സംസ്ഥാനത്ത് ആരോഗ്യരംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായി. ദേശീയ ആരോഗ്യദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024–25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭ്യമായത്. 69.35 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് കേന്ദ്ര അംഗീകാരം. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യദൗത്യം പദ്ധതികൾ നടപ്പിലാക്കുന്നത്. ആശുപത്രികളിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഈ പദ്ധതികൾ അനുദിച്ചതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. 29 ആരോഗ്യസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 50 കിടക്കകളുള്ള മാതൃശിശു മന്ദിരം പണിയുന്നതിനായി 6.16 കോടി രൂപ അംഗീകാരം നൽകി.
കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ വെയർഹൗസുകൾ നിർമ്മിക്കുന്നതിനായി 4.70 കോടി വീതം വകയിരുത്തി. കാസർകോട് ടാറ്റ ആശുപത്രിയിൽ പുതിയ ഒപി, ഐപി കെട്ടിടം പണിയുന്നതിന് 4.5 കോടി, മലപ്പുറം ജില്ലയിൽ സ്കിൽ ലാബ്, ട്രെയിനിങ് സെന്റർ എന്നിവയ്ക്കായി 3.33 കോടി, എറണാകുളം ജില്ലയിൽ പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഒ പി ബ്ലോക്ക്, കാഷ്വാലിറ്റി എന്നിവ നവീകരിക്കാൻ 3.87 കോടി എന്നിങ്ങനേയും അംഗീകാരം നൽകി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡയഗ്നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താനായി മൂന്ന് കോടി, ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണത്തിന് 1.70 കോടി, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താൻ മൂന്ന് കോടി, മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പീഡിയാട്രിക് വാർഡ്, വയനാട് വൈത്തിരി ആശുപത്രിയിൽ ഐപി ബ്ലോക്ക് ശക്തിപ്പെടുത്താൻ 1.50 കോടി, ഗൈനക് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് 2.09 കോടി, കണ്ണൂർ പഴയങ്ങാടി ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്കിന് 2.10 കോടി, കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ നവീകരിക്കുന്നതിന് 3.11 കോടി എന്നിങ്ങനെയും അംഗീകാരം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.