30 September 2024, Monday
KSFE Galaxy Chits Banner 2

നെല്ലി വളര്‍ത്താം പലതാണ് കാര്യം

Janayugom Webdesk
September 14, 2024 2:44 pm

നെല്ലി വിളവെടുക്കുന്ന കാലമാണിത്. ഏകദേശം 18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇലപൊഴിക്കുന്ന മരമാണ് നെല്ലി. യുഫോർബിയേസ്യേ’ എന്ന കുടുംബത്തിൽപ്പെട്ടതാണ്, നെല്ലി തന്നെ കൃഷി ചെയ്യുകയാണെങ്കിൽ ഏക്കറിന് 300 മരങ്ങൾ വരെ നടാവുന്നതാണ്. സാധാരണ തൈകൾ എട്ടാം വർഷത്തിലും ഗ്രാഫ്റ്റ് തൈകൾ നാലാം വർഷത്തിലും കായ്ച്ചുതുടങ്ങും.

കൃഷി രീതി

നല്ല നീർവാഴ്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് കൃഷി ചെയ്യുവാൻ ഏറ്റവും യോജിച്ചത്. കാലവർഷാരംഭമായ മേയ് — ജൂൺ മാസങ്ങളാണ് തൈകൾ നടുന്നതിന് അനുയോജ്യം. ഒന്നരയടി ചതുരത്തിലും ആഴത്തിലും കുഴികൾ എടുത്ത് അതിൽ ചാണകപ്പൊടിയോ ജൈവവളമോ നിറച്ച് കുഴിമൂടുക. ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത നേഴ്സറികളിൽ നിന്നോ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങി ഇതിൽ നടുക. കുഴികൾ തമ്മിൽ ഏകദേശം മൂന്നു മീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം. വേനൽക്കാലത്ത് ആഴ്ചയിൽ ഒരിക്കലെങ്കിലും ജലസേചനവും വർഷത്തിൽ രണ്ടു തവണയെങ്കിലും ജൈവ വളപ്രയോഗവും നടത്തണം. ശരിയായ രീതിയിൽ പരിചരിക്കുകയാണെങ്കിൽ മൂന്നാം വർഷം തൊട്ട് കായ്ച്ചുതുടങ്ങും.

വിളവെടുപ്പ്

സാധാരണയായി നവംബർ — ഡിസംബർ മാസങ്ങളിലാണ് കായ്കൾ വിളഞ്ഞുതുടങ്ങുന്നത്. വിളഞ്ഞ കായ്കൾക്ക് പച്ച കലർന്ന ഇളം മഞ്ഞ നിറമാണ്. നെല്ലിക്ക പറിച്ചെടുക്കുമ്പോൾ ശിഖരങ്ങൾ ഒടിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ശിഖരങ്ങൾ ഒടിഞ്ഞുപോയാൽ അടുത്ത വർഷത്തെ വിളവിനെ സാരമായി ബാധിക്കാറുണ്ട്. നെല്ലിക്ക പറിച്ചെടുക്കുമ്പോൾ നിലത്ത് വീണ് ചതഞ്ഞുപോകാതിരിക്കുവാൻ ശ്രമിക്കേണ്ടതാണ്.

ഔഷധഗുണങ്ങളും ഉപയോഗങ്ങളും

ധാരാളം പെക്റ്റിൻ, വിറ്റാമിൻ സി, ബി-കോംപ്ലക്സ്, കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗൈനിക് അമ്ലം, ടാനിക് അമ്ലം, റെസിൻ, പഞ്ചസാര, അന്നജം, പ്രോട്ടീൻ, ആൽബുമിൻ, സെല്ലുലോസ് ഇവയും അടങ്ങിയിട്ടുണ്ട്. വാത, പിത്ത, കഫ രോഗങ്ങൾ ശമിപ്പിക്കുന്നു. രക്തദുഷ്ടി, രക്തപിത്തം, ജ്വരം, പ്രമേഹം, മുടികൊഴിച്ചിൽ ഇവ ശമിപ്പിക്കുന്നു. കണ്ണിനു കുളിർമ്മയും കാഴ്ചശക്തിയും വർധിപ്പിക്കുന്നു. നാഡികൾക്ക് ബലവും രുചിയും ദഹനശക്തിയും വർധിപ്പിക്കുന്നു. ച്യവനപ്രാശം, ദശമൂലാരിഷ്ടം, അശോകാരിഷ്ടം, ഭൃംഗരാജ തൈലം, ബ്രഹ്മിഘൃതം എന്നിവയിലെല്ലാം പ്രധാന ചേരുവ നെല്ലിക്കയാണ്. നേത്ര രോഗങ്ങൾ, മലബന്ധം, പ്രമേഹം, മൂത്രതടസം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് നെല്ലിക്ക ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു. നെല്ലിക്കയുടെ കുരു കളഞ്ഞ് നീരും, തേനും, മഞ്ഞൾപ്പൊടിയും ചേർത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തിനു വളരെ നല്ലതാണ്. പച്ച നെല്ലിക്ക കഴിച്ചാൽ ബുദ്ധിശക്തി വർധിക്കും. വായ്പ്പുണ്ണിന് പച്ച നെല്ലിക്ക അരച്ച് പച്ച മോരിൽ കലക്കി കുടിക്കുക. കുട്ടികൾക്ക് രോഗപ്രതിരോധ ശേഷിയുണ്ടാകുന്നതിന് നെല്ലിക്ക അരിഷ്ടം കൊടുത്താൽ മതി. പ്രധാനമായും ഔഷധകൂട്ടുകളിൽ പച്ചനെല്ലിക്കയാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേര്, തൊലി ഇവയും ഉപയോഗിച്ചുവരുന്നു. നിത്യ യൗവനം പ്രധാനം ചെയ്യും എന്നു കരുതപ്പെടുന്ന ച്യവനപ്രാശത്തിലെ പ്രധാന ഘടകം നെല്ലിക്കയാണ്.
നിത്യ ജീവിതത്തിൽ ഔഷധ നിർമ്മാണത്തിനുപുറമേ അടുക്കളയിലും വളരെയധികം ഉപയോഗിച്ചുവരുന്നു. നെല്ലിക്ക ഉപ്പിലിട്ടത്, നെല്ലിക്ക അച്ചാർ, നെല്ലിക്ക ജ്യൂസ്, നെല്ലിക്ക സ്ക്വാഷ്, നെല്ലിക്ക ജാം തുടങ്ങി നെല്ലിക്ക ഉപയോഗിച്ചുള്ള ധാരാളം ഉല്പന്നങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കാം. നെല്ലിപ്പലകയ്ക്ക് കലങ്ങിയ വെള്ളം തെളിയിക്കാനുള്ള ശക്തി ഉള്ളതിനാൽ കിണറുകളുടേയും മറ്റും അടിയിൽ പാകിയുറപ്പിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.