ഹിൻഡൻബർഗ് ആരോപണത്തിന് പിന്നാലെ വീണ്ടും പ്രതിസന്ധി നേരിട്ട് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) മേധാവി മാധബി പുരി ബുച്ച്. സെബിയില്‍ മാധബി ബുച്ചിന് കീഴില്‍ ശ്വാസം മുട്ടിക്കുന്ന ജോലി സാഹചര്യമാണെന്ന് കാണിച്ച് ഒരു വിഭാഗം ജീവനക്കാര്‍ ധനമന്ത്രാലയത്തിന് കത്തുനല്‍കി. ജീവനക്കാരുടെ യോഗങ്ങളില്‍ പരസ്യമായി അധിക്ഷേപിക്കുന്നതടക്കം പതിവാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാധബി പുരി ബുച്ച് സാമ്പത്തിക ക്രമക്കേട് അടക്കം നിരവധി ആരോപണങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴാണ് ജീവനക്കാരില്‍ നിന്നുള്ള പരാതിയും ഉയര്‍ന്നിരിക്കുന്നത്. അഡാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ പക്ഷപാതം, ഐസിഐസിഐ ബാങ്കില്‍ നിന്ന് വഴിവിട്ട് ആനുകൂല്യം സ്വീകരിച്ചു എന്നിവ അടുത്ത കാലത്ത് വിവാദ വിഷയങ്ങളായി മാറിയിരുന്നു. കഴിഞ്ഞദിവസം സീ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്ര മാധബിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചും രംഗത്തെത്തി. ആക്രോശിക്കുക, ശകാരിക്കുക, പരസ്യമായി അപമാനിക്കുന്നു, യാഥാർത്ഥ്യ ബോധമില്ലാത്ത ടാർഗറ്റ് നൽകുന്നു, ജീവനക്കാരുടെ ചലനങ്ങള്‍ ഓരോ മിനിറ്റിലും നിരീക്ഷിക്കുന്നു, മാനസികാരോഗ്യം തകര്‍ക്കുന്നു, പരസ്പര അവിശ്വാസം വളര്‍ത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ജീവനക്കാരുടെ കത്തിലുണ്ട്.
രണ്ടു മൂന്നു വര്‍ഷമായി സ്ഥാപനത്തിനുള്ളില്‍ ഭയപ്പാടിന്റെ അന്തരീക്ഷം വളര്‍ന്നു. ഉയർന്ന പദവി വഹിക്കുന്നവർ പോലും ഭയം കാരണം തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കാൻ തയ്യാറാകുന്നില്ല. മാനേജ്‌മെന്റിന് നല്‍കിയ പരാതിയില്‍ ഒരു പ്രതികരണവും ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് ധനമന്ത്രാലയത്തിന് കത്തെഴുതിയതെന്നും ജീവനക്കാര്‍ വിശദീകരിച്ചു. അതേസമയം ജീവനക്കാര്‍ ഉന്നയിച്ച പരാതികള്‍ ഇതിനകം പരിഹരിച്ചതാണ് എന്നാണ് സെബിയില്‍ നിന്ന് വരുന്ന വിശദീകരണം.
ജീവനക്കാരോട് മോശമായി പെരുമാറുന്നുവെന്ന് ചെയര്‍പേഴ്‌സണെതിരെ കൂട്ടപ്പരാതി ഉണ്ടാകുന്നത് സെബിയുടെ ചരിത്രത്തില്‍ ആദ്യമാണ്. അസിസ്റ്റന്റ് മാനേജര്‍ മുതല്‍ മേലോട്ട് എ‑ഗ്രേഡ് തസ്തികയില്‍ 1,000ഓളം ഓഫിസര്‍മാരാണ് സെബിയില്‍ ഉള്ളത്. ഇതില്‍ പകുതിയോളം പേര്‍ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. മികച്ച തൊഴില്‍ സാഹചര്യം നിലനിന്ന സ്ഥാപനമാണ് സെബിയെന്നും പരാതിയില്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് ആറിന് അയച്ച കത്തില്‍ ധനമന്ത്രാലയം ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.