28 September 2024, Saturday
KSFE Galaxy Chits Banner 2

പന്തളത്ത് ചെന്നപ്പോള്‍ ചൂട്ടുംകെട്ടിപ്പട!

ദേവിക
വാതിൽപ്പഴുതിലൂടെ
September 3, 2024 4:45 am

ഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഒരു വിദ്വാന്റെ കുറിപ്പുകണ്ടു. സമയം രാത്രി പത്തരമണി. ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിനെ നോക്കി ശബ്ദം താഴ്ത്തി ഭാര്യ പറഞ്ഞു. പിള്ളേരൊക്കെ ഉറങ്ങി. അതിന് ഞാനെന്തുവേണമെന്ന് ഭര്‍ത്താവ്. അതിനല്ല മനുഷ്യാ, നമുക്ക് ന്യൂസ് ചാനലുകള്‍ ഒന്നുകാണാം. ശരിയാണ്, കുടുംബസമേതം കാണാന്‍ കൊള്ളാത്തതായി നമ്മുടെ ടി വി ചാനലുകള്‍. സര്‍വത്ര ലൈംഗിക കഥകള്‍. മദനകാമ കേളികളുടെ വാങ്മയ ചിത്രങ്ങള്‍. ബംഗാളി നടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ട സംവിധായകന്‍ സുന്ദരന്‍ പയ്യനെ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയെന്ന് ഒരു വാര്‍ത്ത. ആ സംവിധായകന് ലൈംഗികശേഷിയില്ലെന്ന് തനിക്ക് അനുഭവമുണ്ടെന്ന് മറ്റൊരു നടി. 85വയസായ പ്രമുഖ സംവിധായകന്‍ തന്നെ വളച്ചെടുക്കാന്‍ ശ്രമിച്ചെന്ന് വേറൊരു നടി. ‘മുതുകാള പശുവിനെ മെനക്കെടുത്താന്‍ ശ്രമിക്കുന്നതുപോലെ‘യേയുള്ളു എന്നതിനാല്‍ താന്‍ വഴങ്ങിയില്ലെന്നും അതേ സുന്ദരി മറ്റൊരു ചാനലില്‍. തന്നെ 27പേര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് വേറൊരു ചാനലിലൂടെ ഒരു നടിയുടെ വെളിപ്പെടുത്തല്‍. നടിയെ കിട്ടാത്തതിനാല്‍ ആളില്ലാനേരത്ത് നടിയുടെ അമ്മയെ കയറിപ്പിടിച്ച നടന്‍ ചൂലുകൊണ്ടടിയും വാങ്ങി മടങ്ങിയെന്ന് പിന്നെയൊരു ചാനല്‍. വിഡ്ഢിപ്പെട്ടി തുറന്നാല്‍ നമ്മളെയാകെ വിഡ്ഢികളാക്കുന്ന വാര്‍ത്തകള്‍. ചാനലുകളില്‍ മറ്റൊരു വാര്‍ത്തയുമില്ല. ചക്കക്കൊമ്പന്‍ മുറിവാലനെ കുത്തിക്കൊന്ന വാര്‍ത്ത വന്നിട്ടും ചാനലുകള്‍ക്ക് പഴയപടി ഒരു കൊണ്ടാട്ടവുമില്ല. 

ദേശീയ വാര്‍ത്തകളറിയാന്‍ രാജ്യത്തെ ഇംഗ്ലീഷ് ചാനലുകളൊക്കെ പരതി. അവിടെയും തഥൈവ. കേരളം സിനിമാ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വഴികാട്ടിയാവുന്നുവെന്ന് റിപ്പബ്ലിക് ടിവി. കേരളത്തെ വിഴുങ്ങി സിനിമാ ലൈംഗികാപവാദങ്ങള്‍ എന്ന് ഇന്ത്യാ ടുഡേ ടിവി. പന്‍ഡോറയുടെ ലൈംഗിക പെട്ടകം തുറന്ന് മലയാള സിനിമാ ലോകമെന്ന് എന്‍ഡി ടിവി. മലയാള സിനിമ ലൈംഗിക കുറ്റവാളികളുടെ കണ്ണാടിയെന്ന് മിറര്‍ ടിവി. സാമ്പത്തിക കാര്യങ്ങള്‍ അറിയാന്‍ ഇക്കണോമിക്സ് ടൈംസിന്റെ ചാനല്‍ തുറന്നാല്‍ ലൈംഗികാപവാദങ്ങളില്‍ ആടിയുലയുന്ന മലയാള സിനിമയില്‍ കുറ്റവാളികളായ നടന്മാരുടെ സിനിമകള്‍ കാണാനാളില്ല. മലയാള സിനിമ സാമ്പത്തിക തകര്‍ച്ചയില്‍ എന്ന് ലൈംഗികതയുടെ സാമ്പത്തികവശം വെളിപ്പെടുത്തല്‍. തമിഴോ, തെലുങ്കോ, കന്നടയോ, ഹിന്ദിയോ, ഒറിയയോ ചാനലുകള്‍ നോക്കാം. ഭാഷയറിയില്ലെങ്കിലും അവിടെ രഞ്ജിത്, മുകേഷ്, സിദ്ദിഖ്, മണിയന്‍പിള്ള രാജു, ജയസൂര്യ, കോണ്‍ഗ്രസ് വക്കീല്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ മിന്നിമറയുന്നതില്‍ നിന്നും സംഗതി വായിച്ചെടുക്കാം. ഇതര ഭാഷാ ചാനലുകളും സിനിമയിലെ ലൈംഗിക മാമാങ്കങ്ങള്‍ ദിനേന കൊണ്ടാടുന്നു. 

വിദേശമാധ്യമങ്ങള്‍ നോക്കിയാലോ. ബിബിസി തിരിച്ചുവച്ചു. സെക്സ് സ്കാംസ് എന്‍ഗള്‍ഫ് ഗോഡ്സ് ഓണ്‍ കണ്‍ട്രി-പോരേ പൂരം. യുഎസ് ചാനലുകളിലേക്ക് നോക്കിയാലോ. അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ലൈംഗികാപവാദം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് എതിരാളിയായ കമലാ ഹാരിസിനെപ്പറ്റി പറയുന്നു. പെന്‍സില്‍ വാനിയാ ഗവര്‍ണറുമായി നടത്തിയ ലൈംഗിക വേഴ്ചയെത്തുടര്‍ന്നാണ് കമലാ ഹാരിസിന് രാഷ്ട്രീയ ഉന്നതിയുണ്ടായതെന്ന്. പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ ചൂട്ടും കെട്ടി പട. അങ്ങനെ ഇത്തിരിവട്ടം മാത്രമുള്ള സ്വകാര്യ ലൈംഗിക വിഷയം ആഗോളവിഷയമായി ഊതിപ്പടരുന്ന നാണംകെട്ട കാലം.
എന്തേ മലയാള സിനിമ ഇങ്ങനെ. മഹാനടന്മാരായ സത്യനും പ്രേംനസീറും മധുവുമെല്ലാം പതിറ്റാണ്ടുകള്‍ അരങ്ങുവാണിരുന്ന മലയാള സിനിമയില്‍ അവരെക്കുറിച്ചൊന്നും ഇത്തരം നാറുന്ന കഥകള്‍ കേട്ടിട്ടില്ലല്ലോ. 35വര്‍ഷത്തിലേറെ നമ്മെ പുതിയൊരു സിനിമാ ദൃശ്യസംസ്കാരത്തിലേക്ക് കൈപിടിച്ചു നടത്തിയ നടനായിരുന്ന നിത്യഹരിത നായകനായിരുന്ന പ്രേംനസീര്‍, അറുന്നൂറില്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച ആദ്യ ലോക റെക്കോഡുകാരന്‍. ഒരേ നായികയുമൊത്ത് നൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ഒപ്പം അഭിനയിച്ചത് 85 നായികമാര്‍. അവരാരും നസീറിനെതിരെ ഒരു അപശബ്ദം പോലും പുറപ്പെടുവിച്ചിട്ടില്ല. സെറ്റുകളില്‍ പാചകക്കാരന്‍, നായികാ നടിമാര്‍ മുതല്‍ എല്ലാപേരോടും പിതൃതുല്യനെപ്പോലെ പെരുമാറിയ, സിനിമാരംഗം സംശുദ്ധമായിരിക്കണമെന്ന് ശാഠ്യമുള്ള പ്രേംനസീര്‍ ഒരിക്കല്‍ പറഞ്ഞു ‘പോണം മിസ്റ്റര്‍, സിനിമ ഞങ്ങളുടെ അന്നമാണ്. സിനിമാരംഗം മാലിന്യവല്‍ക്കരിക്കപ്പെട്ടാല്‍ ഞങ്ങളുമില്ല. ഞങ്ങളുടെ അന്നം മുട്ടുകയും ചെയ്യും.’ ഇന്നെത്ര നടന്മാര്‍ ഇങ്ങനെയുണ്ട്. മഹാനടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും പോലും മാലിന്യങ്ങളെ കമ്പിളിപ്പുതപ്പുകൊണ്ട് മൂടിവയ്ക്കുന്നു. എന്തൊരു ദുരന്തമാണ്. 

നമ്മുടെ ചാനല്‍ വീരന്മാര്‍ എത്രമാത്രം അപ്പാവികളാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു ചാനല്‍ പ്രവര്‍ത്തകന്റെ കൂമ്പിനിട്ടിടിച്ചപ്പോള്‍ മറ്റുള്ളവര്‍ ഒഴിഞ്ഞുമാറുന്ന ദൃശ്യം കണ്ട് ദുഃഖം തോന്നുന്നു. മൈക്കിന്റെ തണ്ടുകൊണ്ട് തിരിച്ച് തലങ്ങും വിലങ്ങും തല്ലിയാല്‍ തീരുന്ന പ്രശ്നമേയുള്ളു. കേസ് പറഞ്ഞാല്‍ ആത്മരക്ഷാര്‍ത്ഥം എന്ന വകുപ്പ് ചുമത്തി രക്ഷപ്പെടാവുന്നതേയുള്ളു. എന്തായാലും കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിക്ക് എന്തോ കാര്യമായ മാനസിക രോഗം ബാധിച്ചുവോ എന്ന സംശയമുണ്ട്. ഉറക്കമുണര്‍ന്ന് പത്രം വായിച്ചുകൊണ്ടിരിക്കുന്ന നവവരനായ മകനോട് അമ്മ ചോദിച്ചു ‘കല്യാണം കഴിച്ചിട്ട് ഒരാഴ്ചയായില്ലേ. ജോലിക്ക് പോകേണ്ടേ.’ മണവാളന്‍ മകന്‍ ഉടന്‍ തിരിച്ചടിച്ചു ‘അമ്മേ ഞാനിപ്പോള്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. മണിയറയിലായിരിക്കുമ്പോള്‍ വാതില്‍പ്പഴുതിലൂടെ ചോദിക്കേണ്ട ചോദ്യം ഉമ്മറത്തിരിക്കുമ്പോഴല്ല ചോദിക്കേണ്ടത്.’ അതുപോലെയാണ് കേന്ദ്ര മന്ത്രിസഭയിലെ പെട്രോള്‍ പമ്പുകാരന്‍ ഗോപിയും. വിമാനയാത്ര സുഖമായിരുന്നോന്നു ചോദിച്ചാല്‍ അത് നിങ്ങള്‍ ആകാശത്തുവന്ന് ചോദിക്കൂ പ്ലീസ്. ഇതെല്ലാം കേള്‍ക്കുമ്പോഴാണ് ഗോപിക്ക് അരപ്പിരിയിളകിയിരിക്കുന്നുവെന്ന് സംശയമുണ്ടാകുന്നത്. 

അനങ്ങാപ്രതിമകള്‍ക്ക് എന്ത് രാഷ്ട്രീയം എന്നു ചോദിച്ചാല്‍ ഉണ്ട് എന്നുതന്നെയാണ് ഉത്തരം. മോഡിയുടെയും ബിജെപിയുടെയും സഹസ്ര കോടികളുടെ അഴിമതിയുടെ രാഷ്ട്രീയം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 3,643കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ഛത്രപതി ശിവജിയുടെ പ്രതിമ കാറ്റില്‍ നിലംപതിച്ചു തരിപ്പണമായി. നിര്‍മ്മാതാക്കള്‍ ബിജെപിക്കാരന്റെ കമ്പനി. ഉദ്ഘാടനം എട്ടു മാസം മുമ്പ് നിര്‍വഹിച്ചത് സാക്ഷാല്‍ മോഡി. അറസ്റ്റ് ചെയ്തത് ഭദ്രമായ അടിത്തറ നിര്‍മ്മിച്ചയാളെ. തകര്‍ന്നടിഞ്ഞ പ്രതിമയ്ക്കുള്ളില്‍ വയ്ക്കോലും മണലും. കമ്പികള്‍ക്കു പകരം പ്ലാസ്റ്റിക്കും ചൂരല്‍ക്കമ്പുകളും ചെലവ് സഹസ്രകോടികള്‍. ആകെ രണ്ടോ മൂന്നോ ലക്ഷത്തിന് നിര്‍മ്മിക്കാവുന്ന പാവസമാനമായ ഛത്രപതി ശിവജി. നര്‍മ്മദാ സരോവരത്ത് 182അടി ഉയര‍ത്തില്‍ പണിത സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് ചെലവ് 2,969കോടി. ഏതു നിമിഷവും ഈ പ്രതിമ നിലംപൊത്തിയേക്കാമെന്നാണ് വിദഗ്ധരുടെ പക്ഷം. പ്രതിമയിലേക്കുള്ള റോഡുകള്‍ തകര്‍ന്നു നാമാവശേഷമായി. പട്ടേലിന്റെ പതനവും വൈകാനിടയില്ല. ബിഹാറില്‍ മൂന്നു മാസത്തിനുള്ളില്‍ തകര്‍ന്നുവീണത് 40,000 കോടിയിലേറെ ചെലവഴിച്ച് നിര്‍മ്മിച്ച 17പാലങ്ങള്‍. പാലവും പ്രതിമയും അഴിമതിക്കുള്ള പുതിയ കണ്ടുപിടിത്തമായ കാലം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.