മണിപ്പൂര്‍ വിഷയത്തില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മണിപ്പൂര്‍ കലാപം ഭീകരവാദമല്ലെന്നും വംശീയ സംഘര്‍ഷമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഡി സര്‍ക്കാരിന്റെ 100 ദിന പ്രവര്‍ത്തന നേട്ടം വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അമിത് ഷാ മാധ്യങ്ങളോട് ക്ഷുഭിതനായത്. ഒരുവര്‍ഷത്തിലധികമായി തുടരുന്ന കലാപം അടിച്ചമര്‍ത്തനോ സമാധനം സ്ഥാപിക്കാനോ കഴിയാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേട് സംബന്ധിച്ച ചോദ്യമാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. കലാപം അടിച്ചമര്‍ത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് നിങ്ങള്‍ക്ക് ചോദിക്കാം എന്നാല്‍ തര്‍ക്കിക്കാന്‍ വരേണ്ട എന്നായിരുന്ന മറുപടി.
മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദമല്ല മറിച്ച് വംശീയ കലാപമാണ്. അത് നിയന്ത്രിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കുക്കി- മെയ്തി വിഭാഗവുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 250ലേറെ പേരുടെ മരണത്തിനും ആയിരക്കണക്കിന് പേരുടെ പലയാനത്തിനും ഇടയാക്കിയ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടിനെയും അമിത് ഷാ ന്യായീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാധ്യമങ്ങളെ അറിയിച്ചാകും നടത്തുകയെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യ‑മ്യാൻമർ അതിർത്തിയിലെ വിടവുകളാണ് പ്രശ്നം. നുഴഞ്ഞുകയറ്റമാണ് പ്രശ്നങ്ങളുടെ പ്രധാന കാരണം. 1500 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയില്‍ വേലി കെട്ടാൻ തുടങ്ങിയിട്ടുണ്ട്. അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകള്‍ക്ക് രേഖകളില്ലാതെ 16 കിലോമീറ്റർ ദൂരത്തേക്ക് പരസ്പരം കടക്കാൻ അനുവദിക്കുന്ന ഇന്ത്യ‑മ്യാൻമർ ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്‌എംആർ) റദ്ദാക്കി. ഇപ്പോള്‍ വിസ ഉപയോഗിച്ച് മാത്രമേ ആളുകള്‍ക്ക് പരസ്പരം പ്രദേശത്തേക്ക് കടക്കാൻ കഴിയൂ. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കേന്ദ്ര റിസർവ് പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
വിവാദ വഖഫ് നിയമ ഭേദഗതി പാസാക്കുന്ന വിഷയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. ജെപിസി യോഗത്തിനുശേഷം വൈകാതെ ബില്‍ പാസാക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.