20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 10, 2025
April 10, 2025
April 8, 2025
April 5, 2025
March 29, 2025
March 25, 2025
March 24, 2025
March 24, 2025
March 22, 2025

ഇത് നശീകരണ മാധ്യമപ്രവര്‍ത്തനം;വ്യാജവാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 21, 2024 12:38 pm

കേരളത്തില്‍ നടക്കുന്നത് നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദ നിര്‍മ്മാണ ശാലകളായി മാധ്യമങ്ങള്‍ മാറിയെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാർത്ത റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യാജ വാർത്തകൾക്ക്‌ മുന്നിൽ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന്‌ പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ ഉണ്ടായി.ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏതുവിധേനയും സംസ്ഥാന സർക്കാരിനെ അവഹേളിക്കുക എന്ന ലക്ഷ്യമാണ്‌ ഈ വാർത്തകൾക്ക്‌ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തെ തുടർന്ന്‌ മെമ്മോറാണ്ടം തയ്യാറാക്കുന്നത്‌ മന്ത്രിമാർ അല്ല, അതിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്‌ദരാണ്‌.

ഇങ്ങനെ വിദഗ്‌ദർ തയ്യാറാക്കിയ കണക്കുകളെയാണ്‌ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത്‌. മെമ്മോറാണ്ടത്തിലുള്ളത്‌ പെരുപ്പിച്ച കണക്കുകൾ അല്ല,പ്രതീക്ഷിത കണക്കുകൾ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിലവഴിക്കപ്പെട്ട കണക്കുകൾ വിശദീകരിച്ചായിരുന്നു വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ മറുപടി. ചാനലുകൾ തമ്മിലുള്ള മത്സരത്തിൽ അസത്യങ്ങളുടെ കുത്തൊഴുക്കാണ് മാധ്യമങ്ങളിലുണ്ടാവുന്നത്. വയനാട്ടിലുണ്ടായ ദുരന്തത്തിൽ നിന്ന് കേരളം കരകയറാൻ ശ്രമിക്കുമ്പോഴാണ് ചാനൽ റേറ്റിങ്ങിനായുള്ള മാധ്യമങ്ങളുടെ മത്സരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മെമ്മോറാണ്ടത്തിനെതിരെ മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ മുഖ്യമന്ത്രി ഉദ്ധരിക്കുകയുംചെയ്തു.‘ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ചതിന് 11 കോടി, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏഴ് കോടി,പാലത്തിന് അടിയിലെ കല്ല് നിരത്തിയതിന് ഒരു കോടി. മൃതദേഹം സംസ്കരിക്കാന്‍ 2.76 കോടി. എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ കണക്ക്.പിന്നീട് കൗണ്ടര്‍ പോയിന്റ്‌ എന്ന പരിപാടിയുടെ തലക്കെട്ട് കണക്കില്‍ കള്ളമോ?എന്നാണ്‌.

ഒരു ചാനല്‍ മാത്രം തുറന്നു വിട്ട തലക്കെട്ടുകളാണിത് മുഖ്യമന്ത്രി പറഞ്ഞു.വിഷയത്തിൽ മറ്റൊരു ചാനൽ നൽകിയ തലക്കെട്ടുകള്‍ ഇങ്ങനെയാണ്. സര്‍ക്കാരിന്റെ അമിത ചെലവ് കണക്ക് പുറത്ത്, വളണ്ടിയര്‍മാരുടെ ഗതാഗതം നാല്‌ കോടി, ഭക്ഷണ ചെലവ് പത്തു കോടി,ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്റര്‍ ഏഴ്‌ കോടി, ക്യാമ്പിലെ ഭക്ഷണം എട്ടു കോടി,ബെയ്ലി പാലം ഒരു കോടി. ഇങ്ങനെപോവുകയാണ് ഓരോ തലക്കെട്ടുകളും. ഇതിലെ ഓരോ വാചകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്‌. പെട്ടെന്ന് കേള്‍ക്കുന്ന ആരെയും ഞെട്ടിക്കുന്ന കണക്കുകളാണിതൊക്കെ മുഖ്യമന്ത്രി 

ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക വളണ്ടിയര്‍മാര്‍ക്ക് എന്നാണ് പ്രമുഖമായ ഒരു ചാനലിന്റെ കണ്ടെത്തല്‍.വയനാടിന്റെ പേരില്‍ കൊള്ള എന്ന് മറ്റൊരുകൂട്ടര്‍ വിധിയെഴുതി.ഓണത്തിന്റെ ദിവസങ്ങളിലാണ് ഇങ്ങനെ ഒരു സ്തോഭജനകമായ വാര്‍ത്തകൾ പ്രചരിക്കപ്പെട്ടത്.ഓണദിവസം അവധി ആയതിനാല്‍ പത്രങ്ങള്‍ക്ക് ചൂടോടെ അത് ഏറ്റെടുക്കാനായില്ല. എന്നാലും മുഖ്യധാരാ പത്രങ്ങള്‍ ഒട്ടും മോശമാക്കിയില്ല.

അടുത്ത ദിവസം ഇറങ്ങിയ ഒന്നാം പത്രത്തില്‍ കണക്കു പിഴ എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത വന്നു. കേന്ദ്രത്തിനു നല്‍കിയത് അവിശ്വസനീയ കണക്കുകള്‍ എന്ന ആക്ഷേപം എന്ന് കൂടി ചേര്‍ത്ത് വായനക്കാരില്‍ സംശയത്തിന്റെ പുകപടലം നിലനിര്‍ത്താനാണ് ആ പത്രം ശ്രമിച്ചത്. കണക്കുകള്‍ വിവാദമായത് സംസ്ഥാന സര്‍ക്കാരിന് മറ്റൊരു തലവേദന എന്ന് എഴുതി അവര്‍ ആശ്വാസം കണ്ടെത്തുകയും ചെയ്തു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.