5 March 2026, Thursday

Related news

March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026

ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി: സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് യാദവും പാര്‍ട്ടി വിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2024 10:49 am

ഹരിയാനയില്‍ നിയമസഭാതെര‍‍ഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ, ബിജെപിക്ക് മറ്റൊരു തിരിച്ചടിയായി, സംസ്ഥാനവൈസ് പ്രസിഡന്റ് സന്തോഷ് യാദവ് പാര്‍ട്ടി വിട്ടു.സംഘടനയോട് വിശ്വസ്ത പുലര്‍ത്തുന്നവരേക്കാള്‍ സംഘടനയ്ക്കാട് ഒരിക്കലും പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ആരോപിച്ചായിരുന്നു ബിജെപിയില്‍ നിന്നും പുറത്തു പോയത്.ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി പ്രഖ്യാപിച്ച രണ്ട് സ്ഥാനാർത്ഥി പട്ടികയിലും ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ്‌ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സന്തോഷ് യാദവിന്റെ രാജി.

അറ്റെലി നിയമസഭാ സീറ്റിൽ നിന്ന്‌ മത്സരിക്കാൻ സന്തോഷ്‌ യാദവ് ആഗ്രഹിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്ങിന്റെ മകൾ ആരതി സിംങ് റാവുവിനാണ്‌ ബിജെപി ഈ സീറ്റ്‌ അനുവദിച്ചത്‌.പാർടിയോടുള്ള തന്റെ അർപ്പണബോധംഅചഞ്ചലമാണെന്നും എല്ലാ സാഹചര്യങ്ങളിലും താൻ അതിന്റെ തത്വങ്ങളും നയങ്ങളും പാലിച്ചിട്ടുണ്ടെന്നും ഹരിയാന ബിജെപി അധ്യക്ഷന് അയച്ച കത്തിൽ യാദവ്‌ പറഞ്ഞു.പക്ഷേ,പാർടിക്ക്‌ വേണ്ടി താഴേത്തട്ടിൽ പോരാടുകയും, അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും, പാർടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകുകയും ചെയ്തവരെ ബിജെപി അവഗണിക്കുകയാണെന്നും യാദവ്‌ പറഞ്ഞു.

പാർടിയ്‌ക്കോ അവരുടെ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്കോ വേണ്ടി പ്രവർത്തിക്കാത്ത ആളുകൾക്ക് സീറ്റ്‌ നൽകിയത്‌ ദൗർഭാഗ്യകരമാണെന്നും, ഇത് പാർടി പ്രവർത്തകർക്കിടയിൽ നിരാശയും അതൃപ്തിയും പടർത്തുന്നുവെന്നും സന്തോഷ് യാദവ്‌ പറഞ്ഞു.ഹരിയാനയിലെ ബിജെപിയുടെ വൈസ് പ്രസിഡന്റ്‌ ജി എൽ ശർമയും 250 ലധികം പ്രവർത്തകരും ഞായറാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. സെപ്തംബറിൽ പാർടിയിൽ ചേർന്ന ജനനായക് ജനതാ പാർടി വിമതനായ രാം കുമാർ ഗൗതമിനെ സഫിഡോൺ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ പാർടി തീരുമാനിച്ചതിനെത്തുടർന്ന് ഹരിയാന മുൻ മന്ത്രി ബച്ചൻ സിംഗ് ആര്യ ശനിയാഴ്ച ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.

ഊർജ്ജ മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാല, സാമൂഹ്യനീതി സഹമന്ത്രി (സ്വതന്ത്ര ചുമതല) ബിഷംബർ സിംഗ് വാൽമീകി,എംഎൽഎ ലക്ഷ്മൺ നാപ എന്നിവർക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ആര്യയുടെ രാജി. പ്രധാന ഒബിസി നേതാവ് കരൺ ദേവ് കംബോജും ഇതേ കാരണത്താൽ ബിജെപിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചിരുന്നു.

രഞ്ജിത് സിംഗ് ചൗട്ടാലയുടെ രാജി ഹരിയാനയിൽ ബിജെപിയെ തളർത്താനുള്ള സാധ്യത കൂടുതലാണ്‌. ബിജെപിക്ക് ഇനി വിശ്വസ്തരായ അണികളെ ആവശ്യമില്ലെന്നും വർഷങ്ങളോളം കൂടെ നിന്നവരെ അവഗണിച്ചുകൊണ്ട് അടുത്തിടെ പാർടിയിൽ ചേർന്ന നേതാക്കൾക്കാണ്‌ ബിജെപി മുൻതൂക്കം നൽകുന്നതെന്നും ഇവർക്ക്‌ പാർടി പ്രതിഫലം നൽകുന്നുണ്ടെന്നും കരൺ ദേവ് കംബോജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.