27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 9, 2024
October 23, 2024
October 11, 2024
October 1, 2024
October 1, 2024
September 30, 2024
September 19, 2024
September 12, 2024
September 11, 2024
September 11, 2024

രാത്രി ഒരു മണിക്ക് നടൻ വാതിലിൽ മുട്ടി; പരാതിപ്പെട്ടപ്പോൾ ‘ചൈന ടൗൺ’ സിനിമാ സെറ്റിൽ വിളിച്ച് ഭീഷണിപ്പെടുത്തി വെളിപ്പെടുത്തലുമായി നടി

Janayugom Webdesk
കോഴിക്കോട്
August 28, 2024 8:57 pm

രാത്രി ഒരു മണിക്ക് ഒരു നടൻ വാതിലിൽ മുട്ടിയെന്നും താൻ പരാതിപ്പെട്ടപ്പോൾ ‘ചൈന ടൗൺ’ സിനിമാ സെറ്റിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി നടി ശിവാനി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തിയ നടന്മാർ വാതിലിൽ മുട്ടുന്ന സംഭവം സിനിമാരംഗത്ത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പരസ്യമായി പ്രതികരിച്ച ശേഷം നടൻ സിനിമ ഇടപെട്ട് മുടക്കാൻ ശ്രമിച്ചെന്നും അഡ്വാൻസ് തുക ലഭിച്ച ശേഷം പോലും നിരവധി പടങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇപ്പോൾ ആരോപിക്കപ്പെട്ടവരിൽ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ല. വാതിലിൽ മുട്ടിയശേഷം ഓടിപ്പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. രാത്രി പന്ത്രണ്ടു മണിക്കും ഒരു മണിക്കുമൊക്കെയാണ് ഇതു ചെയ്യുന്നത്. അന്നു മുറിയിൽ കൂടെ അമ്മയും ഉണ്ടായിരുന്നു. ആളെ കണ്ടുപിടിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഒരു തവണ അമ്മ അതു നേരിൽകണ്ടു. അങ്ങനെ സംവിധായകനോടും നിർമ്മാതാവിനോടും പറഞ്ഞെന്നും നടി പറഞ്ഞു. 

പകൽസമയത്ത് ഭയങ്കര സൗഹൃദത്തോടെ പെരുമാറുന്നയാളാണ് ഇതു ചെയ്തത്. നല്ല രീതിയിലാണു പെരുമാറിയിരുന്നത്. എന്നാൽ രാത്രിയാകുമ്പോൾ അയാൾക്കു മറ്റേ ബാധ കയറുകയാണെന്നു തോന്നുന്നു. വാതിലിൽ മുട്ടി ഓടുകയാണു ചെയ്യുന്നത്. ഇതിനുശേഷം കുറേക്കാലത്തേക്കു സിനിമയൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി.
ഒന്നരക്കൊല്ലത്തിനുശേഷം ‘ചൈനാ ടൗൺ’ സിനിമയ്ക്കു വേണ്ടി വിളിച്ചു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. താനും അമ്മയും ഹൈദരാബാദിൽ വിമാനമിറങ്ങുമ്പോൾ അവിടെയും ഇതേ നടനുണ്ട്. വൈരാഗ്യം സൂക്ഷിക്കുന്ന ശീലമില്ലാത്തതുകൊണ്ട് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തു. അദ്ദേഹം ഇങ്ങോട്ട് ചിരിക്കുകയുമെല്ലാം ചെയ്തു. സിനിമയുടെയും ഷൂട്ടിന്റെയും കാര്യമെല്ലാം പറഞ്ഞിരുന്നു.
ആദ്യദിവസം തന്നെ ഷൂട്ട് ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, അവിടെ എത്തി ആദ്യത്തെ ദിവസം ഷൂട്ടില്ലെന്നു പറഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസവും അമ്മയും താനും വെറുതെ മുറിയിൽ ഇരുന്നു. നാലാമത്തെ ദിവസം ഷൂട്ടുണ്ടെന്നു പറയുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആയിരുന്നു. താനും ആ നടനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു അദ്ദേഹം ചോദിച്ചു. ആ നടൻ സെറ്റിലേക്കു നിരന്തരം വിളിക്കുന്നുണ്ട്. താൻ അഭിനയിക്കുന്നതു തടയണമെന്നും ഇല്ലെങ്കിൽ തിരുവനന്തപുരത്ത് തിയേറ്ററിൽ സിനിമ വരുമ്പോൾ കൂവുമെന്നും ഈ നടൻ ഭീഷണിപ്പെടുത്തിയത്രെ. അദ്ദേഹത്തിന്റെ സമ്മർദത്തിലാണു മൂന്നു ദിവസം ഷൂട്ടിങ് വൈകിയത്. അന്നു മോഹൻലാലിന്റെ നിർബന്ധത്തിലാണ് തന്നെ ആ സിനിമയിൽ അഭിനയിപ്പിച്ചതെന്നും ശിവാനി വെളിപ്പെടുത്തി. ഒരു പെൺകുട്ടിയാണെന്നും ഇവിടെ വിളിച്ചുവരുത്തി തിരിച്ചയച്ചാൽ അവർക്കതു നാണക്കേടാകുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, സംഭവം നടന്നു പതിനഞ്ചും ഇരുപതും വർഷം കഴിഞ്ഞ് ഒരാളെ പേരെടുത്തു പറയുമ്പോൾ പ്രശ്നമുണ്ടെന്നും അവർ പറഞ്ഞു. അന്നത്തെ അയാളുടെ മാനസികാവസ്ഥയാകില്ല ഇന്നുള്ളത്. കുട്ടികളും പേരക്കുട്ടികളും കുടുംബവുമൊക്കെയുണ്ടാകും. അവരെയൊക്കെ ഇതു ബാധിക്കും. അതുകൊണ്ട് ആരെയും പേരെടുത്തു പറയാൻ താല്പര്യപ്പെടുന്നില്ല. ഇപ്പോഴും സജീവമായി ഉള്ളയാൾ തന്നെയാണ് അയാൾ. അദ്ദേഹം ഇടപെട്ട് വേറെയും ചിത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, മലയാളം മാത്രമല്ല നമുക്കുള്ളത്. താൻ വ്യക്തിവൈരാഗ്യം കൊണ്ടു നടക്കാറില്ലെന്നും നടി പറഞ്ഞു. ഇപ്പോൾ ധൈര്യം ലഭിച്ചിരുന്നതുകൊണ്ടാകാം ഒരുപാടുപേർ തുറന്നുപറയുന്നതെന്നും അവർ പറഞ്ഞു. എന്നാൽ, വേട്ടക്കാരുടെ എല്ലാവരുടെയും രീതി ഒരുപോലെയാണ്. അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിൽ ഒരുപാട് പെൺകുട്ടികൾ രക്ഷപ്പെടുമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.