12 January 2026, Monday

Related news

January 10, 2026
January 6, 2026
January 2, 2026
December 31, 2025
December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 5, 2025

ഗാസയിലെ സുരക്ഷിത മേഖലയില്‍ മിസെെലാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഗാസ സിറ്റി
September 10, 2024 10:33 pm

ഗാസയിലെ സുരക്ഷിത മേഖലകള്‍ കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നു. ഗാസയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ താമസിച്ചിരുന്ന ഖാന്‍ യൂനിസിലെ ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ മിസെെലാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അൽ-മവാസി മേഖലയിലെ 20 ടെന്റുകള്‍ തകര്‍ന്നതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ചോളം റോക്കറ്റുകള്‍ ടെന്റുകള്‍ക്ക് മേലെ പതിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 

ഇസ്രയേൽ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന പ്രദേശമാണ് അൽ- മവാസി. ആഭ്യന്തര പലായനത്തിന് നിർബന്ധിതരായവരിൽ അധികവും അഭയം പ്രാപിച്ചിരുന്നതും ഈ മേഖലയിലാണ്. മിസൈൽ ആക്രമണത്തിൽ ഏകദേശം 30 അടി ആഴത്തിലുള്ള ഗർത്തങ്ങൾ ഈ മേഖലയിൽ രൂപപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഖാൻ യൂനിസിലെ സുരക്ഷിത മേഖലയ്ക്കുള്ളിൽ മുതിര്‍ന്ന ഹമാസ് നേതാക്കൾ ഉൾപ്പെടുന്ന കമാൻഡ് കേന്ദ്രം പ്രവർത്തിക്കുന്നതായാണ് ഇസ്രയേൽ വാദിക്കുന്നത്. കൃത്യമായ ആയുധങ്ങളും വ്യോമനിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനില്‍ സാധാരണ ജനങ്ങള്‍ക്ക് അപകടം പറ്റാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും സെെന്യം അവകാശപ്പെട്ടു.
അതേസമയം, ഇസ്രയേലിന്റെ ആരോപണത്തെ ഹമാസ് തള്ളി. നീചമായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ വേണ്ടിയുള്ള നുണയാണിത്. തങ്ങളുടെ ഏതെങ്കിലും അംഗങ്ങൾ സിവിലിയൻ മേഖലകളിൽ ഉണ്ടെന്നും സൈ­നിക ആവശ്യങ്ങൾക്കായി ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള ഇസ്രയേല്‍ വാദം പലതവണ നിഷേധിച്ചതാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. 

അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കാനിരിക്കുകയാണ്. കൂടാതെ വെടിനിർത്തൽ കരാറിന് തടസം നിൽക്കുന്നതായി ആരോപിച്ച് ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കനത്ത പ്രതിഷേധവും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണങ്ങൾ കടുപ്പിക്കുന്നത്.
ഓരോ ദിവസം കഴിയുന്തോറും സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശത്തിന്റെ വിസ്തൃതി കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഗാസയുടെ മൊത്തം വിസ്തൃതിയുടെ 63 ശതമാനവും സുരക്ഷിത മേഖലകളായിരുന്നു. ഖാന്‍ യൂനിസില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് പ്രദേശത്തെ ഇത് 140 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. മൊത്തം വിസ്തൃതിയുടെ 38.3 ശതമാനമാണിത്. കാര്‍ഷിക വാണിജ്യ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
സുരക്ഷിതമായ ഇടമെന്ന് ഇസ്രയേല്‍ സെെന്യം പ്രഖ്യാപിച്ച ഗാസയിലെ അതിര്‍ത്തി നഗരമായിരുന്നു റാഫ. പ്രദേശത്തെ 79 ചതുരശ്ര കിലോമീറ്റര്‍ വരുന്ന സുരക്ഷിത മേഖലയാണ് ഇസ്രയേല്‍ അധിനിവേശത്തില്‍ വാസയോഗ്യമല്ലാതായത്. ഓഗസ്റ്റ് പകുതിയോടെ ഗാസയിലെ മാനുഷിക മേഖല വെറും 35 ശതമാനമായി ചുരുങ്ങി. അതായത് മൊത്തം വിസ്തൃതിയുടെ 9.5 ശതമാനം മാത്രമാണ് നിലവില്‍ ഗാസയിലെ സുരക്ഷിത മേഖല. 

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.