19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024
September 5, 2024
September 3, 2024
September 3, 2024
September 3, 2024
August 29, 2024

ഓണപ്രതീക്ഷയിൽ വയനാടൻ വിനോദസഞ്ചാര മേഖല

Janayugom Webdesk
മാനന്തവാടി
September 13, 2024 1:32 pm

ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞ വയനാടിനു ഓണ സീസണിലെ വിനോദസഞ്ചാരം സഹായമാകുമെന്നു പ്രതീക്ഷ. 2313 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വയനാടിനു ഒരു പഞ്ചായത്തിലെ മൂന്നുവാർഡുകളെ മാത്രം ബാധിച്ച ഉരുൾപൊട്ടൽ ദുരന്തം വലിയ തിരിച്ചടിയുണ്ടാക്കി. വയനാട് ആകെ ദുരന്തത്തിൽ ഇല്ലാതായെന്ന തെറ്റിദ്ധാരണയിൽ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. ഈ അവസ്ഥക്ക് ഇപ്പോൾ മാറ്റമുണ്ടായി തുടങ്ങിയിട്ടുണ്ട്.

ഓണസീസണിൽ പ്രതീക്ഷയർപ്പിച്ച് ഉണരുകയാണ് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. മാനന്തവാടി പഴശ്ശിപാർക്ക്, പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവയോൺസ്, പുൽപ്പള്ളി മാവിലാംതോട് പഴശ്ശിസ്മാരകം, കാർലാട്, പൂക്കോട് തടാകങ്ങൾ, എടക്കൽ ഗുഹ, കുറുവാദ്വീപ്, ചീങ്ങേരി മല, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, കാന്തൻപാറ വെള്ളച്ചാട്ടം, സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ എന്നിവയാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) കീഴിലുള്ള ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ. ഇവയിൽ ചീങ്ങേരി മലകയറ്റവും, കാന്തൻ പാറ വെള്ളച്ചാട്ടവും ഒഴികെ എല്ലായിടത്തും പ്രവേശനമുണ്ട്. എടയ്ക്കൽ ഗുഹയിൽ നിശ്ചിത ടിക്കറ്റ് നൽകിക്കഴിഞ്ഞാൽ പ്രവേശനം നിർത്തിവെക്കും.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നത് വയനാടൻ ടൂറിസത്തിനു കല്ലുകടിയാണ്. തോല്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള സഫാരിയാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന ആകർഷണം. സൂചിപ്പാറ വെള്ളച്ചാട്ടം, ബാണസുര മീൻമുട്ടി വെള്ളച്ചാട്ടം, തലപ്പുഴ മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി ട്രക്കിങ്, വെള്ളമുണ്ട ചിറപ്പുല്ല് ട്രക്കിങ്, മക്കിയാട് മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര മലകയറ്റം എന്നിവയാണ് മറ്റു പ്രധാന കേന്ദ്രങ്ങൾ. 

കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടും ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിട്ടും ഏഴുമാസമായി. കഴിഞ്ഞ ഫെബ്രുവരിയിൽ കർണാടക വനത്തിൽ നിന്നെത്തിയ ‘ബേലൂർ മഖ്‌ന’ രണ്ടുപേരെ കൊന്നതാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിനു കാരണമായത്. ഈ ആനയെ കർണാടക വനത്തിലേക്ക് തുരത്തിയെങ്കിലും ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ ഒന്നുമായില്ല. ദുരന്ത പശ്ചാത്തലത്തിൽ കൂടുതൽ വിനോദസഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപ്പെടലുകൾ ഉണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി മനു മത്തായി പറഞ്ഞു.

അതേസമയം വയനാടുമായി അതിരിടുന്ന കർണാടകയിലെ നാഗർഹോള ടൈഗർ റിസർവിലൂടെയുള്ള സഫാരിക്കായി വയനാട്ടിലൂടെ നിരവധിപേർ കടന്നു പോകുന്നുണ്ട്. ഹൈക്കോടതി വിധിയെത്തുടർന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാരിന്റെ ഇടപെൽ വേണമെന്ന ആവശ്യമുയരുന്നുണ്ട്.
ജില്ലയിലെ ഏക ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗറിലേക്കും സഞ്ചാരികൾ എത്തി തുടങ്ങിയിട്ടുണ്ട്,
മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് എന്ന പ്രത്യേകതയും ബാണാസുരസാഗറിനുണ്ട്. കബനിയുടെ കൈവഴിയായ കാരാപ്പുഴയിൽ നിർമിച്ച കാരാപ്പുഴ അണക്കെട്ട് നിർമാണം കൊണ്ടു തന്നെ ശ്രദ്ധേയമാണ്.
കഴിഞ്ഞ മാസങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള കേന്ദ്രങ്ങളിൽ അവയൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കാംപയിൻ തുടങ്ങിയതു മുതൽ വലിയ മാറ്റമുണ്ടാവുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.