23 November 2024, Saturday
KSFE Galaxy Chits Banner 2

സൗമ്യം, ദീപ്തം, കുലീനം

ജി ബാബുരാജ്
(റീജിയണല്‍ എഡിറ്റര്‍, ജനയുഗം, കൊച്ചി)
September 16, 2024 11:32 pm

ത്രപ്രവര്‍ത്തന മേഖലയുടെ സകല മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയായിരുന്നു പി എസ് രശ്മി എന്ന് വിശേഷിപ്പിക്കണം എന്നാണ് ഈ കുറിപ്പെഴുതാനിരുന്നപ്പോള്‍ ആദ്യം മനസില്‍ തോന്നിയത്. എന്നാല്‍ കേവലം മുപ്പതുകളുടെ മധ്യാഹ്നം മാത്രം പിന്നിട്ട ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇങ്ങനെയൊരു വിശേഷണം നടത്തുന്നതിലെ അനൗചിത്യം മൂലം ആ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. എന്നാല്‍ ഒരു കാര്യമുറപ്പാണ്, തനിക്കു വഴങ്ങാത്ത മേഖലയിലെ ഒരു ദൗത്യമാണെങ്കില്‍ പോലും ഏറ്റെടുത്താല്‍ പ്രഗത്ഭരെ വെല്ലുന്ന ചാതുരിയോടെ നിറവേറ്റുന്ന പത്രപ്രവര്‍ത്തകയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ പി എസ് രശ്മി.
പലരും പല വഴികളിലൂടെ സഞ്ചരിച്ചാണ് പത്രപ്രവര്‍ത്തനരംഗത്ത് എത്താറുള്ളത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഏതെങ്കിലുമൊരു തൊഴില്‍ കാത്തിരിക്കുമ്പോഴാവും ചിലര്‍ക്ക് പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിക്കേണ്ടിവരുക. മറ്റൊരു കൂട്ടര്‍ പഠനകാലത്തു തന്നെ ഈ തൊഴില്‍ തപം ചെയ്തു കഴിയുന്നവരായിരിക്കും. അവര്‍ക്ക് ഇത് ഒരു ഉപാസനയായിരിക്കും. ഇതില്‍ ഏതു വിഭാഗത്തില്‍ രശ്മിയെ ഉള്‍പ്പെടുത്താമെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. രശ്മിക്ക് പത്രപ്രവര്‍ത്തനം തപസ്യയായിരുന്നു.
തിടനാട് ഗവ. വൊക്കേഷണല്‍ സ്കൂള്‍, ഈരാറ്റുപേട്ട എംജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിജയം നേടി അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ ബിഎ ഇക്കണോമിക്സിന് ചേര്‍ന്ന നാളില്‍ തന്നെ രശ്മിയില്‍ പത്രപ്രവര്‍ത്തകയാകണമെന്ന ആഗ്രഹം മൊട്ടിട്ടിരുന്നു. കോളജില്‍ അക്കാലത്ത് മാസ് കമ്മ്യൂണിക്കേഷനില്‍ ഒരു ഡിപ്ലോമ കോഴ്സ് പാര്‍ടൈം ആയി ആരംഭിച്ചപ്പോള്‍ അതില്‍ ആദ്യം ചേര്‍ന്ന വിദ്യാര്‍ത്ഥി രശ്മിയായിരുന്നു. ബിഎ ഒന്നാംക്ലാസില്‍ പാസായ ശേഷം ഉദ്യോഗത്തിനു ശ്രമിക്കണമെന്ന വീട്ടുകാരുടെ സ്നേഹപൂര്‍വമായ ഉപദേശങ്ങള്‍ അതിലേറെ സ്നേഹത്തോടെ രശ്മി നിരസിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാവും ദീര്‍ഘകാലം പഞ്ചായത്ത് മെമ്പറുമായിരുന്ന പിതാവ് പി എന്‍ സുകുമാരന്‍നായര്‍ക്ക് അതംഗീകരിക്കേണ്ടി വന്നു. ഏറെ വൈകാതെ അച്ഛന്റെയൊപ്പം മകള്‍ കോട്ടയത്ത് പോയി പ്രസ് ക്ലബില്‍ ജേണലിസം പിജി ‍ഡിപ്ലോമ കോഴ്സിനു ചേര്‍ന്നു.

പഠനം വിജയകരമായി പൂര്‍ത്തിയാക്കി ഒരു ദിവസം പോലും വീട്ടില്‍ നില്‍ക്കാതെയാണ് രശ്മി ജനയുഗം കൊച്ചി യൂണിറ്റില്‍ ട്രെയിനിയായി ചേരാന്‍ പിതാവിനൊപ്പം എത്തിയത്. രശ്മി കോഴ്സ് പൂര്‍ത്തിയാക്കിയതും ജനയുഗം പുനഃപ്രസിദ്ധീകരണം ആരംഭിച്ചതും ഒരേ വര്‍ഷമായിരുന്നുവെന്നത് യാദൃച്ഛികതയാവാം.
സ്പോര്‍ട്സ്, ആര്‍ട്സ്, ക്രൈം, കോടതി, രാഷ്ട്രീയം, കോര്‍പറേഷന്‍ കൗണ്‍സിലുകള്‍ എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ടിങ് ബീറ്റുകളാണ് അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന രശ്മിയെ മാറിമാറി ഏല്പിച്ചത്. കടുപ്പമേറിയ ജോലികളെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാമെങ്കിലും അസാമാന്യ വൈഭവത്തോടെയാണ് ആ മിടുക്കി ചുമതലകള്‍ നിര്‍വഹിച്ചത്. തുടക്കക്കാരിയെന്ന നിലയിലുള്ള ചില്ലറ പിശകുകളല്ലാതെ എഡിറ്റര്‍മാരെയോ വായനക്കാരെയോ അസ്വസ്ഥരാക്കുന്ന ‘കുഴപ്പ’ങ്ങളൊന്നും രശ്മിയുടെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നില്ല.
എല്ലാവരും ഇടതുവശത്തു നിന്ന് വലത്തേയ്ക്കാണ് എഴുതുന്നതെങ്കില്‍ രശ്മി എഴുതുന്നത് അടിയില്‍ നിന്ന് മുകളിലേക്കാണെന്ന് ആ കയ്യക്ഷരം കണ്ടിട്ടുള്ളവര്‍ തമാശ രൂപേണ പറയുമായിരുന്നു. ‘ഈ കയ്യക്ഷരം വച്ചാണ് അരുവിത്തുറ കോളജില്‍ നിന്ന് ഞാന്‍ ബിഎ വരെ ഫസ്റ്റ് ക്ലാസില്‍ ജയിച്ചതെന്ന്’ മറുപടി പറയുമ്പോള്‍ അക്ഷരത്തിന്റെ ഭംഗിയിലൊന്നും ഒരു കാര്യവുമില്ലെന്ന ഭാവമായിരിക്കും രശ്മിയുടെ മുഖത്തു തെളിയുക. മാസങ്ങള്‍ക്കകം പേപ്പറും പേനയും പോയി എഴുത്തെല്ലാം കമ്പ്യൂട്ടറിലേക്കു മാറിയപ്പോള്‍ രശ്മിക്കുണ്ടായ ആശ്വാസം ചില്ലറയല്ല.

”ആരുടെയും ആരുമാകാതെ, ആരുടെയും ഓര്‍മ്മകളില്‍ ഭാരം നിറയ്ക്കാതെ… ഭംഗിയില്‍ അവസാനിക്കുക”എന്ന് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് വാട്സ്ആപ്പ് ബയോ കുറിപ്പിട്ടപ്പോള്‍ രശ്മിയുടെ മനസില്‍ എന്തായിരുന്നിരിക്കാം. ഒന്നുമുണ്ടാവാന്‍ വഴിയില്ല. പക്ഷേ ആ വാക്കുകള്‍ അറം പറ്റിയതു പോലെയായി. ദീര്‍ഘകാലം പ്രവര്‍ത്തിച്ച കൊച്ചിയിലും പിന്നീട് നാലുവര്‍ഷത്തോളം ചെലവിട്ട തിരുവനന്തപുരത്തും രശ്മി ഒരുപാടുപേര്‍ക്ക് പ്രിയപ്പെട്ട സഹോദരിയായിരുന്നു. കുറെപ്പേര്‍ക്ക് രശ്മിചേച്ചിയും. അന്തസും കൂലീനതയും ആത്മാര്‍ത്ഥതയും ഒത്തിണങ്ങിയ പെണ്‍കുട്ടിയെന്നും അടയ്ക്കാക്കിളിയുടെ വിയോഗം കണ്ണ് നനയിക്കുന്നുവെന്നും മറ്റുമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ചിലരുടെ ഫേസ്ബുക്ക് കുറിപ്പുകളിലുണ്ട് ആ തീരാനൊമ്പരം.
ആത്മാര്‍ത്ഥത എന്നതിലുപരി ആത്മസമര്‍പ്പണവും രശ്മിയെ പത്രപ്രവര്‍ത്തനത്തില്‍ വ്യത്യസ്തയാക്കുന്നു. 17 വര്‍ഷം മുമ്പ് ട്രെയിനിയായി ജനയുഗത്തില്‍ ചേര്‍ന്ന നാളിലുണ്ടായിരുന്ന ജാഗ്രതയും ഉത്തരവാദിത്തവുമാണ് ഉത്രാടത്തലേന്ന് വീട്ടിലേക്ക് പോകും വരെയും രശ്മിക്കുണ്ടായിരുന്നത്. വീട്ടിലേക്ക് മടങ്ങാന്‍ വൈകിയാലും വാച്ചിലേക്കോ ക്ലോക്കിലേക്കോ ഒരു നിമിഷം പോലും നോക്കാതെയായിരുന്നു ആ പെണ്‍കുട്ടി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കിയിരുന്നത്. പരിശീലന കാലത്തു സിദ്ധിച്ച ഈ ശീലം ജീവിതാന്ത്യം വരെ പുലര്‍ത്തി എന്നതാണ് രശ്മിയുടെ ജീവിതത്തെ ധന്യമാക്കുന്നത്.
പത്രപ്രവര്‍ത്തക സംഘടനയുടെ പദവികളിലോ അവാര്‍ഡുകളുടെ തിളക്കത്തിലോ ശോഭിക്കാന്‍ രശ്മി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ബന്ധുക്കള്‍ക്കും പത്രപ്രവര്‍ത്തനരംഗത്തെ സുഹൃത്തുക്കള്‍ക്കുമിടയിലെ സ്നേഹസൗരഭ്യമായിരുന്നു രശ്മി. അതിനപ്പുറം, എക്കാലവും മനസില്‍ തങ്ങി നില്‍ക്കുന്ന ബാഷ്പകിരണവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.