19 December 2024, Thursday
KSFE Galaxy Chits Banner 2

കായംകുളം എൻടിപിസിക്ക്‌ പുതുജീവൻ; ഇന്ധനം മെഥനോൾ

ഡാലിയ ജേക്കബ്
ആലപ്പുഴ
September 20, 2024 9:24 pm

മെഥനോൾ അധിഷ്ഠിത വൈദ്യുതോല്പാദനത്തിന് തുടക്കമിടാൻ കായംകുളം നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി). രാജ്യത്ത് ആദ്യമായി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡുമായി (ഭെൽ) ചേർന്നാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. എൻടിപിസിയും ഭെല്ലുമായുള്ള കരാറനുസരിച്ച് സാങ്കേതിക പിന്തുണ നൽകൽ, ഉപകരണങ്ങൾ ലഭ്യമാക്കൽ, കമ്മിഷനിങ് തുടങ്ങിയ ചുമതലകൾ ഭെല്ലിനാണ്. രണ്ടുഘട്ടമായാണ് പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ശ്രമിക്കുക. 12 മാസം ദൈർഘ്യമുള്ള ആദ്യഘട്ടത്തിൽ മെഷീന്റെ 30 മുതൽ 40 ശതമാനം ശേഷിയിലാണ് മെഥനോൾ ജ്വലിപ്പിക്കുന്നത്. ഇത് വിജയമാണെങ്കിൽ അടുത്ത ഘട്ടത്തിൽ പൂർണശേഷിയിൽ മെഥനോൾ ജ്വലിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും. 

ടാങ്ക്, തീപിടിത്ത സാധ്യത തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള സംവിധാനം, പൈപ്പിങ് തുടങ്ങിയവ ഭെല്ലിന്റെ ഹൈദരാബാദ് യൂണിറ്റുകൾ നൽകും. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പാരിസ്ഥിതിക വിഷാംശവും കുറഞ്ഞ വിലയും കാരണം പല വിദേശ രാജ്യങ്ങളും മെഥനോൾ ഉപയോഗിക്കുന്നുണ്ട്. 1998–99 കാലഘട്ടത്തിൽ കായംകുളം എൻടിപിസിയിൽ 115 മെഗാവാട്ട് വീതമുള്ള രണ്ട് ഗ്യാസ് ടർബൈനുകളും 120 മെഗാവാട്ടിന്റെ ഒരു സ്റ്റീം ടർബൈനും സ്ഥാപിച്ചത് ഭെൽ ആയിരുന്നു. നാഫ്ത, എൽഎൻജി എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉല്പാദനം ഇതിനകം എൻടിപിസിയിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ അതിനെല്ലാം ഉല്പാദനച്ചെലവ് കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്ലാന്റ് പ്രവർത്തനരഹിതമാണ്. 92 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു. എൻടിപിസിയുടെ കായംകുളം തെർമൽ പ്ലാന്റിന് 350 മെഗാവാട്ട് ഊർജം ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി 1998 ലാണ് ഇത് സ്ഥാപിച്ചത്. നാഫ്തയുടെ വിലക്കയറ്റവും ക്ഷാമവും ഉല്പാദനച്ചെലവ് വർധിപ്പിച്ചു. പിന്നീട് കൊച്ചിയിലെ പുതുവൈപ്പിൽ പ്ലാന്റ് ആരംഭിച്ചതോടെയാണ് കമ്പനി എൽഎൻജിയിലേക്ക് മാറിയത്. 

നവീകരണത്തിന് 33 കോടിയോളം രൂപ ചെലവഴിച്ചെങ്കിലും പുതുവൈപ്പിൽ നിന്ന് കായംകുളത്തേക്ക് എൽഎൻജി കൊണ്ടുപോകുന്നത് തടസമായി. നേരത്തെ കടലിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. മത്സ്യത്തൊഴിലാളി സമൂഹങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നുമുള്ള ചെറുത്തുനിൽപ്പ് ഈ ആശയം ഉപേക്ഷിക്കാൻ എൻടിപിസിയെ നിർബന്ധിതരാക്കി. പിന്നീട് ജങ്കാർ വഴിയോ റോഡ് വഴിയോ എൽഎൻജി എത്തിക്കാൻ തീരുമാനിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ, വൈദ്യുതി ഉല്പാദനച്ചെലവ് യൂണിറ്റിന് 14 രൂപയിലെത്തി. പിന്നീട് പ്ലാന്റിൽ നിന്നുള്ള വൈദ്യുതി സംഭരണം കെഎസ്ഇബി നിർത്തിവച്ചതോടെ കഴിഞ്ഞ എട്ടുവർഷമായി ഇത് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എന്നാൽ 1999ൽ യൂണിറ്റ് സ്ഥാപിക്കുന്ന സമയത്ത് സംസ്ഥാന സർക്കാരും എൻടിപിസിയും തമ്മിലുള്ള കരാർ പ്രകാരം പ്ലാന്റിന്റെ നടത്തിപ്പിനായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ച നിശ്ചിത ചെലവായി പ്രതിവർഷം 200 കോടി രൂപ സംസ്ഥാന സർക്കാർ എൻടിപിസിക്ക് അനുവദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.