പുതിയ നടന്മാരിലും നന്നായി അഭിനയിക്കുന്നവരുണ്ട്. അതേ സമയം അല്പവും ബുദ്ധിമുട്ടാതെ കാശു വാങ്ങിക്കുന്നവരുമുണ്ട്. നാടകത്തിൽ ആത്മാർത്ഥത കാട്ടുന്നവർക്കേ വിജയിക്കാനാവൂ. നാടകത്തോടും കമ്മ്യൂണിസത്തോടുള്ള ആത്മാർപ്പണത്തിന്റെ അടയാളം കൂടിയാണ് ഒ മാധവന്റെ ജീവിതം ഒ മാധവന്റെ ജന്മശതാബ്ദി വർഷമാണിത്. നിക്കോസ് കസാൻ ദാക്കിസിന്റെ ഒരു കഥയിൽ മകൻ അച്ഛനോട് പറയുന്നുണ്ട്. ”അച്ഛാ, നമ്മുടെ മുന്തിരിവള്ളികളെല്ലാം പട്ടു പോയല്ലോ…” അപ്പോൾ അച്ഛൻപറയുന്നു, ”മകനേ… നാം വേരറ്റുപോയില്ലല്ലോ.” ഒ മാധവന്റെ സമ്പന്നമായ അഭിനയപൈതൃകം വേരറ്റുപോകാതെ, തിരുശേഷിപ്പുകളായി, മക്കളായ മുകേഷിലൂടെയും സന്ധ്യാരാജേന്ദ്രനിലൂടെയും മലയാളിയുടെ ഹൃദയാനുഭവങ്ങളായി തുടരുന്നു.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.