19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 12, 2024
September 10, 2024
September 10, 2024
September 9, 2024
September 4, 2024
September 2, 2024
September 1, 2024
August 30, 2024
August 30, 2024

കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; ‘ഉമ്മാച്ചു’ നാടകം അരങ്ങിൽ

Janayugom Webdesk
കോഴിക്കോട്
September 10, 2024 8:22 pm

കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മലയാള നാടകവേദിയുടെ ഗതി നിർണയിച്ച കലാ പ്രസ്ഥാനം കെപിഎസിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രപഥങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന കെപിഎസിയുടെ വാർഷികത്തോടൊപ്പം തോപ്പിൽഭാസി എന്ന അതുല്യ നാടക പ്രതിഭയുടെ ജൻമശതാബ്ദി ആഘോഷത്തിനും വടകര ടൗൺഹാൾ വേദിയായി. കെപിഎസിയുടെ അറുപത്തി ഏഴാമത് നാടകമായ ഉറൂബിന്റെ ‘ഉമ്മാച്ചു‘വിന്റെ അരങ്ങേറ്റവും ചടങ്ങിന്റെ ഭാഗമായി നടന്നു. 

‘ഉമ്മാച്ചു’ നാടകത്തിന്റെ പ്രദർശനോദ്ഘാടനം സി പി ഐ സംസ്ഥാന സെക്രട്ടറിയും കെ പി എ സി പ്രസിഡന്റുമായ ബിനോയ് വിശ്വം നിർവ്വഹിച്ചു. കല കലയ്ക്കു വേണ്ടിയല്ല മനുഷ്യന് വേണ്ടിയാണെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകാൻ കലാപ്രസ്ഥാനങ്ങൾക്ക് കഴിയുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പുത്തൻ കാലത്തെ ചോദ്യങ്ങൾക്ക് പുത്തൻ ഉത്തരങ്ങൾ വേണം. അത് കണ്ടെത്താൻ കഴിയുന്ന പക്ഷമാണ് ഇടതുപക്ഷം. അത് കണ്ടെത്തുന്ന പ്രസ്ഥാനമാണ് കെ പി എ സി. മനുഷ്യനെ കലയിലേക്ക് ആവാഹിച്ചുകൊണ്ടാണ് കെ പി എ സി മുന്നേറിയത്. ഫാസിസം പിടിമുറുക്കിയപ്പോൾ മാർക്ലിം ഗോർക്കി ചോദിച്ചത് സാഹിത്യകാരൻമാരെ നിങ്ങൾ എത് പക്ഷത്താണ് എന്നാണ്. തുടർന്ന് ലോകമെങ്ങും ഫസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ സംജാതമായി. ഫാസിസത്തിനെതിരെ ലോകമെങ്ങും മുന്നേറ്റങ്ങളുണ്ടായി. അതിന്റെ തുടർച്ചയായാണ് കെ പി എ സി യുടെ പിറവി. തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി വർഷമാണിത്. നാടകത്തിന്റെ എല്ലാമായിരുന്നു തോപ്പിൽ ഭാസി. അദ്ദേഹത്തെ കേരളമാകെ നിറഞ്ഞ സ്നേഹത്തോടെ എന്നും ഓർക്കും. അക്കാലത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെ തുറന്നു കാണിച്ച രചനയായിരുന്നു ഉമ്മാച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ചടങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശൻ, കെ പി എ സി സെക്രട്ടറി അഡ്വ. എ ഷാജഹാന് നൽകി നിർവ്വഹിച്ചു. സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ടി പി ഗോപാലൻ മാസ്റ്റർ, പുറന്തോടത്ത് സുകുമാരൻ, അഡ്വ. സി വിനോദ്, ടി വി ബാലകൃഷ്ണൻ, ബാബു പറമ്പത്ത്, ടി എൻ കെ ശശീന്ദ്രൻ, ഉമ്മാച്ചുവിന്റെ നാടകാവിഷ്ക്കാരം നിർവഹിച്ച സുരേഷ് ബാബു ശ്രീസ്ഥ, സംവിധായകൻ മനോജ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ എൻ എം ബിജു സ്വാഗതവും കെ സുജിത്ത് നന്ദിയും പറഞ്ഞു. 

പരിപാടിയുടെ ഭാഗമായി ‘കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനവും കെപിഎസിയും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജന്മിയെ കമ്മ്യൂണിസ്റ്റാക്കിയ മാന്ത്രിക വിദ്യയായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിഎന്ന നാടകമെന്ന് എം മുകുന്ദൻ പറഞ്ഞു. കലയും സാഹിത്യവും എങ്ങിനെ നാടിനെ ഇളക്കിമറിക്കാനാവുമെന്ന് കെപിഎസി കാണിച്ചു കൊടുത്തു. കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ല. റോഡിലെ മാലിന്യം മാത്രം നീക്കിയാൽ പോര. മനസ്സുകളിലെ മാലിന്യം കൂടി നീക്കണം. കെ പി എസി പോലുള്ള നാടക പ്രസ്ഥാനങ്ങൾക്ക് ഇതിന് കഴിയുന്നുണ്ടെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബൈജു ചന്ദ്രൻ, ഇ പി രാജഗോപാൽ, സജയ് കെ വി എന്നിവർ സംസാരിച്ചു. ഡോ. പി കെ സബിത്ത് സ്വാഗതവും കെ പി രമേശൻ നന്ദിയും പറഞ്ഞു. 

തുടർന്ന് മുതിർന്ന നാടക പ്രവർത്തകരെ വേദിയിൽ ആദരിച്ചു. ഗായകൻ വി ടി മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ടി കെ വിജയരാഘവൻ അധ്യക്ഷനായി. തോപ്പിൽ ഭാസിയുടെ മകൾ മാല തോപ്പിൽ മുഖ്യാതിഥിയായി. ഇ വി വത്സൻ, ഗിരിജ കായലാട്ട്, അജിത നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. തയ്യുള്ളതിൽ രാജൻ സ്വാഗതവും സി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. തോപ്പിൽ ഭാസി അനുസ്മരണ പരിപാടി ചലച്ചിത്ര സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തോപ്പിൽ ഭാസിയുടെ മകൻ സുരേഷ് തോപ്പിൽ, കെ പി എ സി സെക്രട്ടറി അഡ്വ. എ ഷാജഹാൻ എന്നിവർ സംസാരിച്ചു. സോമൻ മുതുവന സ്വാഗതവും എം മിനി നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.