11 December 2025, Thursday

Related news

December 7, 2025
December 1, 2025
November 23, 2025
November 6, 2025
November 1, 2025
October 23, 2025
October 20, 2025
October 11, 2025
October 8, 2025
September 30, 2025

കൊച്ചി ബംഗളുരു വ്യവസായ ഇടനാഴി: പാലക്കാട് നോഡിന് കേന്ദ്രാനുമതിയായി

*പദ്ധതിക്കാവശ്യമായ മുഴുവൻ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു
*1710 ഏക്കർ ഭൂമിക്കായി ചെലവഴിച്ചത് 1790 കോടി രൂപ 
Janayugom Webdesk
തിരുവനന്തപുരം
August 28, 2024 6:51 pm

കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് ഉപസമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം റെക്കോഡ് വേഗതയിൽ ഏറ്റെടുത്തിരുന്നു. 1790 കോടി രൂപയുടെ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും വ്യവസായമന്ത്രി പി രാജീവും ഇക്കഴിഞ്ഞ ജൂണില്‍ കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനേയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

കൊച്ചി ബാംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ 1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്രയിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. 2022 ഡിസംബർ 14 ന് നാഷണൽ ഇന്‍സ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇമ്പ്ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി. ഈ വര്‍ഷം ഫെബ്രുവരി 15 ന് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിൽ നിന്ന് പാരിസ്ഥിതികാനുമതിയും ലഭിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ എന്ന എസ്പിവി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. മാസ്റ്റർ പ്ളാനും ഡിപിആറും പൂർത്തിയായതിനാൽ ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കാനാകും. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് സംസ്ഥാനം അനുമതി കാക്കുകയാണ്.

ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന കൊച്ചി ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യസംസ്‌കരണം, ലൈറ്റ് എന്‍ജിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത് എന്ന് മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.